ജനങ്ങളെ ശ്രദ്ധിക്കുന്നില്ല; ജനുവരിക്കു മുൻപ് ഇമ്രാൻ സർക്കാർ താഴെ വീഴും: മറിയം നവാസ്
Mail This Article
ഇസ്‍ലാമാബാദ്∙ ജനുവരിക്കു മുൻപ് ഇമ്രാൻ ഖാൻ സർക്കാർ താഴെ വീഴുമെന്നു പ്രതിപക്ഷ പാർട്ടിയായ പാക്കിസ്ഥാനി മുസ്‍ലിം ലീഗ് (നവാസ്)– പിഎംഎൽഎൻ– വൈസ് പ്രസിഡന്റ് മറിയം നവാസ്. ഇതൊരു സർക്കാരാണെന്നു തിരിച്ചറിയാൻ തനിക്കു സാധിക്കുന്നില്ല, സർക്കാർ എന്ന വിശേഷണത്തിന് അർഹമല്ലെന്നും ജിയോ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മറിയം നവാസ് പറഞ്ഞു.
‘ഭരണഘടനാപരമായോ നിയമപരമായോ സർക്കാരിനു യാതൊരു അടിസ്ഥാനവുമില്ല. ‘വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കപ്പെട്ട’ ഒരാൾ മാത്രമാണ് ഇമ്രാൻ ഖാൻ. അദ്ദേഹം ജനങ്ങളെ ഒട്ടും ശ്രദ്ധിക്കുന്നില്ല. അദ്ദേഹം സ്വന്തംകാര്യത്തിൽ മാത്രം ശ്രദ്ധാലുവാണ്. എപ്പോഴും എതിരാളികളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നു. പാക്കിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പിഡിഎം) കാലഘട്ടത്തിന്റെ ആവശ്യമാണ്. അധികാരത്തിൽ ഇരിക്കുന്നവരുടെ നടപടികൾക്കെതിരെ ജനങ്ങളിൽനിന്നുള്ള സമ്മർദത്തിന്റെ ഫലമായാണു പിഡിഎം രൂപീകരിക്കപ്പെട്ടത്.’– മറിയം പറഞ്ഞു.
പാർട്ടിക്കുള്ളിൽ ഭിന്നതയില്ല. പാർട്ടി പ്രസിഡന്റ് ഷഹബാസ് ഷെരീഫിന് വ്യത്യസ്തമായ സമീപനമാണുള്ളത്. ഷഹബാസ് ഷെരീഫ് തനിക്കു പിതാവിനെപ്പോലെയാണ്. തന്റെ പിതാവിനേക്കാൾ വ്യത്യസ്തനായി അദ്ദേഹത്തെ കാണുന്നില്ല. പാർട്ടിയിൽ യാതൊരു തർക്കവുമില്ല. പാർട്ടി ഒന്നടങ്കം നവാസ് ഷെരീഫിനു പിന്നിലുണ്ട്. ഷെരീഫ് സഹോദരന്മാർക്കിടയിൽ വിള്ളൽ വീഴ്ത്താൻ ശ്രമിച്ചവരെല്ലാം പരാജയപ്പെട്ട ചരിത്രമേയുള്ളൂ– അവർ വ്യക്തമാക്കി.
English Summary: Imran Khan Government "Would Go Home" Before January, Says Maryam Nawaz