വൈക്കോലിനു തീപടരുമ്പോള് ഡല്ഹിയുടെ നെഞ്ചില് 'കട്ടിപ്പുക'; ജനത്തിന് തീരാദുരിതം
Mail This Article
ഒക്ടോബർ അടുക്കുന്നതോടെ ഡൽഹിക്കാരുടെ നെഞ്ചിടിപ്പും കൂടിത്തുടങ്ങും. അതിരാവിലെ എഴുന്നേൽക്കുമ്പോഴും രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോഴും തണുപ്പ് ഇരച്ചുവരും. കാലവർഷം പടികടന്നു പോകുമ്പോൾ തൊട്ടുപിന്നാലെയെത്തുന്ന തണുപ്പിനെ പർവതങ്ങളിൽനിന്നു വീശിയടിക്കുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് ഉഷാറാക്കും. പകലാകട്ടെ, താപനില പതിവിലും ഉയരും. ഈ ദിവസങ്ങളിൽ പേടിപ്പെടുത്തുന്നതാകും രാജ്യ തലസ്ഥാനത്തിന്റെ അന്തരീക്ഷം. ചൂടിൽ വെന്തും തണുപ്പിൽ വിറച്ചും ജീവിക്കുന്ന മനുഷ്യരുടെ ജീവിതം സ്തംഭിപ്പിക്കാൻ പതിവുതെറ്റിക്കാതെ ആ ദുരിതവും വന്നു നിറയും, – കട്ടിപ്പുക !
തീയില്ലാതെ പുകയുണ്ടാകില്ലെന്നതു കാലങ്ങളായി ഡൽഹിക്കാർക്കു പഴഞ്ചൊല്ലല്ല, പകച്ചുപോകുന്ന ജീവിത യാഥാർഥ്യമാണ്. എല്ലാ വർഷവും ഒക്ടോബറിൽ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാര സൂചിക (എക്യുഐ) കുറഞ്ഞു തുടങ്ങും. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) ഡേറ്റ പ്രകാരം ഇക്കഴിഞ്ഞ ശനിയാഴ്ചയും ഡൽഹിയും ഗുരുഗ്രാമും ‘പുവർ’ വിഭാഗത്തിലായിരുന്നു, നോയിഡയാകട്ടെ ‘വെരി പുവറും’. വരും ദിവസങ്ങളിൽ വായു മെച്ചപ്പെട്ടേക്കാമെന്നാണു സഫർ (സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച്) പ്രവചിക്കുന്നത്.
പൂജ്യം മുതൽ 50 വരെ ‘ഗുഡ്’(നല്ലത്), 51–100 വരെ ‘സാറ്റിസ്ഫാക്ടറി’(തൃപ്തികരം), 101–200 വരെ ‘മോഡറേറ്റ്’(ഇടത്തരം), 201 മുതൽ 300 വരെ ‘പുവർ’(മോശം), 301– 400 വരെ ‘വെരി പുവർ’(തീരെ മോശം), 401–500 വരെ എക്യുഐ ആയാൽ ‘സിവിയർ’(അസഹനീയം) എന്നിങ്ങനെയാണു കണക്കാക്കുന്നത്. സഫർ റിപ്പോർട്ട് പ്രകാരം ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ വൈക്കോൽ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കത്തിക്കുന്നതാണു വായു മലിനമാകാൻ പ്രധാന കാരണം. വെള്ളിയാഴ്ച മാത്രം ഇത്തരത്തിൽ 882 സംഭവങ്ങളുണ്ടായി. വരുംദിവസങ്ങളിൽ കാറ്റിന്റെ ഗതി അനുകൂലമാകുന്നതിനാൽ പുക കൂടുതലായി എത്തും. കാറ്റിനു വേഗം കുറവായതിനാൽ മാലിന്യപ്പുക നഗരത്തിൽത്തന്നെ ചുറ്റിത്തിരിയും. മഴ പെയ്തില്ലെങ്കിൽ മലിനീകരണത്തിന്റെ രൂക്ഷത കൂടും.
