മോദിയുടെ അടുപ്പക്കാര്‍ക്കായി കാര്‍ഷിക സംസ്കൃതി തകര്‍ക്കുന്നു: രാഹുൽ ഗാന്ധി
Mail This Article
കൽപറ്റ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരായ ഒന്നോ രണ്ടോ വലിയ ബിസിനസുകാര്‍ക്കു വഴിതുറക്കാനായി കാര്‍ഷിക സംസ്കൃതിയെ കേന്ദ്രം തകര്‍ക്കുന്നെന്നു കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. കോവിഡ് പ്രതിസന്ധിയുടെ സമയത്താണ് ഇതു നടപ്പിലാക്കുന്നതെന്നതാണു വലിയ ദുരന്തം. കര്‍ഷകരെ സഹായിക്കാന്‍ ദേശീയാടിസ്ഥാനത്തില്‍ നടപടിയുണ്ടാകണം. പഞ്ചാബ് സർക്കാർ ചെയ്യുന്ന കാര്യങ്ങള്‍ മാതൃകയാക്കാവുന്നതാണ്. കര്‍ഷകരാണു രാജ്യത്തെ ഭക്ഷ്യസുരക്ഷ നിലനിര്‍ത്തുന്നതെന്നും വയനാട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലാണവര്‍. എന്നാല്‍, കോവിഡ് കാലമായതിനാല്‍ കര്‍ഷകര്‍ ഇതിനെതിരെ പ്രതികരിക്കില്ലെന്നു സർക്കാർ കരുതി. എന്നാല്‍, അവര്‍ക്കു തെറ്റി. കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. വയനാട്ടില്‍ കര്‍ഷകര്‍ക്കു നല്ല അവസരങ്ങളുണ്ട്. ബസുമതി അരി മാര്‍ക്കറ്റ് ചെയ്തപോലെ വയനാടിന്റെ തനത് വിഭവങ്ങളും ബ്രാന്‍ഡ് ചെയ്തു രാജ്യാന്തര വിപണിയിൽ എത്തിക്കാനാകണം. നെല്‍ക്കര്‍ഷകര്‍ക്കു കിട്ടിയിരുന്ന സബ്ഡിസി നിര്‍ത്തലാക്കിയ നടപടി പുനഃസ്ഥാപിക്കണം.
ചൈനയുടെ കടന്നുകയറ്റം
ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്നുകയറി ചൈനീസ് പട്ടാളം ഇപ്പോഴും അവിടെ തുടരുന്നതെന്തുകൊണ്ടെന്നു പ്രധാനമന്ത്രി വിശദീകരിക്കണം. നമ്മുടെ 12000 സ്ക്വയര്‍ കിലോമീറ്റര്‍ ഭൂമിയാണു ചൈന കയ്യടക്കിയിരിക്കുന്നത്. എന്നാല്‍, പ്രധാനമന്ത്രി ഇതു സമ്മതിക്കാതെ രാജ്യത്തോടു നുണ പറയുന്നു. ചൈന നമ്മുടെ ഭൂമി കയ്യേറിയിട്ടില്ലെന്നു പട്ടാളമോ പ്രതിരോധമന്ത്രിയോ കരുതുന്നില്ല. പട്ടാളം ചൈനയോടു വിലപേശിക്കൊണ്ടിരിക്കുമ്പോഴും ചൈനയെക്കുറിച്ച് എന്തെങ്കിലും സംസാരിക്കാന്‍ പ്രധാനമന്ത്രിക്കു ഭയമാണ്. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകര്‍ത്തു തരിപ്പണമാക്കി.
ഇതൊക്കെ മൂലമാണു ചൈനയ്ക്കു നമ്മുടെ ഭൂമി കയ്യേറാനുള്ള ശക്തി കിട്ടിയത്. പക്ഷേ, പ്രധാനമന്ത്രി മിണ്ടുന്നില്ല. അദ്ദേഹം രാജ്യത്തിന്റെ അടിസ്ഥാനശിലകളെ തകര്‍ക്കുന്നു. മാധ്യമങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ക്കുന്നു. രാജ്യത്തെ ജനങ്ങളെ ഏകീകരിക്കുകയാണു പ്രധാനം. എല്ലാ വിഭാഗം ആളുകളും ബഹുമാനിക്കപ്പെടണം. എന്നാല്‍, രാജ്യത്തെ ജനങ്ങളെ വിഭജിക്കാന്‍ ബിജെപി ശ്രമിക്കുന്നു. നിങ്ങള്‍ രാജ്യത്തെ ജനങ്ങളെ വിഭജിക്കുമ്പോള്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. ജനങ്ങളില്‍ ഐക്യബോധം വളര്‍ത്തുമ്പോഴാണു നമ്മള്‍ ശക്തിപ്പെടുക.
