'കാറില്‍ വെള്ളം നിറയുന്നു'- വെങ്കടേഷിന്റെ അവസാന കോള്‍; നിസ്സഹായനായി സുഹൃത്ത്
Mail This Article
ഹൈദരാബാദ്∙ 'കാറില്‍ വെള്ളം നിറയുകയാണ്. ടയറുകള്‍ മേലോട്ടു പൊങ്ങിത്തുടങ്ങി. എങ്ങിനെയെങ്കിലും രക്ഷിക്കണം' - ഹൈദരാബാദില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ കാറിനുള്ളില്‍നിന്ന് വെങ്കടേഷ് ഗൗഡ് എന്നയാള്‍ സുഹൃത്തിനോടു ഫോണില്‍ ജീവനു വേണ്ടി നടത്തിയ അവസാന യാചനയാണിത്. വെങ്കടേഷിന്റെ വാക്കുകള്‍ നിസ്സഹായതയോടെ കേട്ട സുഹൃത്തിനു കാര്‍ ഒഴുകിപ്പോകുന്നത് കണ്ടുനില്‍ക്കാനേ കഴിഞ്ഞുള്ളു. പ്രാര്‍ഥനകള്‍ എല്ലാം വിഫലമായി. വ്യാഴാഴ്ച വെങ്കടേഷിന്റെ മൃതദേഹം കണ്ടെത്തി. ഒരു മിനിറ്റ് നാല്‍പതു സെക്കന്‍ഡ് നീണ്ട ഹൃദയഭേദകമായ ഫോണ്‍ കോളിന്റെ വിവരങ്ങള്‍ പുറത്തുവന്നു.
യാത്രയ്ക്കിടെയാണ് വെങ്കടേഷിന്റെ കാര്‍ ഒഴുക്കില്‍ പെട്ടത്. ഉടന്‍ തന്നെ അദ്ദേഹം ഫോണില്‍ സമീപത്തു സുരക്ഷിതമായ ഇടത്തുനിന്നിരുന്ന സുഹൃത്തിനെ വിളിച്ചു. ആരെയെങ്കിലും തന്റെ രക്ഷയ്ക്കായി അയയ്ക്കാന്‍ കഴിയുമോ എന്നു ചോദിച്ചു. സുഹൃത്തും ആകെ പരിഭ്രാന്തനായി. കാറില്‍നിന്നിറങ്ങി മതിലിലോ സമീപത്തുള്ള മതിലിലോ മരത്തിലോ കയറി രക്ഷപ്പെടാന്‍ അദ്ദേഹം പറഞ്ഞു. മതില്‍ കാണാന്‍ പറ്റുന്നുണ്ടെന്നും കാറില്‍നിന്നു പുറത്തിറങ്ങിയാല്‍ ഒഴുക്കില്‍പെടുമെന്നും വെങ്കടേഷ് പറയുന്നു. 'ഒരു മരത്തിലാണു കാര്‍ തടഞ്ഞുനിന്നിരുന്നത്. ഇപ്പോള്‍ ആ മരവും കടപുഴകി ഒഴുകിപ്പോയി. കാര്‍ ഒഴുക്കിനൊപ്പം പോയിത്തുടങ്ങി'- വെങ്കടേഷ് പറയുന്നു.
'ധൈര്യം കൈവിടരുത്്. നിനക്കൊന്നും സംഭവിക്കില്ല' എന്നു സുഹൃത്ത് പറഞ്ഞെങ്കിലും വെങ്കടേഷിനെയും കൊണ്ടു കാര്‍ ഒഴുകിപ്പോകുന്നത് കണ്ടുനില്‍ക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളു. ഹൈദരാബാദില്‍ കനത്ത മഴയും വെള്ളപ്പാച്ചിലും കവര്‍ന്നെടുത്ത രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 31 ജീവനുകളില്‍ ഒന്നായി വെങ്കടേഷും മാറി. തെലങ്കാനയില്‍ ആകെ 50 പേരാണു മരിച്ചത്.
കഴിഞ്ഞ ദിവസം ബര്‍ക്കാസില്‍ ഒരാള്‍ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. രണ്ടു പേര്‍ നിസഹായരായി നോക്കിനില്‍ക്കുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ പിന്നീട് രക്ഷപ്പെടുത്തി.
മറ്റൊരു സംഭവത്തില്‍ അയല്‍പക്കത്തെ വീട്ടിലേക്കു പോകുന്നതിനിടെ ഒരു കുടുംബത്തിലെ നാല് പേര്‍ ഒഴുക്കില്‍പെട്ടു മരിച്ചു. എട്ടംഗ കുടുംബം റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരാള്‍ ഒഴുക്കില്‍പെടുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ എല്ലാവരും ഒഴുകിപ്പോയി. ആദ്യം ഒഴുക്കില്‍പെട്ടയാള്‍ ഒരു മരത്തില്‍ പിടിച്ചു രക്ഷപ്പെട്ടെങ്കിലും നാലു പേരുടെ മൃതദേഹം ഏറെ ദൂരത്തുനിന്ന് കണ്ടെത്തുകയായിരുന്നു.
English Summary: "Car Filled With Water": Man's Last Call To Friend Who Watched Helplessly