∙ ഡൽഹിക്കു ശ്വാസം മുട്ടുന്നതെങ്ങനെ?
ഡൽഹിയിലെയും ഇന്തോ–ഗംഗ സമതലങ്ങളിലെയും അന്തരീക്ഷ മലിനീകരണം വിവിധ ഘടകങ്ങളെ ആശ്രയിച്ചുള്ള സങ്കീർണ പ്രതിഭാസമാണ്. ഒക്ടോബറിലാണു വായു മലിനീകരണം കൂടുതൽ. വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ മൺസൂൺ പിൻവാങ്ങുന്ന സമയം. മഴക്കാലത്ത്, കാറ്റിന്റെ ദിശ കൂടുതലും കിഴക്കോട്ടാണ്. ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന കാറ്റുകൾ ഈർപ്പം വർധിപ്പിച്ചു രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തു മഴ പെയ്യിക്കുന്നു. മൺസൂൺ തീരുന്നതോടെ കാറ്റിന്റെ ദിശ വടക്കുപടിഞ്ഞാറോട്ടേക്കു മാറും.
വേനൽക്കാലത്തും കാറ്റിന്റെ ദിശ വടക്കു പടിഞ്ഞാറായിരിക്കും. രാജസ്ഥാനിൽനിന്നും ചിലപ്പോൾ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നും പൊടിപടലങ്ങൾ വഹിച്ചുള്ള കാറ്റ് എത്താറുണ്ട്. നാഷനൽ ഫിസിക്കൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനമനുസരിച്ച്, ശൈത്യകാലത്തു ഡൽഹിയിലെ കാറ്റിന്റെ 72 ശതമാനവും വടക്കുപടിഞ്ഞാറൻ ഭാഗത്തുനിന്നും ബാക്കി 28% ഇന്തോ-ഗംഗ സമതലങ്ങളിൽനിന്നുമാണ്. 2017ൽ ഇറാഖ്, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലുണ്ടായ കൊടുങ്കാറ്റ് ഡൽഹിയിലെ വായുനിലവാരം കുത്തനെ കുറച്ചിരുന്നു. കാറ്റിന്റെ ദിശാമാറ്റത്തിനൊപ്പം താപനിലയിലെ ഇടിവും മലിനീകരണത്തോത് വർധിപ്പിക്കുന്നതായി കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
അതിവേഗമുള്ള കാറ്റിനു മലിനീകരണ വസ്തുക്കളെ ദൂരേക്കു പറത്താൻ സാധിക്കും. പക്ഷേ ശൈത്യകാലത്തു വേനലിനെ അപേക്ഷിച്ച് കാറ്റിനു വേഗം കുറവാണ്. ഇത്തരം കാലാവസ്ഥാ ഘടകങ്ങളുടെ സംയോജനമാണു ഡൽഹി ഉൾപ്പെടുന്ന പ്രദേശത്തു വായു മലിനീകരണത്തിനു കളമൊരുക്കുന്നത്. അയൽ സംസ്ഥാനങ്ങളിലെ പാടങ്ങളിൽ കർഷകർ തീയിടുന്നതു നഗരത്തിലെ മലിനീകരണം ഉയർന്ന തോതിൽ എത്തിക്കുന്നു. വായുവിന്റെ നിലവാരം കുറയാനുള്ള മറ്റു രണ്ടു കാരണങ്ങൾ പൊടിയും വാഹനപ്പുകയുമാണ്.
