ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളിൽ ഇന്ത്യ പുതിയ പാലങ്ങൾ തുറന്നതിൽ പ്രകോപിതരായി ചൈന. പാക്കിസ്ഥാനും ചൈനയുമായും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലേക്ക് ഏതു കാലാവസ്ഥയിലും അതിവേഗം എത്തിച്ചേരാൻ സൈന്യത്തെ സഹായിക്കുന്ന പാലങ്ങൾ കഴിഞ്ഞദിവസമാണു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തത്.

അതിർത്തിയിൽ ഇന്ത്യ നടത്തുന്ന അടിസ്ഥാന സൗകര്യവികസനമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിനു മൂലകാരണമെന്നാണു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറയുന്നത്. സമവായം ആത്മാർഥമായി നടപ്പാക്കണം. സാഹചര്യം വഷളാക്കിയേക്കാവുന്ന നടപടികളിൽനിന്നു വിട്ടുനിൽക്കണമെന്ന് ഇന്ത്യയോട് അഭ്യർഥിക്കുകയാണ്. അതിർത്തിയിൽ സമാധാനം നിലനിർത്താൻ ഇന്ത്യ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഷാവോ പറഞ്ഞു.

പുതിയ 44 പാലങ്ങളിൽ എട്ടെണ്ണം ചൈനയുമായി സംഘർഷമുള്ള ലഡാക്ക് പ്രവിശ്യയിലാണ്. എട്ടു പാലങ്ങൾ അരുണാചൽ പ്രദേശിലുമുണ്ട്. സൈനികർ, പീരങ്കികൾ, ടാങ്കുകൾ, മിസൈലുകൾ എന്നിവ അതിർത്തിയിലേക്ക് എളുപ്പത്തിൽ എത്തിക്കാൻ പാലങ്ങൾ സഹായിക്കുമെന്നു മുതിർന്ന സൈനിക, നയതന്ത്ര ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. കിഴക്കൻ അതിർത്തിയിൽ 74 തന്ത്രപരമായ റോഡുകളാണു പൂർത്തിയാക്കിയത്. അടുത്ത വർഷത്തോടെ 20 എണ്ണം കൂടി പൂർത്തിയാക്കാനും പദ്ധതിയുണ്ട്. ഇങ്ങനെ അതിർത്തിയിൽ ഇന്ത്യ മേൽക്കൈ നേടുന്നതാണു ചൈനയെ അസ്വസ്ഥമാക്കുന്നത്.

കരുത്തുറ്റ ടാങ്കുകൾ പായും പാലം

സേനയുടെ ഭാഗമായ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബി‌ആർ‌ഒ) നിർമിച്ച പാലങ്ങൾ ഇന്ത്യയിലെ ഏറ്റവും ഭാരം കൂടിയ യുദ്ധ ടാങ്കുകളുടെ സഞ്ചാരത്തിനു പറ്റിയ തരത്തിലാണു രൂപകൽപന ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച തുറന്ന 44 പാലങ്ങളിൽ 30 എണ്ണം ലഡാക്കിൽനിന്ന് അരുണാചൽ പ്രദേശിലേക്കുള്ള യഥാർഥ നിയന്ത്രണ രേഖയിലേക്കുള്ള പാതയിലാണ് എന്നതു ശ്രദ്ധേയം. ഇവ ക്ലാസ് 70 പാലങ്ങൾ എന്നാണു സാങ്കേതികമായി അറിയപ്പെടുന്നത്. അതായത്, 70 ടൺ വാഹനങ്ങളുടെ ഭാരം വഹിക്കാൻ ഈ പാലങ്ങൾക്കു കഴിയുമെന്ന് അർഥം.

ഇന്ത്യയുടെ ഭാരം കൂടിയ യുദ്ധ ടാങ്ക് അർജുനാണ്. ഏകദേശം 60 ടൺ ഭാരമാണുള്ളത്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി, യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് പിന്നോട്ടുപോകാൻ വിസമ്മതിച്ചതിനു പിന്നാലെ കിഴക്കൻ ലഡാക്കിൽ ഇന്ത്യ വിന്യസിച്ച ടി-90 ഭീഷ്മ ടാങ്കുകൾക്ക് 45 ടൺ ഭാരമുണ്ട്. പുതിയ പാലങ്ങൾ സൈനികരുടെയും കരുത്തുറ്റ ആയുധങ്ങളുടെയും വേഗവിന്യാസത്തിനു വഴിയൊരുക്കും. നേരത്തേ ബിആർഒയുടെ വാർഷിക ലക്ഷ്യം ഇരട്ടിയാക്കിയാക്കിയ സർക്കാർ 102 പാലങ്ങൾ നിർമിക്കാനാണു തീരുമാനിച്ചിരിക്കുന്നത്.

അതിർത്തികളിൽ തർക്കങ്ങൾ സൃഷ്ടിക്കുന്നതിനു പാക്കിസ്ഥാനും ചൈനയും ‘ദൗത്യത്തിൽ’ ഏർപ്പെട്ടിരിക്കുന്നതായി പാലങ്ങളുടെ ഓൺലൈൻ ഉദ്ഘാടനത്തിൽ രാജ്‌നാഥ് സിങ് പറഞ്ഞു. ലഡാക്ക്, ജമ്മു കശ്മീർ, അരുണാചൽ പ്രദേശ്, സിക്കിം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളിലാണു പാലങ്ങൾ. പാക്കിസ്ഥാനും ചൈനയുമായി ഇന്ത്യയ്ക്ക് 7000 കിലോമീറ്റർ അതിർത്തിയുണ്ട്. തന്ത്രപരമായ ആവശ്യങ്ങൾക്കു മാത്രമല്ല സാധാരണക്കാരുടെ ഗതാഗതത്തിനും പുതിയ പാലങ്ങൾ ഗുണപ്പെടുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

English Summary: BRO rushes to build 48 bridges that can shoulder T-90 main battle tanks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com