‘പിഎസ്‌സിയെ അറിയിക്കാതെയുള്ള നിയമനമാണെന്നാണ് പി.ടി. തോമസിന്റെ കണ്ടെത്തൽ’
Mail This Article
കോഴിക്കോട്∙ പൊലീസിന്റെ ചീഫ് ടെക്നോളജി ഓഫിസറായി (IT Advisor-Honorary) കേരള സർക്കാർ നിയമിച്ചതുമായി ബന്ധപ്പെട്ട് പി. ടി. തോമസ് എംഎൽഎ തന്റെ പേര് പത്രസമ്മേളനത്തിൽ അനവസരത്തിൽ സൂചിപ്പിച്ചെന്ന് ഡോ. പി. വിനോദ് ഭട്ടതിരിപ്പാട്. ഇത് പിഎസ്‌സിയെ അറിയിക്കാതെയുള്ള നിയമനമാണെന്നാണ് പി.ടി. തോമസിന്റെ കണ്ടെത്തൽ. എന്നാൽ, ഇത് തികച്ചും ഒരു സൗജന്യസേവനമാണെന്നും ശമ്പളം, അലവൻസ്, ഓഫിസ്, സ്റ്റാഫ്, വണ്ടി എന്നവയടക്കം ഒന്നും ഇല്ലാത്ത ഒരു നിയമനമാണെന്നും അദ്ദേഹം അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നതായും വിനോദ് പറഞ്ഞു.
‘ഞാൻ ഇതുവരെ പണമൊന്നും കൈപ്പറ്റിയിട്ടുമില്ല. ഇതെല്ലാം ആർക്കും പരിശോധിക്കാവുന്നതാണ്. 2018-ൽ അമേരിക്കയിലെ ടെക്സസ് സർവകലാശാലയിൽ കേരള പൊലീസിന്റെ അന്വേഷണമികവിനെക്കുറിച്ച് ഞാൻ ഒരു ഗവേഷണപ്രബന്ധം അവതരിപ്പിച്ചതിന്റെ തൊട്ടുപിന്നാലെയായിരുന്നു നിയമനം ലഭിച്ചത്. ഈ ഗവേഷണപ്രബന്ധത്തിന്റെ കോപ്പികൾ ലോകത്താകമാനമുള്ള പൊലീസ് ഓഫിസർമാർ ഇന്നും ഡൗൺലോഡ് ചെയ്ത് വായിക്കുന്നു. കേരള പൊലീസിന് അത് ഒരുപാട് പ്രസിദ്ധി നേടികൊടുത്തു.
സ്വർണക്കള്ളക്കടത്ത് അടക്കം വിവാദ കേസുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളുടെ രഹസ്യം ചോർത്താൻ ഞാൻ ശ്രമിച്ചതായി എംഎൽഎയ്ക്ക് ഒരു സംശയം ഉള്ളതായി അറിഞ്ഞു. അത് അദ്ദേഹത്തിന്റെ സംശയം മാത്രം ആണ്. സൈബർ ഫൊറൻസിക്കിൽ ഡോക്റ്ററേറ്റുള്ള എന്നെ നിരവധി കേസുകളിൽ സൈബർ തെളിവുകൾ എടുക്കാൻ സാങ്കേതിക വിദഗ്ധനായി കസ്റ്റംസും കോടതികളും കഴിഞ്ഞ ഒരു പതിറ്റാണ്ടായി വിളിച്ചിട്ടുണ്ട്.
മാത്രമല്ല, ജയിലും പൊലീസുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതികവിദ്യകൾ നിർദേശിക്കാനുള്ള ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷനിലും സാങ്കേതികവിദഗ്ധനായി എന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവെടുക്കാനും സാങ്കേതിക വിദഗ്ധനായി ഒരിക്കൽ കസ്റ്റംസ് എന്നെ എറണാകുളത്തേക്കു വിളിപ്പിച്ചിരുന്നു. യാത്രയും താമസസൗകര്യവുമടക്കം എല്ലാം കസ്റ്റംസ് തന്നെയാണ് ചെയ്തത്.
ഞാൻ ഒപ്പിട്ട റിപ്പോർട്ടും കസ്റ്റംസിന്റെ കയ്യിലുണ്ട്. മാത്രമല്ല, സൈബർ തെളിവുമായി ബന്ധപ്പെട്ട് സോളാർ കമ്മിഷനും എന്നെ സാങ്കേതിക വിദഗ്ധനായി വിളിപ്പിക്കുകയും എന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാമാണ് പി.ടി. തോമസ് എംഎൽഎ ദുർവ്യാഖ്യാനം ചെയ്ത് എന്നെ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് നിയമവിദഗ്ധരുമായി ആലോചിച്ച് അദ്ദേഹത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ആലോചിക്കുന്നതായി ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് അറിയിച്ചു.
English Summary : Dr P Vinod Bhattathiripad against P T Thomas