വിദഗ്ധർ ചോദ്യം ചെയ്തു; ലഡാക്കിൽ പിടിയിലായ സൈനികനെ ചൈനയ്ക്ക് കൈമാറി
Mail This Article
ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിൽ പിടിയിലായ ചൈനീസ് സൈനികനെ ഇന്ത്യ മോചിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിക്ക് (പിഎൽഎ) കൈമാറിയത്. ഡെംചോക് മേഖലയിൽനിന്നു പിടിയിലായ കോർപറൽ വാങ് യാ ലോങ്ങിനെ ചൈനീസ് കാര്യങ്ങളിലെ വിദഗ്ധർ ചോദ്യംചെയ്തതിനു ശേഷമാണ് കൈമാറിയത്.
ഇന്ത്യൻ മേഖലയിലേക്ക് അശ്രദ്ധമായി കടന്നുകയറിയതാകാം ഇയാളെന്നാണു കഴിഞ്ഞദിവസം റിപ്പോർട്ടുണ്ടായിരുന്നത്. ലോങ്ങിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ചൈനീസ് സൈന്യം ഇന്ത്യൻ സേനയെ സമീപിച്ചിരുന്നു. രാജ്യാന്തര നിയമങ്ങൾ പാലിച്ച്, അവശ്യമായ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി, പ്രോട്ടോക്കോൾ പ്രകാരം സൈനികനെ തിരിച്ചേല്‍പിക്കുമെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
യഥാർഥ നിയന്ത്രണ രേഖ (എൽഎസി) മറികടന്നെത്തിയ ചൈനീസ് സൈനികന് ഓക്സിജൻ ഉൾപ്പെടെ എല്ലാ ചികിത്സാ സഹായങ്ങളും നൽകുന്നുണ്ടെന്നു സേന അറിയിച്ചു. പിടിയിലാകുമ്പോൾ ഇയാളുടെ കയ്യിൽ സിവിൽ, മിലിട്ടറി രേഖകൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. മേയ് മുതൽ യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ സംഘര്‍ഷം നിലനിൽക്കുകയാണ്. ജൂണിൽ ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.
English Summary: Chinese Soldier, Held After He Strayed Into Ladakh, Handed Back