അതിർത്തിയിൽ ‘ആഴത്തിൽ അസ്വസ്ഥത’; ഇന്ത്യ- ചൈന ബന്ധത്തെ ബാധിക്കും: കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ശാന്തിയും സമാധാനവും ‘ആഴത്തിൽ അസ്വസ്ഥമാണ്’ എന്നും ഇത് ഇന്ത്യയും ചൈനയും തമ്മിലുള്ള പൊതുബന്ധത്തെ ബാധിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ. കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ അഞ്ചുമാസത്തിലേറെ നീണ്ട അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണു വിദേശകാര്യ മന്ത്രിയുടെ അഭിപ്രായപ്രകടനം.
‘ദി ഇന്ത്യ വേ’ എന്ന തന്റെ പുസ്തകത്തെക്കുറിച്ചുള്ള വെബിനാറിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ‘ഇന്ത്യ– ചൈന അതിർത്തി സംബന്ധിച്ച ചോദ്യം വളരെ സങ്കീർണവും ബുദ്ധിമുട്ടുള്ളതുമായ വിഷയമാണ്. വ്യാപാരം, സഞ്ചാരം, ടൂറിസം, സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങിയ സംരംഭങ്ങളിലൂടെ 1980 കളുടെ അവസാനം മുതൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായിരുന്നു. അതിർത്തി സംബന്ധിച്ച ചോദ്യം പരിഹരിക്കേണ്ടതു നമ്മുടെ നിലപാടല്ല.
പ്രശ്ന പരിഹാരത്തിനു വിവിധ തലങ്ങളിൽ നിരവധി ചർച്ചകൾ നടന്നിട്ടുണ്ട്. അതു ബന്ധത്തിന് വളരെ ഉയർന്ന തടസ്സം സൃഷ്ടിക്കുന്നു. അതിർത്തി പ്രദേശങ്ങളിലെ എൽഎസിയിൽ നിർബന്ധമായും ശാന്തത ഉണ്ടാകണമെങ്കിൽ അടിസ്ഥാനപരമായ തടസ്സങ്ങളേ ഉണ്ടാകാവൂ. ശാന്തിയും സമാധാനവും ആഴത്തിൽ അസ്വസ്ഥമാകുകയാണെങ്കിൽ, വ്യക്തമായും ഇരുരാജ്യങ്ങളുടെയും ബന്ധത്തിൽ അതു സ്വാധീനം ചെലുത്തും, അതാണിപ്പോൾ കാണുന്നത്’– ജയ്‍ശങ്കർ പറഞ്ഞു.
English Summary: Peace, Tranquillity Along LAC "Deeply Disturbed", Impacting Indo-China Ties: S Jaishankar