പെട്ടെന്നു 'മതേതരം' ആയോ?; ഉദ്ധവിനെ പരിഹസിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍
Mail This Article
മുംബൈ∙ കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് മുതല്‍ അടച്ചിട്ടിരിക്കുന്ന ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നതിനെ ചൊല്ലി മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുമായി വാക്‌പോര്. 'ഉദ്ധവ് പെട്ടെന്നു മതേതരം ആയോ?' എന്നു പരിഹസിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു കത്തയച്ചതാണു വിവാദത്തിനു തുടക്കമിട്ടത്. തനിക്ക് ആരില്‍നിന്നും ഹിന്ദുത്വ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ഉദ്ധവ് തിരിച്ചടിച്ചു.
ആരാധനാലയങ്ങള്‍ തുറക്കുന്നതിനെക്കുറിച്ചു പ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു കത്തയച്ചത്. 'താങ്കള്‍ ഹിന്ദുത്വത്തിന്റെ വലിയ ആരാധകന്‍ ആയിരുന്നല്ലോ. മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചു. ആഷാദി ഏകാദശിക്ക് പന്ദര്‍പുരിലെ വിത്തല്‍ രുക്മിണി മന്ദിറിലെത്തി പൂജ നടത്തുകയും ചെയ്തിരുന്നു. ദൈവത്തില്‍നിന്ന് എന്തെങ്കിലും താക്കീത് കിട്ടുന്നതു കൊണ്ടാണോ ആരാധനാലയങ്ങള്‍ തുറക്കുന്നതു താങ്കള്‍ മാറ്റിവച്ചുകൊണ്ടിരിക്കുന്നത്. അതോ ഒരു കാലത്ത് താങ്കള്‍ വെറുത്തിരുന്ന വാക്കായ 'മതേതരം' ആയി മാറിയോ?' - ഗവര്‍ണര്‍ കത്തില്‍ ചോദിക്കുന്നു.
മറ്റു നഗരങ്ങളില്‍ ജൂണില്‍ തന്നെ ആരാധനാലയങ്ങള്‍ തുറന്നുവെന്നും അവിടെയൊന്നും കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബാറുകളും റസ്‌റ്റൊറന്റുകളും ബീച്ചുകളും തുറന്നെങ്കിലും നമ്മുടെ ദൈവങ്ങളെ മാത്രം ലോക്ഡൗണില്‍ ഒറ്റപ്പെടുത്തിയിരിക്കുകയാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തുന്നു.
എന്നാല്‍ തനിക്ക് ആരില്‍നിന്നും ഹിന്ദുത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മറാത്തിയിലെഴുതിയ മറുപടിയില്‍ ഉദ്ധവ് തിരിച്ചടിച്ചു. ദൈവത്തിന്റെ മുന്നറിയിപ്പ് ഒരുപക്ഷേ, താങ്കള്‍ക്കു ലഭിക്കുന്നുണ്ടാകാം. ഞാന്‍ അത്ര മഹാനൊന്നുമല്ല - ഉദ്ധവ് പറയുന്നു. ആരാധനാലയങ്ങള്‍ തുറക്കുന്നതും മതനിരക്ഷേപതുമായി ബന്ധമില്ലെന്നും തിടുക്കപ്പെട്ട് ലോക്ഡൗണ്‍ നടപ്പാക്കിയതു തെറ്റായിപ്പോയെന്നും ഉദ്ധവ് കുറ്റപ്പെടുത്തി.
കങ്കണ റനൗട്ട് വിഷയത്തിലും ഉദ്ധവ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. മുംബൈയെ പാക്ക് അധിനിവേശ കശ്മീര്‍ എന്ന് അധിക്ഷേപ്പിച്ചവരെ പുഞ്ചിരിയോടെ ക്ഷണിക്കുന്ന ആളുകളെ ഹിന്ദുത്വത്തിന്റെ വിശേഷണത്തില്‍ താന്‍ ഉള്‍പ്പെടുത്തില്ലെന്നാണ് ഉദ്ധവ് പറഞ്ഞത്.
ആരാധനാലയങ്ങള്‍ തുറക്കണമെന്ന് രാജ് താക്കറെ, അസദുദീന്‍ ഒവൈസി, പ്രകാശ് അംബേദ്കര്‍ തുടങ്ങി നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ആരാധനാലയങ്ങളില്‍ ജനങ്ങള്‍ കൂടത്തോടെ എത്തുന്നത് കടുത്ത ആശങ്കയാണെന്ന നിലപാടിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ദീപാവലിക്കു മുമ്പായി ഉപാധികളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്നും സൂചനയുണ്ട്.
English Summary: "Turned 'Secular'?" Governor vs Uddhav Thackeray Over Places Of Worship