ട്രംപിന് ചൈനയിൽ ബാങ്ക് അക്കൗണ്ട്; നികുതി അടച്ചത് 1.8 ലക്ഷം ഡോളർ
Mail This Article
ന്യൂയോര്‍ക്ക്∙ യുഎസ് കമ്പനികൾ ചൈനയിൽ വ്യാപാരത്തിൽ ഏർപ്പെടുന്നതിനെ ശക്തമായി എതിർത്തിരുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിനു ചൈനയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നു വെളിപ്പെടുത്തൽ. ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ആഡംബര ഹോട്ടൽ ശൃംഖലകൾ ഉള്ള ട്രംപ് 2013 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ നികുതിയായി മാത്രം ചൈനയിൽ അടച്ചത് 1.8 ലക്ഷത്തിലധികം യുഎസ് ഡോളറാണെന്നും രേഖകൾ വ്യക്തമാക്കുന്നു. 2012ല്‍ മുതൽ ചൈനയിലെ ഷാങ്ഹായിൽ പ്രവർത്തിക്കുന്ന ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍സ് മാനേജ്‌മെന്റിന്റെ അക്കൗണ്ടിൽനിന്നാണ് നികുതി പണം നൽകിയത്.
ഇരുപതിൽ അധികം വർഷത്തെ നികുതി രേഖകൾ വിശകലനം ചെയ്തതിനുശേഷം രാജ്യാന്തര മാധ്യമം ന്യൂയോർക്ക് ടൈംസാണ് ഏറെ നിർണായകമായ വെളിപ്പെടുത്തൽ പുറത്തുകൊണ്ടുവന്നത്. യുഎസ് പ്രസിഡന്റ് പദവിയിലെത്തിയതിനുശേഷം ട്രംപ് നികുതി വെട്ടിപ്പ് നടത്തിയതായി നേരത്തെ തന്നെ ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തിയിരുന്നു.
യുഎസിൽ കഴിഞ്ഞ 15 വർഷത്തിനിടെ 10 വർഷവും ട്രംപ് ആദായ നികുതി അടച്ചിട്ടില്ലെന്നും ഈ കാലയളവിൽ നികുതിയായി ആകെ അടച്ചത് വെറും 750 യുഎസ് ഡോളർ മാത്രമാണെന്നും ന്യൂയോർക്ക് ടൈംസ് കണ്ടെത്തിയിരുന്നു. യുഎസിലെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ അധികാരത്തിൽ വന്നാൽ യുഎസിനെക്കാൾ ചൈനയ്ക്കാണു ഗുണകരമാകുകയെന്ന പ്രചാരണം അഴിച്ചു വിട്ട് തിരഞ്ഞെടുപ്പിനെ നേരിടുന്ന ഡോണൾഡ് ട്രംപിനു വളരെയധികം ക്ഷീണം ചെയ്യുന്നതാണ് ഈ വെളിപ്പെടുത്തൽ.
ഏഷ്യയിൽ ബിസിനസ് സാധ്യത വിപുലപ്പെടുത്തുന്നതിനു വേണ്ടിയാണ് ഷാങ്ഹായിൽ 2012ൽ ഓഫിസ് തുറന്നതെന്നും ചൈനയ്ക്കു പുറമേ ബ്രിട്ടൻ, അയർലൻഡ് എന്നിവിടങ്ങളിലും ബാങ്ക് അക്കൗണ്ടുകൾ ഉണ്ട് എന്നുള്ളത് സത്യമാണെന്നും ട്രംപിനോട് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. എന്നാൽ ന്യൂയോർക്ക് ടൈംസിന്റെ വാർത്ത ശുദ്ധ അസംബദ്ധവും കളവുമാണ്. യാതൊരു വിധത്തിലുള്ള പണം ഇടപാടുകളും ചൈനീസ് അക്കൗണ്ട് വഴി ഈ കാലയളവിൽ നടത്തിയിട്ടില്ലെന്നും ഇവർ പറയുന്നു.
എന്നാൽ ചൈനയിലെ സാമ്പത്തിക ഇടപാടുകളെയും സ്ഥാപനങ്ങളെയും കുറിച്ച് ട്രംപ് നേരത്തെ തന്നെ പരസ്യമായി അംഗീകരിച്ചിട്ടുള്ളതാണെന്നും അഞ്ച് ചെറിയ കമ്പനികളായി 1,92,000 ഡോളര്‍ ചൈനീസ് കമ്പനികളിൽ ട്രംപ് നിക്ഷേപിച്ചിട്ടുണ്ടെന്നും നികുതി രേഖകളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
English Summary: New York Times: Tax records show Trump maintains Chinese bank account