∙ കോവിഡും വൈക്കോൽ കത്തിക്കലും
ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം കൂടുകയാണ്. കോവിഡ് ഭീതിക്കൊപ്പം ഉത്തരേന്ത്യയിൽ വായുമലിനീകരണവും ഉയരുന്നു. നിയന്ത്രണങ്ങളിൽ അയവു വന്നതോടെ ദസറ, ദീപാവലി ആഘോങ്ങൾക്കായി ജനം ഒരുങ്ങി. കാർഷിക സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെയും രാജസ്ഥാനിലെ ചില ഭാഗങ്ങൾ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെയും കർഷകർ വൈക്കോൽ കൂട്ടിയിട്ടു കത്തിക്കുന്നതാണു മലിനീകരണം തീവ്രമാക്കുന്നതെന്നാണു നിരീക്ഷണം. കോവിഡ് പ്രാഥമികമായി ശ്വാസകോശ സംബന്ധമായ രോഗമാണെന്നതു കണക്കിലെടുക്കുമ്പോൾ, വൈക്കോൽ കത്തിക്കൽ ചെറിയ പ്രശ്നമല്ലെന്നു ബോധ്യപ്പെടും.
മഹാമാരിക്കാലത്തു കുറയേണ്ടതിനു പകരം സംസ്ഥാനങ്ങളിൽ തീ കത്തിക്കൽ വളരെയധികം കൂടുകയാണു ചെയ്തതെന്നാണു വാർത്തകളും മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. പിന്നിട്ട രണ്ടു വർഷങ്ങളെ അപേക്ഷിച്ച് വിളവെടുപ്പ് സീസണിന്റെ ആദ്യ 20 ദിവസങ്ങളിൽ തീ കത്തിക്കൽ സംഭവങ്ങളിൽ ആറു മടങ്ങ് വർധനയാണു പഞ്ചാബിലുണ്ടായത്. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 9 വരെ സംസ്ഥാനത്ത് 1926 ‘തീ കത്തിക്കൽ കേസുകളാണ്’ രേഖപ്പെടുത്തിയത്. ഇതേ കാലയളവിൽ 2019ൽ 412 സംഭവങ്ങളും 2018ൽ 399 സംഭവങ്ങളുമാണ് ഉണ്ടായതെന്നു കൂടി ഓർക്കണം. 920 സംഭവങ്ങളുമായി അമൃത്സർ ജില്ലയാണു പഞ്ചാബിൽ ഇക്കാര്യത്തിൽ ഒന്നാമത്.
വേഗത്തിലും കുറഞ്ഞ ചെലവിലും വൈക്കോൽ ഇല്ലാതാക്കാനുള്ള മാർഗമായാണു കുറച്ചു വർഷങ്ങളായി തീയിടലിനെ കർഷകർ പരിഗണിക്കുന്നത്. ഭൂഗർഭജലം സംരക്ഷിക്കാൻ ലക്ഷ്യമിട്ട് 2009ൽ പഞ്ചാബ്, ഹരിയാന സർക്കാരുകൾ നെല്ല് വിതയ്ക്കുന്നതിനു കാലതാമസം വരുത്തുന്ന നിയമങ്ങൾ പാസാക്കി. ഇതോടെ കൊയ്ത്തിനും നിലമൊരുക്കാനും കൃഷിയിറക്കാനും കുറച്ചു സമയമേ കർഷകർക്കു കിട്ടുന്നുള്ളൂ എന്നു പരാതിയുയർന്നു. വൈക്കോൽ ദ്രവിച്ചു മണ്ണിൽ ചേരാനുള്ള സമയമില്ല. ഉയർന്ന അളവിൽ സിലിക്ക അടങ്ങിയതിനാൽ കന്നുകാലികൾക്കു തീറ്റയായി വൈക്കോൽ കൊടുക്കാനുമാവില്ല. അങ്ങനെയാണു തീയിടുക എന്ന ആശയത്തിലേക്കു കർഷകരെത്തിയത്. കഴിഞ്ഞ 11 വർഷമായി, കേന്ദ്രവും സംസ്ഥാന സർക്കാരുകളും എത്ര ശ്രമിച്ചിട്ടും തീയിടലിനെ പിടിച്ചുകെട്ടാനായില്ലെന്നു മാത്രമല്ല, ഓരോ കൊല്ലവും കൂടുകയുമാണ്.
