ADVERTISEMENT

കോട്ടയം∙ ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) ഇടതുപാളയത്തില്‍. എല്‍ഡിഎഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു പഞ്ചായത്തിന്റെ പേരിലാണ് യുഡിഎഫിൽ നിന്ന് പുറത്താക്കിയത്. ആത്മാഭിമാനം അടിയറവച്ചു മുന്നോട്ടു പോകാനില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.

ബുധനാഴ്ച രാവിലെ ഒൻപതിന് ജോസ് കെ. മാണിക്കൊപ്പം തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ.ജയരാജ് എന്നിവർ ഉൾപ്പെട്ട പാർലമെന്ററി പാർട്ടിയോഗമാണ് എൽഡിഎഫിൽ ചേരാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയത്. തുടർന്ന് പാർട്ടി സ്ഥാപക നേതാവ് കെ.എം.മാണിയുടെ കല്ലറയിൽ എത്തി പ്രാർഥിച്ച ശേഷം 9.40 ന് കോട്ടയത്ത് പാർട്ടി ആസ്ഥാനത്ത് എത്തി നടത്തിയ നേതൃയോഗത്തിന് ശേഷമാണ് ജോസ് കെ.മാണി രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. 

മതേതര നിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടതുമുന്നണിയാണ്. കോൺഗ്രസിലെ ചിലരിൽനിന്ന് കേരള കോൺഗ്രസ് കടുത്ത അനീതി നേരിട്ടു. യുഡിഎഫ് പുറത്താക്കിയതിനുശേഷം സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചത്. ഒരു ചർച്ചയ്ക്കു പോലും കോൺഗ്രസ് തയാറായില്ല. തിരിച്ചെടുക്കാൻ ഒരു ഫോർമുലയും മുന്നോട്ടു വച്ചില്ല. രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കുമെന്നും  ജോസ് കെ.മാണി പ്രഖ്യാപിച്ചു.

Kerala Congress M
കോട്ടയത്ത് കേരള കോൺഗ്രസ് എം ആസ്ഥാനത്തെ സമ്മേളന ഹാളിലെ വേദിയിൽ പുതുതായി സ്ഥാപിച്ച ബാനർ. കെ.എം. മാണിയുടെ ചിത്രത്തിന്റെ പശ്ചാത്തല നിറം ചുവപ്പാണ്. ചിത്രം: റിജോ ജോസഫ്

ഇടതുമാറ്റം: 1979 ന്റെ തനിയാവർത്തനം

1979ല്‍ പി.ജെ ജോസഫുമായി പിരിഞ്ഞ് ഇടതു മുന്നണിയിലെത്തിയ പിതാവ് കെ.എം.മാണിയുടെ പാത പിന്തുടര്‍ന്നാണ് നാല് പതിറ്റാണ്ടിനിപ്പുറം ജോസ് കെ മാണിയും ഇടതുചേരിയില്‍ എത്തിയിരിക്കുന്നത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസഫ് വിഭാഗത്തിനു വിട്ടുകൊടുക്കാമെന്ന ധാരണ പാലിച്ചില്ലെന്ന് ആരോപിച്ച് ജോസ് വിഭാഗത്തിനെതിരെ യുഡിഎഫ് നടപടി സ്വീകരിച്ചതോടെയാണ് വഴിപിരിയലിനു കളമൊരുങ്ങിയത്.

ഈ വർഷം ജൂലൈ 29-നാണ് ജോസ് പക്ഷത്തെ യുഡിഎഫില്‍നിന്ന് ഒഴിവാക്കിയെന്ന് ബെന്നി ബഹ്നാന്‍ അറിയിച്ചത്. നൂറു ദിവസത്തിനുള്ളില്‍ ജോസ് വിഭാഗം ഇടതുചേരിയിലേക്കു ചേക്കേറുകയായിരുന്നു.

കേരളാ കോണ്‍ഗ്രസ് ജന്മദിനത്തില്‍ കോട്ടയത്തു ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഇടതുമുന്നണി പ്രവേശനത്തിനു പച്ചക്കൊടി കാട്ടിയിരുന്നു. തുടര്‍ന്നു തദ്ദേശ തിരഞ്ഞെടുപ്പിലെയും നിയമസഭാ തിരഞ്ഞെടുപ്പിലേയും സീറ്റുകൾ സംബന്ധിച്ച ധാരണയായതോടെയാണ് എല്‍ഡിഎഫുമായി സഹകരിക്കാനുള്ള തീരുമാനം ജോസ് കെ. മാണി പ്രഖ്യാപിച്ചത്.

Kerala Congress M

മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ പിന്തുണ ഉറപ്പിക്കാൻ ജോസിന്റെ രംഗപ്രവേശം സഹായിക്കുമെന്ന വിലയിരുത്തലിലാണ് ജോസ് കെ. മാണി വിഭാഗത്തെ ഒപ്പം കൂട്ടാൻ സിപിഎമ്മിനു പ്രേരണയായത്. കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തെ സിപിഐ എതിര്‍ത്തിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെയുള്ളവര്‍ അനുകൂലിക്കുകയായിരുന്നു.

നിലവില്‍ ആര്‍.ബാലകൃഷ്ണപിള്ള നയിക്കുന്ന കേരളാ കോണ്‍ഗ്രസും സ്‌കറിയാ തോമസ് വിഭാഗവും എല്‍ഡിഎഫിനൊപ്പമാണ്. തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് ജോസ് പക്ഷത്തെക്കൂടി ഒപ്പം ചേര്‍ക്കുന്നത് നേട്ടമാകുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍.

നിയമസഭാ തിര‍ഞ്ഞെടുപ്പിൽ 12 സീറ്റു നൽകണമെന്നാണ ജോസ് കെ.മാണി വിഭാഗം ഇടതു മുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇതിൽ കാഞ്ഞിരപ്പള്ളി, പാലാ സീറ്റുകളുടെ വിഷയത്തിലാണ് നിലവിൽ തർക്കമുള്ളതെന്നാണ് സൂചന. പാലാ സീറ്റ് വിട്ടുനിൽകുന്നതിനെതിരെ നിലവിൽ പാലാ എംഎൽഎയായ മാണി സി.കാപ്പൻ എതിർപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ പാലാ സീറ്റ് ഉറപ്പിക്കുന്ന നിലപാടാണ് ജോസ് കെ.മാണിക്ക് ഇടതു നേതൃത്വത്തിൽ നിന്ന് ലഭിച്ചതെന്നാണ് സൂചന.

English Summary: Kerala Congress M Jose K Mani faction to LDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com