ADVERTISEMENT

പാലക്കാട് ∙ തുടർച്ചയായ ന്യൂനമർദ്ദത്തിന്റെ ഫലമായി ആവശ്യത്തിലധികം മഴ ലഭിച്ചതിനു പിന്നാലെ താപനിലയങ്ങൾ അടച്ചിട്ടതോടെ ദക്ഷിണേന്ത്യയിലെ സിമന്റ് വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക്. കൽക്കരി താപനിലയങ്ങളിൽനിന്നുള്ള ഫ്ലൈ ആഷ് (പേ‍ാസേ‍ാലന) ആണ് സിമന്റ് നിർമാണത്തിനുള്ള പ്രധാന അസംസ്കൃതവസ്തു. കർണാടകയിലെയും തമിഴ്നാട്ടിലെയും കൽക്കരി താപനിലയങ്ങളിൽ നിന്നാണ് ഫ്ലൈ ആഷ് ലഭ്യമാകുന്നത്.

മഴ വലിയ തോതിൽ ലഭിച്ചതോടെ ഈ സംസ്ഥാനങ്ങളിലെ ജലവൈദ്യുതപദ്ധതികൾ കൂടുതൽ വൈദ്യുതി ഉൽപാദിപ്പിച്ചുതുടങ്ങി. അതോടെ
ഇവിടങ്ങളിലെ മിക്ക താപനിലയങ്ങളുടെയും പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽ കൂടംകുളം ആണവപദ്ധതിയിൽ നിന്നുള്ള വൈദ്യുതിയും വലിയതേ‍ാതിൽ ലഭിക്കുന്നുണ്ട്. വിൻഡ്മിൽ വൈദ്യുതി ഉൽപാദനവും വ്യാപകമായി. കൽക്കരി നിലയങ്ങൾ അടച്ചതോടെ ഫ്ലൈ ആഷിന്റെ ലഭ്യത കുറഞ്ഞു.

ഫ്ലൈആഷ് ഉപയേ‍ാഗിച്ചാണ് ദക്ഷിണേന്ത്യയിലെ 90% ഫാക്ടറികളും ഗുണമേന്മയുള്ള സിമന്റ് നിർമിക്കുന്നത്. സംസ്ഥാനത്തെ ഏക പൊതുമേഖലാ സിമന്റ് ഫാക്ടറിയായ മലബാർ സിമന്റ്സിൽ 90% വും ഇത്തരം സിമന്റാണ് നിർമിക്കുന്നത്. ഇവിടെ വർഷത്തിൽ 1.5 ലക്ഷം ടൺ ആഷ് ആവശ്യമുണ്ട്. സിമന്റിൽ 35 % വരെയാണ് ആഷ് ചേർക്കുക. ചെറുകിട കമ്പനികളിൽ ഇത് 50 % വരെയാണ്. ടണ്ണിന് 1300 രൂപ വരെയാണ് നിലവിൽ ഇതിന്റെ വില. ജിപ്സം, ക്ലിങ്കർ (ചുണ്ണാമ്പുകല്ലും ലാറ്ററേറ്റും ചേർന്നത്) എന്നിവയാണ് സിമന്റിന്റെ മറ്റ് അസംസ്കൃത വസ്തുക്കൾ.

തമിഴ്നാട്, കർണാടക മേഖലകളിൽ ക്ലസ്റ്ററുകളായി ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. നിലവിലുള്ള ചുരുക്കം താപനിലയങ്ങളിൽനിന്നു ലഭ്യമാകുന്ന ആഷിനു വേണ്ടി കടുത്ത മത്സരമാണ്. തുടർന്ന് പലരും ഇതിനു വില വർധിപ്പിച്ചു. ഉത്തരേന്ത്യയിൽനിന്ന് ആഷ് എത്തിക്കാൻ ചെലവ് കൂടുമെന്നതിനാൽ അത് സിമന്റ് വില കൂടാൻ ഇടയാക്കും. ലേ‍ാക്ഡൗൺ ഇളവുകളെ തുടർന്ന് നിർമാണമേഖല സജീവമാകുന്നതിനിടെ ഫ്ലൈആഷ് ക്ഷാമം രൂക്ഷമായത് സിമന്റ് ഉൽപാദനത്തെയും നിർമാണ മേഖലയെയും ബാധിക്കും.

കൽക്കരിപ്പെ‍ാടി
താപനിലയങ്ങളിലെ കൽക്കരിയുടെ ചാരത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന ഏറ്റവും നേരിയ പെ‍ാടിയാണ് ഫ്ലൈആഷ്. 100 ടൺ ഇന്ത്യൻ കൽക്കരിയിൽനിന്ന് 35 ടൺ ആഷ് ലഭിക്കുമ്പേ‍ാൾ ഇറക്കുമതി കൽക്കരിയിൽനിന്ന് ലഭിക്കുക 15 ടണ്ണാണ്. പ്രത്യേക വാഹനത്തിൽ ഫാക്ടറികളിലെത്തിക്കുന്ന ഇവ സൂക്ഷിക്കുന്നതും പ്രത്യേക സംവിധാനത്തിലാണ്.

English Summary: Cement manufacturing in stalemate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com