ദേശീയനേതാക്കള്‍ക്കെതിരെയുള്ള കേസ്
ഇപ്പോഴത്തെ സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയാണ്. വരുതിക്കു നില്‍ക്കാത്തവരെ സിബിഐ, ഇഡി തുടങ്ങിയ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്. എനിക്കെതിരെയും ഒട്ടേറെ കേസുകള്‍ ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ട്. രാജ്യത്തെ ജനങ്ങള്‍ക്കു നീതി കിട്ടാനായി ആരംഭിച്ച സ്ഥാപനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുന്നു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി സിബിഐയെയും ഇഡിയെയും ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. അന്വേഷണ ഏജന്‍സികള്‍ പ്രധാമന്ത്രിയുടെ സ്വകാര്യസ്വത്തല്ല, രാജ്യത്തിന്റെ പൊതുസ്വത്താണ്.
കമല്‍നാഥിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം
സ്ത്രീകളെ എല്ലാവരും ബഹുമാനത്തോടെയേ കാണാവൂ. കമല്‍നാഥ് എന്റെ പാര്‍ട്ടിയിലെ ആളാണ്. എങ്കിലും അദ്ദേഹം ഉപയോഗിച്ച ഭാഷയോടു യോജിക്കാനാകില്ല. അതു നിര്‍ഭാഗ്യകരമാണ്. അത്തരം പരാമര്‍ശങ്ങള്‍ ആരു നടത്തിയാലും എതിര്‍ക്കും. സ്ത്രീകളോടുള്ള നമ്മുടെ പെരുമാറ്റം ഏറെ മെച്ചപ്പെടാനുണ്ട്.
മുണ്ടേരി ഗവ. സ്കൂള്‍ കെട്ടിടം ഉദ്ഘാടനം
ഉദ്ഘാടനം റദ്ദാക്കിയെങ്കില്‍ എനിക്കു കുഴപ്പമില്ല. ഞാന്‍ വയനാടിനെ പ്രതിനിധീകരിക്കുന്നതുപോലെ മറ്റുള്ളവരും വയനാടിനെ പ്രതിനിധീകരിക്കട്ടെ. ഞാന്‍ മാത്രമല്ല, എംഎല്‍എമാരടക്കമുള്ളരും ജനങ്ങളെയാണു പ്രതിനിധീകരിക്കുന്നത്. എന്നാല്‍, ഞാന്‍ മറ്റൊരു പാര്‍ട്ടിയിലെ ആളാണെന്നോ എന്റെ ആദര്‍ശം വ്യത്യസ്തമാണെന്നോ കരുതി ജനങ്ങളുടെ ശബ്ദം ഉയരുന്നതു തടയരുതെന്നേയുള്ളൂ. മഹാമാരിക്കെതിരായി പോരാടുന്ന സമയത്ത് എല്ലാ കാഴ്ചപ്പാടുകളും നമുക്കു പ്രധാനമാകണം.
പ്രതിപക്ഷത്തിനും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ടാകണം. സര്‍ക്കാരുമായി ആശയവ്യത്യാസമുണ്ടെന്നു കരുതി ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന കാര്യങ്ങള്‍ ഞാന്‍ പറയാതിരിക്കില്ല. പരസ്പരം കുറ്റപ്പെടുത്താനില്ല. ഒരു തിരഞ്ഞെടുപ്പ് അടുത്തുവരികയാണെന്നു കരുതി എല്ലാം തീരുന്നില്ലല്ലോ.
കേരളത്തിലെ സ്വര്‍ണക്കടത്ത്
ഇക്കാര്യത്തില്‍ എന്‍ഐഎയുടെയും മറ്റ് ഏജന്‍സികളുടെയും അന്വേഷണം നടക്കുകയാണ്. അന്വേഷണം എങ്ങനെ പോകുന്നുവെന്നു നോക്കാം. എല്ലാ തരത്തിലും നീതി പുലരണമെന്നേയുള്ളൂ.
Content Highlight: Rahul Gandhi Press Meet, Rahul in Wayanad, Farmers Protest