ട്രംപ് വന്നില്ല, ബിഹാറിനു പ്രത്യേക പദവി കിട്ടിയതുമില്ല: പരിഹാസവുമായി തേജസ്വി
Mail This Article
പട്‌ന ∙ യുഎസിൽ തിരഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ നിൽക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ബിഹാറിലും ചർച്ചാവിഷയമാക്കി പ്രതിപക്ഷ മഹാസഖ്യം. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കിയപ്പോഴാണു യുഎസ് പ്രസിഡന്റും പരാമർശിക്കപ്പെട്ടത്. സംസ്ഥാനത്തിനു പ്രത്യേക പദവി ലഭിക്കാത്തതിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകളെ വിമർശിക്കുമ്പോഴാണു ട്രംപിനെ കൂട്ടുപിടിച്ചത്.
‘നിതീഷ് കുമാർ 15 വർഷമായി ഭരിക്കുന്നുണ്ടെങ്കിലും ബിഹാറിന് ഇതുവരെ പ്രത്യേക പദവി ലഭിച്ചിട്ടില്ല. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബിഹാറിൽ വരികയോ അതിനു സമ്മതിക്കുകയോ ചെയ്യുന്നില്ല.’– ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ് മാധ്യമങ്ങളോടു പറഞ്ഞു. ഫെബ്രുവരിയിൽ ട്രംപിന്റെ ഇന്ത്യാസന്ദർശനം ചൂണ്ടിക്കാട്ടിയായിരുന്നു തേജസ്വിയുടെ പരാമർശം. പ്രത്യേക പദവി േനടിയെടുക്കുമെന്നു വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രികയിൽ 10 ലക്ഷം സർക്കാർ ജോലികളും ഉറപ്പ് നൽകുന്നു.
വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ‘സംസ്ഥാനത്തു കുറ്റകൃത്യവും തൊഴിലില്ലായ്മയും വർധിച്ചു. 2015 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല. പഞ്ചസാര, ചണം, പേപ്പർ മില്ലുകൾ എന്നിവയെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ സ്ഥാപിച്ചിട്ടില്ല. ഞാൻ ശുദ്ധ ബിഹാറിയാണ്, ഡിഎൻഎ ശുദ്ധമാണ്. ഞങ്ങൾ അധികാരത്തിൽ വന്നാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ 10 ലക്ഷം യുവാക്കൾക്കു ജോലി നൽകും’– തേജസ്വി പറഞ്ഞു. 2005ൽ നിതീഷ് അധികാരത്തിൽ വന്നതുമുതൽ ബിഹാറിനു പ്രത്യേക പദവി ആവശ്യപ്പെടുന്നുണ്ട്.
English Summary: Will Bihar Special Status Be Given By Trump, Taunts Tejashwi Yadav