ചൈനീസ് സൈനികൻ ലഡാക്കിൽ പിടിയിൽ; മോചിപ്പിച്ച് ചൈനയ്ക്ക് കൈമാറും
Mail This Article
ന്യൂഡൽഹി∙ ഇന്ത്യ – ചൈന അതിർത്തിയിൽ ലഡാക്കിനോടു ചേർന്ന് ചൈനീസ് സൈനികൻ പിടിയിൽ. ചുമാർ – ഡെംചോക് മേഖലയിൽനിന്നാണ് സൈനികൻ പിടിയിലായതെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു. ഇന്ത്യൻ മേഖലയിലേക്ക് അശ്രദ്ധമായി കടന്നുകയറിയതാകാം ഇയാളെന്നും വാർത്ത ഏജൻസി വ്യക്തമാക്കി. സൈനികനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ചൈനീസ് സൈന്യം ഇന്ത്യൻ സേനയെ സമീപിച്ചു. രാജ്യാന്തര നിയമങ്ങൾ പാലിച്ച് സൈനികനെ വൈകാതെ മോചിപ്പിക്കുമെന്നു സേന അറിയിച്ചു.
അതേസമയം, അവശ്യമായ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി സ്ഥാപിതമായ പ്രോട്ടോക്കോൾ പ്രകാരം സൈനികനെ ചൈനീസ് സൈന്യത്തെ തിരിച്ചേല്‍പിക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കിഴക്കൻ ലഡാക്കിലെ ചുഷൂൽ – മോൾഡോ അതിർത്തിയിൽ വച്ചാകും ഇയാളെ ചൈനയ്ക്കു കൈമാറുക. പിടിയിലാകുമ്പോൾ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎല്‍എ) സൈനികന്റെ കയ്യിൽ സിവിൽ, സൈനിക രേഖകളുണ്ടായിരുന്നതായും വിവരമുണ്ട്.
മേയ് മുതൽ യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യ – ചൈന സൈനികർ തമ്മിൽ സംഘര്‍ഷം നിലനിൽക്കുകയാണ്. ജൂണിൽ ഗൽവാൻ താഴ്‌വരയിൽ ഇരു വിഭാഗങ്ങളും തമ്മിൽ നടന്ന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. പിന്നീട് ചർച്ചകളുടെ അടിസ്ഥാനത്തിൽ പാംഗോങ്ങിൽനിന്ന് പിൻവാങ്ങുന്നതായി ചൈന അറിയിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നിട്ടതോടെ അവർ അതിർത്തിയിൽ സേനാവിന്യാസം ശക്തമാക്കിയിരുന്നു.
English Summary: Chinese Soldier Held In Ladakh, May Have Entered Inadvertently