∙ നെല്ലു വിതയ്ക്കും വിളവെടുക്കും, ഇഷ്ടം ഗോതമ്പ്
1960 കളുടെ മധ്യത്തിൽ നടന്ന ഹരിതവിപ്ലവത്തിന്റെ ഫലമായി ഡൽഹിക്കു ചുറ്റുമുള്ള പ്രദേശങ്ങളിൽ അരി ഉൽപാദനം കൂടി. ഭക്ഷ്യധാന്യ ഉൽപാദനത്തിൽ എങ്ങനെയെങ്കിലും സ്വയംപര്യാപ്തത കൈവരിക്കുകയായിരുന്നു വിപ്ലവത്തിന്റെ ഉദ്ദേശ്യം. പരമ്പരാഗതമായി നെല്ല് വിളയുന്ന കിഴക്ക്, തെക്ക്, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ അരി പ്രധാന ഭക്ഷണമാണ്. എന്നാൽ പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നെല്ല് കൃഷിക്കാർ അവരുടെ ആവശ്യത്തിന് ഉപയോഗിക്കുന്നില്ല. നെല്ല് അവർക്കു വാണിജ്യവിള മാത്രമാണ്. ഗോതമ്പ് ആണ് ഇവിടങ്ങളിൽ മുഖ്യാഹാരം.
ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത് ഇവിടങ്ങളിൽ കൃഷിചെയ്യുന്ന, വൻവിളവ് നൽകുന്ന നെല്ല് കൂടുതലും കുള്ളൻ ഇനമാണ്. യന്ത്രവൽകൃത വിളവെടുപ്പിന് അനുയോജ്യമാണിത്. ഖാരിഫ് വിളവെടുപ്പിനു പിന്നാലെ പാടങ്ങളിൽ വൈക്കോൽ ചിന്നിച്ചിതറി കിടക്കും. റാബി സീസണിൽ തുടർന്നുള്ള വിതയ്ക്കലിനു നിലം വൃത്തിയാക്കാൻ കൂടുതൽ പണം മുടക്കാൻ ഇഷ്ടപ്പെടാത്ത കർഷകർ വൈക്കോൽ കത്തിക്കലാണ് എളുപ്പവഴിയായി കാണുന്നത്. മറ്റു മാർഗമില്ലെന്നാണു കർഷകർ പറയുന്നതും. പരമ്പരാഗതമായി നെൽക്കൃഷി നടത്തുന്ന മറ്റു പ്രദേശങ്ങളിലുള്ളവർക്കു വൈക്കോൽ വലിയ പ്രശ്നമല്ലെന്നതു ശ്രദ്ധിക്കണം.
ഖാരിഫ്, റാബി സീസണുകളിൽ നെൽക്കൃഷി നടക്കുമ്പോഴും കിഴക്ക്, തെക്ക്, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ വൈക്കോൽ കത്തിക്കൽ ഭീഷണിയില്ല. അരി ഇവിടങ്ങളിൽ വാണിജ്യ വിളയല്ലാത്തതിനാൽ കുള്ളൻ ഇനങ്ങൾക്കോ അമിതമായ യന്ത്രവൽക്കരണത്തിനോ സ്ഥാനമില്ല. ഇവിടങ്ങളിലെ ഉയരക്കൂടുതലുള്ള ഇനം നെല്ല് കനത്ത മഴയെയും വെള്ളപ്പൊക്കത്തേയും അതിജീവിക്കും. വിളവെടുപ്പിനുശേഷം വൈക്കോൽ കന്നുകാലികളുടെ തീറ്റയായി മാറുന്നു. വീടുകളുടെയും മറ്റും മേൽക്കൂര മേയാനും ഉപയോഗിക്കാറുണ്ട്. സാങ്കേതികവിദ്യ പുരോഗമിച്ച ഇക്കാലത്തും വൈക്കോൽ കത്തിക്കുന്നതിനു പകരം മാർഗം സ്വീകരിക്കുന്നില്ലെന്നതു ചിന്തനീയമാണ്.
