ചൈനീസ് സൈനികനെ ഉടൻ മോചിപ്പിക്കില്ല; വിശദമായി ചോദ്യം ചെയ്യാൻ ഇന്ത്യൻ സേന
Mail This Article
ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിൽ പിടിയിലായ ചൈനീസ് സൈനികനെ അടുത്ത ദിവസങ്ങളിൽ മോചിപ്പിക്കേണ്ടെന്ന് ഇന്ത്യൻ സേന തീരുമാനിച്ചതായി റിപ്പോർട്ട്. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് വാർത്ത പുറത്തുവിട്ടത്. ഡെംചോക് മേഖലയിൽനിന്നു പിടിയിലായ കോർപറൽ വാങ് യാ ലോങ്ങിനെ ചൈനീസ് കാര്യങ്ങളിലെ വിദഗ്ധർ ചോദ്യംചെയ്ത ശേഷമേ പീപ്പിൾസ് ലിബറേഷൻ ആർമിക്ക് (പിഎൽഎ) കൈമാറേണ്ടതുള്ളൂ എന്നാണു സേനയുടെ നിലപാട്.
ഇന്ത്യൻ മേഖലയിലേക്ക് അശ്രദ്ധമായി കടന്നുകയറിയതാകാം ഇയാളെന്നാണു കഴിഞ്ഞദിവസം റിപ്പോർട്ടുണ്ടായിരുന്നത്. ലോങ്ങിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ചൈനീസ് സൈന്യം ഇന്ത്യൻ സേനയെ സമീപിച്ചിരുന്നു. രാജ്യാന്തര നിയമങ്ങൾ പാലിച്ച്, അവശ്യമായ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി, പ്രോട്ടോക്കോൾ പ്രകാരം സൈനികനെ തിരിച്ചേല്‍പിക്കുമെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
യഥാർഥ നിയന്ത്രണ രേഖ (എൽഎസി) മറികടന്നെത്തിയ ചൈനീസ് സൈനികന് ഓക്സിജൻ ഉൾപ്പെടെ എല്ലാ ചികിത്സാ സഹായങ്ങളും നൽകുന്നുണ്ടെന്നു സേന അറിയിച്ചു. പിടിയിലാകുമ്പോൾ ഇയാളുടെ കയ്യിൽ സിവിൽ, മിലിറ്ററി രേഖകൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. മേയ് മുതൽ യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ സംഘര്‍ഷം നിലനിൽക്കുകയാണ്. ജൂണിൽ ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.
English Summary: Chinese Soldier Held In Ladakh Won't Be Released "For Few Days": Sources