ADVERTISEMENT

പട്ന∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യം തൂത്തുവാരുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. എൽജെപി നേതാവ് ചിരാഗ് പസ്വാനോട് നിതീഷ് കുമാർ അനീതിയാണ് കാണിച്ചത്. എന്നാൽ ചിരാഗിനെ ഒപ്പം കൂട്ടുന്നത് പരിഗണനയില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

പേര് മഹാസഖ്യമെന്നാണെങ്കിലും മുഖവും മേൽവിലാസവും മുഖ്യമന്ത്രി സ്ഥാനാർഥിയുമടക്കം സർവം തേജസ്വി യാദവാണ്. പതിനെട്ടടവും പയറ്റിതെളിഞ്ഞ നിതീഷ് കുമാറിനെ നേരിടുന്ന പ്രതിപക്ഷ നേതാവ്. അണയാൻ തുടങ്ങിയ ആർജെഡിയുടെ റാന്തലിൽ തിരിച്ചുവരവിന് തിരിതെളിയിക്കാനുള്ള തീവ്രയത്‌നത്തിലാണ് തേജസ്വി. ഒപ്പം, ബിഹാർ രാഷ്ട്രീയത്തെ കൈവെള്ളയിലിട്ട് അമ്മാനമാടിയ പിതാവിന്റെ പിന്തുടർച്ചാവകാശിയാകാനുള്ള പരുവപ്പെടലിലും.

വാക്കും നോട്ടവുമെല്ലാം ലാലുവിന്റെ അസാന്നിധ്യം പരിഹരിക്കുന്നു. മുഖ്യമന്ത്രിയായാൽ ആദ്യം ഒപ്പിടുക 10 ലക്ഷം പേർക്ക് സർക്കാർ ജോലി നൽകാനുള്ള ഫയലിലാകുമെന്ന് തേജസ്വി യാദവ് പറയുന്നു. ലോക്ഡൗൺ കാലത്തെ തൊഴിലാളികളുടെ
കൂട്ട പലായനമാണ് നിതീഷിനെതിരായ പ്രധാന ആയുധം.

സീറ്റുവിഭജനത്തിൽ മുതൽ പ്രചാരണ പ്രസംഗത്തിൽ വരെ സഖ്യകക്ഷികള്‍ക്ക് കൃത്യമായ പരിഗണന നൽകാൻ തേജസ്വി ശ്രദ്ധിക്കുന്നു. ചിരാഗ് പസ്വാനു തേജസ്വിക്കുള്ള മൃദുസമീപനമാണ് ബിഹാർ രാഷ്ട്രീയത്തിലെ പുതിയ ചർച്ച വിഷയം. ചിരാഗിനോട് നിതീഷ് അനീതിയാണ് കാണിച്ചതെന്ന് തേജസ്വി പറയുന്നു. എന്നാല്‍ മഹാസഖ്യത്തിലേക്ക് ചിരാഗ് എത്തുമോയെന്ന ചോദ്യത്തിന് തേജസ്വിയുടെ മറുപടി ചിരാഗ് ബിജെപിയുടെ സ്വന്തമാണെന്നാണ്.

Content Highlight: Tejashwi Yadav, Bihar Election, Chirag Paswan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com