∙ ‘യുദ്ധം’ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ
ദേശീയ തലസ്ഥാന മേഖലയിലെ (എൻസിആർ) അന്തരീക്ഷ മലിനീകരണം പരിഹരിക്കുന്നതിനു സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി.ലോക്കൂറിന്റെ നേതൃത്വത്തിൽ ഒറ്റയാൾ മോണിറ്ററിങ് കമ്മിറ്റിയെ സുപ്രീം കോടതി കഴിഞ്ഞദിവസം നിയമിച്ചു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്കു മാർഗനിർദേശങ്ങൾ നൽകാനുള്ള അധികാരം കമ്മിറ്റിക്കുണ്ട്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരോടു ജസ്റ്റിസ് ലോക്കൂറിന് എല്ലാ സഹായങ്ങളും നൽകണമെന്നു കോടതി നിർദേശിച്ചു. ഫലത്തിൽ, ഡൽഹിയുടെ അനൗപചാരിക എയർ കമ്മിഷണറാണ് ഇദ്ദേഹം.
അന്തരീക്ഷ മലിനീകരണത്തിനെതിരെ ‘യുദ്ധം’ പ്രഖ്യാപിച്ചിരിക്കുകയാണു അരവിന്ദ് കേജ്‍രിവാൾ സർക്കാർ. വായു മലിനീകരണം തടയുന്നതിന്റെ ഭാഗമായുള്ള പദ്ധതികളും പ്രചാരണങ്ങളും ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ വായു മലിനീകരണം വർധിക്കുന്നതു ജീവൻ അപകടത്തിലാക്കുമെന്നു ‘യുദ്ധ് പ്രധുഷൻ കെ വിരുദ്ധ്’ എന്ന യജ്ഞം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. നഗരത്തിൽ വായു മലിനീകരണം ഏറ്റവും കൂടുതലുള്ള 13 ഹോട്സ്പോട്ടുകൾക്കു വേണ്ടി പ്രത്യേക പദ്ധതികളാണു ആവിഷ്കരിച്ചിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ‘വാർ റൂം’ ഒരുക്കി.
സംസ്ഥാന സർക്കാരിന്റേതായി ഗ്രീൻ ഡൽഹി മൊബൈൽ ആപ്ലിക്കേഷനുമുണ്ട്. പൊടിശല്യം വർധിക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ കുഴികൾ എത്രയും വേഗം അടയ്ക്കാൻ നിർദേശം നൽകി. ഡൽഹിക്കു 300 കിലോമീറ്റർ പരിധിയിലുള്ള 11 താപ വൈദ്യുത നിലയങ്ങൾ പുതിയ പരിസ്ഥിതി മാനദണ്ഡങ്ങൾ നടപ്പാക്കാൻ വൈകിയിരിക്കുകയാണ്. കഴിഞ്ഞ ഡിസംബർ വരെയാണു സമയം നൽകിയിരുന്നത്. ഡൽഹിയിൽ 2 പവർ പ്ലാന്റുകൾ അടച്ചു. സമീപ സംസ്ഥാനങ്ങളിലെ 11 പ്ലാന്റുകളിലെ മലിനീകരണം കുറയ്ക്കേണ്ടതുണ്ട്. കാർഷിക വിള അവശിഷ്ടങ്ങൾ കത്തിക്കുന്നതിനു പകരമായി ഇന്ത്യൻ കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ചെലവു കുറഞ്ഞ രാസവസ്തു തയാറാക്കിയിട്ടുണ്ട്. ഇത് വൻതോതിൽ നിർമിച്ച് ഈ വർഷം ഡൽഹിയിൽ പ്രയോഗിക്കും. അടുത്ത വർഷം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും കേജ്‍രിവാൾ പറഞ്ഞു.
