ADVERTISEMENT

ഹൈദരാബാദ്∙ ആന്ധ്രപ്രദേശിലും, തെലങ്കാനയിലും തുടരുന്ന കനത്ത മഴയില്‍ 30 മരണം. ഹൈദരാബാദില്‍ മാത്രം 15 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഹൈദരാബാദില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ഗതാഗതം താറുമാറായി. ഇന്നലെ ഒഴുക്കില്‍പെട്ടു കാണാതായ ആളെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വെള്ളപ്പാച്ചിലില്‍ ഒരാള്‍ ഒഴുകി പോകുന്ന ദൃശ്യം ഇന്നലെ പുറത്തുവന്നിരുന്നു. കര്‍ണാടകത്തിലെ വിവിധ ജില്ലകളിലും മഴ ശക്തമാണ്.  

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ എല്ലാവിധ സഹായങ്ങളും പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.  

ബംഗാള്‍ ഉൾക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ആന്ധ്രയിലും തെലങ്കാനയിലും. കനത്ത നാശം വിതച്ചാണ് മഴ തുടരുന്നത്. ഹൈദരാബാദില്‍ വീടിനു മുകളിലേക്കു മതില്‍കെട്ടിടിഞ്ഞു വീണ് ഇന്നലെ 9 പേര്‍ മരിച്ചിരുന്നു. നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി വീടുകളില്‍ വെള്ളം കയറി. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒഴുകി പോയി. റോഡുകള്‍ വിണ്ടുകീറി. പഴക്കമുള്ള കെട്ടിടങ്ങള്‍ ഇടിഞ്ഞു വീഴാന്‍ സാധ്യതയുള്ളതിനാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. 

തെലങ്കാനയിലെ ഹിമായത് സാഗര്‍ ഡാമിന്റെ 13 ഷട്ടറുകളും തുറന്നു. കൃഷിയിടങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലാണ്. സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചു. സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളും ഒഴിവാക്കി. 

ആന്ധ്രാ തീരത്തും മഴ അതിശക്തമാണ്. നിരവധി വീടുകള്‍ തകര്‍ന്നു അഞ്ഞൂറോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളുടെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ രക്ഷപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 24 മണിക്കൂര്‍ കൂടി മഴ തീവ്രമായി തുടരുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കര്‍ണാടകയിലെ ബാഗല്‍കൊട്ട്, ബെലഗാവി, കല്‍ബുര്‍ഗി, റായ്ചൂര്‍ തുടങ്ങി വടക്കന്‍ ജില്ലകളിലും, കുടക്, ചിക്കമംഗളൂരു, ശിവമൊഗ്ഗ എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറുകയും കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. ബെംഗളൂരു നഗരത്തിലും മഴ ശക്തമാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com