ADVERTISEMENT

ന്യൂഡൽഹി ∙ അതിർത്തി സംഘർഷം അയവില്ലാതിരിക്കെ ചൈനയ്ക്ക് കടുത്ത പ്രഹരം നൽകാൻ ഇന്ത്യ. അടുത്ത മാസം നടക്കുന്ന മലബാര്‍ നാവിക അഭ്യാസത്തിന് യുഎസ്സിനും ജപ്പാനും പുറമേ ഓസ്‌ട്രേലിയയും പങ്കെടുക്കും. ഓസ്ട്രേലിയ കൂടി അണിനിരക്കുന്നതോടെ നാലു രാജ്യങ്ങളും ഉൾപ്പെടുന്ന ഖ്വാദ് ഗ്രൂപ്പിലെ നാവികസേനകൾക്ക് ഒന്നിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. 

ലഡാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ സമുദ്രത്തിൽ നാലു രാജ്യങ്ങൾ ഒന്നിക്കുന്ന സംയുക്ത നാവികാഭ്യാസം ചൈനയ്ക്ക് മേൽ സമ്മർദമുയർത്തുന്നതാണ്. 2004 ൽ സൂനാമി ദുരിതാശ്വാസത്തിനായാണ് യുഎസ്, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഒന്നിച്ചു ഖ്വാദ് സഖ്യം രൂപീകരിച്ചത്. 2007ൽ സഖ്യം പുനരുജ്ജീവിപ്പിച്ചു. നവംബർ അവസാനം അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായാണ് നാവികാഭ്യാസം. 

ഇതിനു മുന്‍പ് 2007-ലാണ് മലബാര്‍ നാവിക അഭ്യാസത്തില്‍ ഓസ്‌ട്രേലിയ പങ്കെടുത്തത്. അന്നു ശക്തമായ എതിര്‍പ്പാണ് ചൈനയുടെയും യുപിഎ സഖ്യസര്‍ക്കാരിന്റെ ഭാഗമായിരുന്ന ഇടതുകക്ഷികളുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. ഈ മാസമാദ്യം ടോക്കിയോയിൽ നടന്ന ഖ്വാദ് വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ ഓസ്ട്രേലിയയെ ഉൾപ്പെടുത്തണോ എന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നു.

എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി കിഴക്കൻ ലഡാക്കിലെ അതിർത്തിയിലെ ഏറ്റുമുട്ടൽ കണക്കിലെടുത്താണ് ചൈനയുടെ എതിർപ്പ് മറികടന്ന് ഓസ്‌ട്രേലിയയെ ഇന്ത്യ  ഉൾപ്പെടുത്തിയത്. ഇന്ത്യയുടെ ക്ഷണത്തിനു കാത്തിരിക്കുകയാണെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധ വകുപ്പ് വക്താവ് അറിയിച്ചിരുന്നു.

1992 മുതലാണ് യുഎസ്, ഇന്ത്യ നാവികസേനകൾ ഒരുമിച്ച് മല‌ബാർ നാവിക അഭ്യാസം എന്ന പേരിൽ സംയുക്ത നാവിക പരിശീലനം ആരംഭിച്ചത്. 2004 മുതൽ മറ്റു ഏഷ്യൻ രാജ്യങ്ങളെയും ഉൾപ്പെടുത്താൻ തീരുമാനമായി. മുങ്ങിക്കപ്പലുകളും പോർവിമാനങ്ങളുമെല്ലാം പങ്കെടുക്കുന്ന നാവിക അഭ്യാസമാണിത്.

അന്തർവാഹിനികൾ തമ്മിലുള്ള മോക് യുദ്ധങ്ങൾ, വിസിറ്റ് ബോർഡ് തിരയൽ, വായുവിലേക്കും കരയിലേക്കുമുള്ള മിസൈൽ ആക്രമണ പരിശീലനം, നിരീക്ഷണ പാടവം ഉറപ്പിക്കൽ, പരസ്പരമുള്ള കപ്പൽ സന്ദർശനങ്ങൾ, കായിക മത്സരങ്ങൾ, തുറമുഖങ്ങൾക്കു സമീപം നടത്തുന്ന സാമൂഹിക ഇടപെടലുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

English Summary: In Snub To China, India's Naval Alliance Now Includes Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com