∙ വേണ്ടതും ഇല്ലാത്തതും രാഷ്ട്രീയ ഇച്ഛാശക്തി
ഡൽഹിയുടെ അന്തരീക്ഷം തെളിമയുള്ളതാക്കാൻ മൂന്നു കാര്യങ്ങളാണ് അടിയന്തരമായി ചെയ്യേണ്ടതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാർഷികാവശിഷ്ടങ്ങൾ കത്തിക്കാതിരിക്കുക, മാലിന്യം കത്തിക്കുന്നത് തടയുക, ഡീസൽ ജനറേറ്ററുകളുടെ ഉപയോഗം നിരോധിക്കുക. ആരവല്ലി പർവതത്തെ വീണ്ടും പച്ചപ്പാക്കി മരുഭൂവൽക്കരണം തടയുക, വാഹനങ്ങൾ ഹരിത ഇന്ധനത്തിലേക്കു പൂർണമായും മാറുക, മികച്ച മാലിന്യ സംസ്കരണം, വ്യവസായങ്ങളെ ഡൽഹിക്കു പുറത്തേക്കു പറിച്ചുനടൽ, നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കൽ എന്നിവയാണു സ്ഥിരമായി ചെയ്യേണ്ട കാര്യങ്ങൾ. മലിനവായുവിന് ഇതുവരെ ശാശ്വത പരിഹാരം കണ്ടെത്താത്തതിന്റെ കാരണങ്ങൾ പൂർണമായും രാഷ്ട്രീയമാണ് എന്നതാണു സത്യം.
കേന്ദ്രവും ഹരിയാനയും ഉത്തർപ്രദേശും ഭരിക്കുന്നതു ബിജെപിയാണ്. പഞ്ചാബും രാജസ്ഥാനും കോൺഗ്രസും ന്യൂഡൽഹി ആം ആദ്മി പാർട്ടിയും ഭരിക്കുന്നു. പരിഹാരം കണ്ടെത്തുന്നതിനേക്കാൾ ഡൽഹി സർക്കാരിനെ കുറ്റപ്പെടുത്തുന്നതിലാണു കേന്ദ്ര സർക്കാരും പരിസ്ഥിതി മന്ത്രാലയവും കൂടുതൽ താൽപര്യം കാണിക്കുന്നത്. മറ്റു സംസ്ഥാനങ്ങളും ഡൽഹിയുടെ കുറ്റങ്ങളാണു വിളിച്ചുപറയുന്നത്. വൈക്കോൽ കത്തിക്കൽ അവസാനിപ്പിക്കണമെന്നു ഡൽഹി പറയുമ്പോൾ, പ്രാദേശിക ഘടകങ്ങളാണു കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നതെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നാണു ബിജെപിയുടെ വാദം.
തലസ്ഥാനത്തെ മലിനീകരണത്തിൽ നാലു ശതമാനം മാത്രമേ വൈക്കോൽ കത്തിക്കലിന്റെ സംഭാവനയുള്ളൂ എന്നാണു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞത്. കോൺഗ്രസും ബിജെപിയും സഖ്യത്തിലാണെന്നും വൈക്കോൽ കത്തിക്കാൻ ജനത്തെ അനുവദിക്കുകയാണെന്നും ആം ആദ്മി പാർട്ടി തിരിച്ചടിച്ചു. ഡൽഹി സർക്കാർ ഈ വർഷം 65,000 കോടി രൂപയുടെ ബജറ്റ് പ്രഖ്യാപിച്ചതിൽ 52 കോടി രൂപ മാത്രമാണു പരിസ്ഥിതി വകുപ്പിന് അനുവദിച്ചതെന്നാണു ബിജെപിയുടെ മറുപടി. ശക്തമായ നടപടിക്കുള്ള ഇച്ഛാശക്തി കാണിക്കാതെ ആരോപണ പ്രത്യാരോപണങ്ങളുമായി പാർട്ടികളും സർക്കാരുകളും കാലം കഴിക്കുമ്പോൾ പുകനിറയുന്നത് സാധാരണക്കാരുടെ ജീവിതങ്ങളിലാണ്.
English Summary: Stubble burning in Covid times: Why Punjab, Haryana's apathy is worsening New Delhi and North India's air