ADVERTISEMENT

ഇസ്‍‌ലാമാബാദ് ∙ ജമ്മു കശ്മീരിൽ സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകളുമായി ആക്രമണം നടത്താൻ പാക്കിസ്ഥാൻ സൈന്യം ഭീകര സംഘടനകൾക്കു പരിശീലനം നൽകുന്നതായി റിപ്പോർട്ട്. ഇറാഖിലും സിറിയയിലും വർഷങ്ങളോളം ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ നടത്തിയ പോരാട്ടങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണു നീക്കം.

ഐഎസ് വിജയിപ്പിച്ച ഡ്രോൺ ആക്രമണ പദ്ധതി കശ്മീരില്‍ നടപ്പാക്കാനുള്ള പദ്ധതി മുന്നോട്ടു വച്ചത് പാക്ക് ചാരസംഘടനയാണെന്നു രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു. ഈ വർഷം ഏപ്രിലിൽ പഞ്ചാബ് പ്രവിശ്യയിലെ ടാക്സിലയിൽ ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് കമാൻഡർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണു പദ്ധതിയെക്കുറിച്ച് ആദ്യം ഐഎസ്ഐ വ്യക്തമാക്കുന്നത്.

പാക്ക് അധിനിവേശ കശ്മീരിലെ കൊട്ട്‌ലി ജില്ലയിലെ ബ്രിഗേഡ് ആസ്ഥാനത്തു മേയിൽ ഇതു സംബന്ധിച്ച തുടര്‍ ചർച്ചയും നടന്നു. മൂന്നു കിലോമീറ്റർ സഞ്ചരിക്കുന്നതും അഞ്ചു കിലോ സ്ഫോടക വസ്തുക്കൾ നിറയ്ക്കാവുന്നതുമായ ക്വാഡ്കോപ്റ്ററുകൾ ഉപയോഗിച്ച് ആക്രമണം നടത്താൻ ചർച്ചകളിൽ തീരുമാനമെടുക്കുകയായിരുന്നു. ശത്രു ടാർഗറ്റുകളിൽ ചെറിയ അളവിലുള്ള യുദ്ധക്കോപ്പുകൾ ഡ്രോണുകളുപയോഗിച്ചു നിക്ഷേപിക്കാനും തീരുമാനിച്ചു.

യുദ്ധമുഖങ്ങളിൽ ഏറ്റവും വിജയകരമായി ഡ്രോണുകൾ ഉപയോഗിച്ചത് ഐഎസ് ഭീകരരാണ്. ‘കില്ലർ ബീസ്’ എന്ന അറിയപ്പെട്ടിരുന്ന ഡ്രോൺ ആക്രമണത്തിന് തടയിടാനായി കോടികളാണ് യുഎസിനു മുടക്കേണ്ടി വന്നത്‌. ഡ്രോൺ ഉപയോഗിച്ചുള്ള ഐഎസിന്റെ ഈ ആക്രമണപദ്ധതി മറ്റു പലരും ഏറ്റെടുത്തിട്ടുണ്ട്. ഇറാഖി സെക്യൂരിറ്റി സേനയാണ് ആക്രമണത്തിനായി ഇത് ആദ്യമായി ഏറ്റെടുത്തത്.

2017ൽ മെക്സിക്കോയിലെ ഒരു സംഘം വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകളുമായി പിടിയിലായിരുന്നു. പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം വർധിച്ചിട്ടുണ്ട്. സെക്യൂരിറ്റി ക്യാംപുകളും അതിർത്തിയിലെ സൈനിക പോസ്റ്റുകളും ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ ഡ്രോണുകളടക്കമുള്ളവ നിർവീര്യമാക്കുന്നതിന് ബിഎസ്എഫും ഇന്ത്യൻ സൈന്യവും തയാറായിരിക്കണമെന്നു ഭീകരവാദ വിരുദ്ധവിഭാഗത്തിലെ മുതിർന്ന ഓഫിസർ പറഞ്ഞു.

പാക്കിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിനു മുതിർന്നാൽ സമാനമായ രീതിയിൽ ഇന്ത്യ തിരിച്ചടിക്കും. അത് ഡ്രോൺ ഉപയോഗിച്ചോ അല്ലാതെയോ ആകാം. തുടക്കം മുതൽ തന്നെ ഇത്തരത്തിൽ ഡ്രോൺ ആക്രമണങ്ങൾ നടത്താൻ കേന്ദ്രം അനുമതി നൽകണമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

English Summary: Pak ISI finds its inspiration in IS tactics, preps to rain drone bombs in J&K

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com