ADVERTISEMENT

ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മാസം കടന്നു പോയിട്ടും, രണ്ടുതവണ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നിട്ടും സംസ്ഥാനത്ത് മരണനിരക്കില്‍ മാറ്റമില്ലാത്തത് ഏറെ ആശ്വാസകരം. സെപ്റ്റംബറിലാണ് കേരളത്തിൽ ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്–1,20,721 പേർക്ക്. ഒക്ടോബർ 11 വരെ 93,096 പേർക്കും രോഗം ബാധിച്ചു. എന്നാൽ കോവിഡ് മരണനിരക്ക് കേരളത്തില്‍ കുറയുകയാണ്. സെപ്റ്റംബർ 11ന് 0.4% ആയിരുന്നു കേരളത്തിന്റെ കോവിഡ് മരണനിരക്ക്, ഒരു മാസത്തിനപ്പുറം ഒക്ടോബർ 11ന് രോഗികൾ കൂടിയിട്ടും അത് 0.35ൽ എത്തി നിൽക്കുന്നു. ഇക്കഴിഞ്ഞ ഒരു മാസത്തിനിടെ മരണനിരക്കിൽ കുറവ് രേഖപ്പെടുത്തിയത് കേരളം ഉൾപ്പെടെ 18 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മാത്രമാണ്. ഇന്ത്യയിലെ മരണനിരക്കിൽ ഒരു മാസത്തിനിടെ 0.12 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി (ഗ്രാഫ് 1 കാണുക)

ഔദ്യോഗികമായി കേരളത്തിലെ കോവിഡ് മരണം 1003–ലെത്തിയെങ്കിലും അനൗദ്യോഗികമായി അത് 1741നും 1750നും ഇടയിലാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. ആകെ ബാധിതരിൽ 85 പേരുടെ മരണം പല കാരണങ്ങൾ കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നു സർക്കാർതന്നെ സമ്മതിക്കുന്നുമുണ്ട്. ഇതുവരെയുള്ള ആകെ രോഗികളായ 2,89,202 പേരിൽ 1750 പേർ മരിച്ചെന്നു കണക്കാക്കിയാലും കേരളത്തിന്റെ മരണനിരക്ക് 0.61 ആയിരിക്കും. അപ്പോഴും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മരണനിരക്ക് കുറഞ്ഞവയിൽ മുൻനിരയിൽ കേരളമുണ്ട്. തമിഴ്‌നാട്ടിലും കർണാടകയിലും യഥാക്രമം 1.56, 1.42 ശതമാനമാണ് മരണനിരക്ക്. ആന്ധ്രയിൽ 0.83ഉം. എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇക്കഴിഞ്ഞ ഒരു മാസത്തിനിടെ മരണനിരക്ക് കുറഞ്ഞതും ആശ്വാസകരമാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് സെപ്റ്റംബറിലാണ്–448 പേർ. ഒക്ടോബറിൽ മരണസംഖ്യ വർധിക്കുമെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. സെപ്റ്റംബറിൽ ആദ്യത്തെ 11 ദിവസം 116 പേർ മരിച്ചപ്പോൾ ഒക്ടോബറിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 261 ആയെന്നതാണ് ആശങ്കപ്പെടുത്തുന്നത്.

ഏറ്റവും കൂടുതൽ കോവിഡ് മരണം തിരുവനന്തപുരത്താണ്–308 പേർ. രണ്ടാം സ്ഥാനത്ത് മലപ്പുറമാണ്– 100. മരണം രണ്ടക്കം കടക്കാത്ത 3 ജില്ലകളുണ്ട്– പത്തനംതിട്ട (6), ഇടുക്കി (5), വയനാട് (5).

ഏറ്റവും ഉയർന്ന മരണനിരക്ക് തിരുവനന്തപുരത്താണ് –0.68%. രണ്ടാം സ്ഥാനത്ത് കാസർകോടും – 0.43%. ജൂലൈ 31നു ശേഷമാണ് കേരളത്തിലെ കോവിഡ് മരണങ്ങൾ പതിയെ വർധിക്കാൻ തുടങ്ങിയത്. അന്നത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകൾ ഒഴികെ ബാക്കി എല്ലായിടത്തും മരണനിരക്ക് വർധിച്ചു. ആലപ്പുഴയിൽ മാറ്റമില്ലാതെ (0.29%) തുടരുന്നു.

കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തയതിൽ ഏറ്റവും കൂടിയ മരണനിരക്ക് മേയിലായിരുന്നു– 1.04%. പിന്നീട് ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബറിലും–0.87%. ഒക്ടോബർ 11 വരെ 0.28% ആണ് കോവിഡ് മരണനിരക്ക്. സെപ്റ്റംബറിൽ ആദ്യത്തെ 11 ദിവസം 116 പേരാണു മരിച്ചത്. എന്നാൽ ഒക്ടോബറിൽ ആദ്യത്തെ 11 ദിവസം മരണസംഖ്യ 261 ആയി. നിലവിലെ സാഹചര്യം തുടർന്നാൽ മരണനിരക്ക് ഈ മാസം സെപ്റ്റംബറിനേക്കാൾ കൂടുതലായിരിക്കുമെന്നു ചുരുക്കം. 

സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരിൽ 71 ശതമാനവും 60 വയസ്സിനു മുകളിലുള്ളവരാണെന്നതും ആശങ്ക വർധിപ്പിക്കുന്നു. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വയോജനങ്ങളുടെ എണ്ണം കൂടുതലാണ്. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനവും കേരളമാണ്. അതിനാൽത്തന്നെ വയോജനങ്ങൾക്ക് റിവേ‌ഴ്സ് ക്വാറന്റീൻ ഉൾപ്പെടെ നടപ്പാക്കി വിട്ടിലിരുത്തിയാണ് ആദ്യ ഘട്ടത്തിൽ മരണ സംഖ്യ കുറച്ചത്. എന്നാൽ ലോക്‌ഡൗൺ ഇളവുകൾക്കപ്പുറം ജനം പുറത്തിറങ്ങിത്തുടങ്ങിയതോടെ വയോജനങ്ങളുടെ മരണവും വർധിക്കുകയായിരുന്നു. ഉദാഹരണത്തിന് ജൂലൈ 27 വരെ കേരളത്തിൽ 60 വയസ്സിനു മുകളിലുള്ള 44 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. രണ്ടരമാസത്തിനിപ്പുറം അത് 740 ആയി ഉയർന്നു– 16.5 ഇരട്ടി വർധന! 18–40, 41–59 വയസ്സിനിടയിലുള്ളവരിലും 15 ഇരട്ടിക്ക് അടുത്തുണ്ട് വർധന. 

കേരളത്തിൽ ഓഗസ്റ്റ് 15 വരെ രോഗികളുടെ മരണക്കണക്കിനൊപ്പം മറ്റു രോഗങ്ങൾ ഉണ്ടായിരുന്നോയെന്നും വ്യക്തമാക്കിയിരുന്നു. ഈ ഡേറ്റ നൽകുന്നത് നിർത്തിയെങ്കിലും ആരോഗ്യ പ്രവർത്തകർ ശേഖരിച്ച കണക്ക് പ്രകാരം ആകെയുള്ള 1741 മരണങ്ങളിൽ (അനൗദ്യോഗികം ഉൾപ്പെടെ) 696 പേർക്ക് മറ്റു രോഗങ്ങളുണ്ടായിരുന്നെന്നു വ്യക്തമായിട്ടുണ്ട്. ശേഷിച്ച 1045 പേരിൽ പലർക്കും മറ്റു രോഗങ്ങളുണ്ടായിരുന്നോയെന്നു രേഖപ്പെടുത്താതിരുന്നതും ഡേറ്റയിലെ അവ്യക്തതയ്ക്കു കാരണമാകുന്നുണ്ട്. എന്തുകൊണ്ടാണ് മറ്റു രോഗങ്ങളുടെ വിവരം ഒഴിവാക്കിയതെന്നു ചോദിച്ചാൽ പക്ഷേ ആരോഗ്യവകുപ്പിന് മറുപടിയില്ല.

കേരളത്തിൽ സമ്പർക്കം വഴിയുള്ള കോവിഡ് മരണങ്ങളിലും വൻ വർധനവാണു രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ മരണങ്ങളിൽ 84 ശതമാനവും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. 13% കേരളത്തിനു പുറത്തുനിന്ന് രോഗം ബാധിച്ചെത്തിയവരാണ്. 3 ശതമാനത്തിന്റെ ഉറവിടം വ്യക്തമല്ല. 

സെപ്റ്റംബർ രണ്ടാം വാരം കേരളത്തിലെ മരണസംഖ്യ 500ൽ താഴെ നിൽക്കുമ്പോഴാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ സംസ്ഥാനത്തെ മരണനിരക്ക് വർധിക്കാനിടയുണ്ടെന്ന വിവരം പുറത്തുവിടുന്നത്. ലോക്‌ഡൗൺ ഇളവുകൾ വ്യാപകമായ സാഹചര്യത്തിലായിരുന്നു അത്. കരുതിയതു പോലെ ഒരു മാസത്തിനകം മരണം 500 കൂടി കടന്ന് 1003ൽ എത്തിയിരിക്കുന്നു.

സംസ്ഥാനത്ത് കോവിഡ് രോഗികൾക്കായുള്ള ഐസിയുകളും വെന്റിലേറ്ററുകളും ഏകദേശം നിറഞ്ഞ സാഹചര്യമണ് നിലവിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകൾ. പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നുമില്ല. ഈ സാഹചര്യത്തിൽ, വരും നാളുകളിൽ കോവിഡ് മരണം സംബന്ധിച്ച് വൻവെല്ലുവിളിയാണ് സർക്കാരിനെ കാത്തിരിക്കുന്നതെന്നത് ഉറപ്പ്.

English Summary: Kerala's Covid19 death crosses 1000, still state's death rate is low

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com