കറാച്ചിയില്‍ ഏറ്റുമുട്ടി പൊലീസും സൈന്യവും; സ്റ്റേഷനുകള്‍ പിടിച്ച് പട്ടാളം, നിരവധി മരണം
Mail This Article
കറാച്ചി ∙ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മരുമകനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാനായി സിന്ധ് പൊലീസ് മേധാവിയെ പാക്ക് സൈന്യം തട്ടിക്കൊണ്ടു പോയതിനെ തുടര്‍ന്ന് കറാച്ചിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. പലയിടത്തും പൊലീസും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
കറാച്ചി സര്‍വകലാശാലയ്ക്കു സമീപം വന്‍ സ്‌ഫോടനമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കറാച്ചിയിലെ മിക്ക പൊലീസ് സ്‌റ്റേഷനുകളുടെയും നിയന്ത്രണം പാക്കിസ്ഥാന്‍ സൈന്യം ഏറ്റെടുത്തുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഏറ്റുമുട്ടലില്‍ അഞ്ച് സൈനികരും പത്തു പൊലീസുകാരും കൊല്ലപ്പെട്ടതായും സൂചനയുണ്ട്.
പ്രതിഷേധക്കാരും കറാച്ചിയിലെ തെരുവുകളില്‍ ഇറങ്ങിയതോടെ പലയിടത്തും സംഘര്‍ഷം തുടരുകയാണ്. ഇമ്രാന്‍ ഖാന്‍ ഭരണകൂടത്തിനെതിരെ പ്രതിപക്ഷസഖ്യം നടത്തിയ റാലിയില്‍ പങ്കെടുത്തതിനു പിന്നാലെയാണ് നവാസ് ഷെരീഫിന്റെ മരുമകന്‍ മുഹമ്മദ് സഫ്ദറിനെ അറസ്റ്റ് ചെയ്തത്. കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് സഫ്ദര്‍ മോചിതനായി.
എന്നാല്‍ സഫ്ദറിനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിടീക്കാനായി സിന്ധ് പ്രവിശ്യ പൊലീസ് മേധാവി മുഷ്താഖ് മെഹറിനെ സൈന്യം തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്ത പുറത്തുവന്നതോടെ പൊലീസ് പ്രകോപിതരാകുകയായിരുന്നു. പലയിടത്തും സൈന്യവും പൊലീസും തമ്മില്‍ വെടിവയ്പുണ്ടായെന്നാണു റിപ്പോർട്ട്.
കറാച്ചിയില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതായി ഇന്റര്‍നാഷനല്‍ ഹെറാള്‍ഡ് സമൂഹമാധ്യമത്തിൽ അറിയിച്ചു. വിഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ ഉത്തരവിട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അവധിയില്‍ പോയി. സിന്ധ് പൊലീസിനെ സല്യൂട്ട് ചെയ്യുന്നുവെന്ന് നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസ് ട്വിറ്ററില്‍ കുറിച്ചു.
English Summary: Clashes Break Out Between Pakistani Army And Police In Karachi