ADVERTISEMENT

വെല്ലിങ്ടൻ∙ കഴിഞ്ഞദിവസം ന്യൂസീലൻഡിൽനിന്നു പുറത്തുവന്ന ഒരു ചിത്രം ലോകത്തെയാകെ ഞെട്ടിച്ചു, കുറെയേറെപ്പേരെ കൊതിപ്പിച്ചു. പതിവ് സ്പോർട്സ് ചിത്രങ്ങളുടെ കൂട്ടത്തിൽ പെടുത്താവുന്ന സാധാരണ ചിത്രമായിരുന്നു അത്. പക്ഷേ കോവിഡ് മഹാമാരിയിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ രാജ്യങ്ങൾ പാടുപെടുമ്പോൾ, ആയിരക്കണക്കിനു കാണികൾ സ്റ്റേഡിയത്തിൽ ഒരുമിച്ചിരുന്നു കളി കാണുന്നതിന്റെ രസം സമൂഹമാധ്യമങ്ങളിൽ തരംഗമായി.

ബ്ലെഡിസ്‍ലോ കപ്പ് ടെസ്റ്റ് മത്സരത്തിന്റെ ചിത്രങ്ങളാണു ലോകത്തെ അമ്പരപ്പിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം മറ്റു രാജ്യങ്ങളിൽ നാൾക്കുനാൾ കൂടുമ്പോഴാണ് 30,000ത്തിലധികം റഗ്ബി ആരാധകർ ഞായറാഴ്ച ന്യൂസീലൻഡിലെ വെല്ലിങ്ടൻ സ്റ്റേഡിയത്തിൽ ഒത്തുകൂടിയത്. ഏഴുമാസത്തെ ഇടവേളയ്ക്കുശേഷം നടന്ന ആദ്യ റഗ്ബി മത്സരമാണിതെന്നാണു ദ് ന്യൂസീലൻഡ് ഹെറാൾഡ് മാധ്യമം റിപ്പോർട്ട് ചെയ്തു.

കോവിഡിനെ കൂസാതെ മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും കളി കാണുന്നവരുടെ ചിത്രങ്ങളും വിഡിയോകളുമാണു വൈറലായത്. ആഗോള മഹാമാരിക്കിടയിൽ നിരുത്തരവാദപരമായ നട‌പടിയെന്നു ചിലർ ഇതേപ്പറ്റി അഭിപ്രായപ്പെട്ടു. കോവിഡിനു മുൻപുണ്ടായിരുന്ന കാലത്തേക്കുള്ള മടക്കമെന്നാണു മറുവിഭാഗം സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിച്ചത്. ആരോഗ്യ പ്രതിസന്ധി നേരിടാൻ രാജ്യത്തെ പ്രാപ്തമാക്കിയതിനു പ്രധാനമന്ത്രി ജസീന്ത ആർഡെനെ പ്രശംസിക്കുന്നവരുമുണ്ട്.

2020 ജൂണിൽ രാജ്യം കോവിഡ് മുക്തമാണെന്നു ന്യൂസീലൻഡ് പ്രഖ്യാപിച്ചിരുന്നു. ഏതാനും ആഴ്ചകൾക്കുശേഷം, പുതിയ കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഓക്‌ലൻഡിൽ കർശനമായ ലോക്ഡൗൺ പ്രഖ്യാപിച്ചു. മാരകമായ കൊറോണ വൈറസ് പടരുന്നതു കുറയ്ക്കുന്നതിൽ ന്യൂസീലൻഡ് വിജയിച്ചുവെന്നാണു പൊതുവിലയിരുത്തൽ. കർശനമായ കോവിഡ് പ്രോട്ടോക്കോൾ കാരണം നിലവിൽ ഫ്ലോറിഡയിൽ നടക്കുന്ന ദേശീയ ഫുട്ബോൾ ലീഗും യുഎഇയിലെ ഇന്ത്യൻ പ്രീമിയർ ലീഗും (ഐപിഎൽ) കാണികളുടെ സാന്നിധ്യമില്ലാതെയാണു നടക്കുന്നത്. 

English Summary: 'Leadership Matters': Photo of Packed New Zealand Stadium Amid Pandemic is Making Everyone Envious

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com