ബിഹാറില്‍ ബിജെപി വാഗ്ദാനപ്പട്ടികയില്‍ കോവിഡ് വാക്സീനും; എല്ലാവര്ക്കും സൗജന്യം
Mail This Article
പട്ന∙ പത്തൊൻപതു ലക്ഷം പേർക്ക് ജോലിയും സൗജന്യ കോവിഡ് വാക്സീനും വാഗ്ദാനം ചെയ്ത് ബിഹാറിൽ ബിജെപിയുടെ പ്രകടനപത്രിക. നിതീഷ് കുമാർ തന്നെ അടുത്ത അഞ്ചു വർഷവും മുഖ്യമന്ത്രിയാകുമെന്നും ബിജെപി വ്യക്തമാക്കി. 10 ലക്ഷം സർക്കാർ ജോലിയാണ് പ്രതിപക്ഷനേതാവ് തേജസ്വി യാദവ് ഉറപ്പു നൽകിയിരുന്നത്. ഇതിനിടെ മറികടക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
ഇപ്പോഴും അന്തിമഫലത്തിൽ എത്തിച്ചേരാത്ത കോവിഡ് വാക്സീനാണ് ബിജെപിയുടെ പ്രകടനപത്രികയിലെ ഏറ്റവും സുപ്രധാനമായ വാഗ്ദാനം. കോവിഡ് വാക്സീൻ ഉൽപാദനത്തിന് തയാറാകുന്ന മുറയ്ക്ക് ബിഹാറിൽ ഓരോരുത്തര്‍ക്കും സൗജന്യമായി വാക്സീൻ ലഭ്യമാക്കുകയും ചെയ്യും. ഇതാണ് ഞങ്ങളുടെ പ്രകടനപത്രികയിലെ ആദ്യവാഗ്ദാനമെന്ന് കേന്ദ്രമന്ത്ര നിർമല സീതാരാമൻ പറഞ്ഞു.
മൂന്നു ലക്ഷം അധ്യാപകജോലി, ആരോഗ്യമേഖലയിൽ ഒരു ലക്ഷം തൊഴിൽ, ബിഹാറിനെ ഐടി ഹബ്ബാക്കി കഴിയുമ്പോൾ 5 ലക്ഷം തൊഴിൽ, കാർഷിക ഹബ്ബാക്കി മാറ്റിയതിനുശേഷം 10 ലക്ഷം തൊഴിൽ എന്നിങ്ങനെയാണ് ബിജെപി ‘സങ്കൽപ് പത്രിക’യിൽ ഉറപ്പു നൽകുന്നത്. ഒരു കോടി വനിതകളെ സ്വയം പര്യാപ്തരാക്കും, ഒൻപതാം ക്ലാസിലെ എല്ലാ വിദ്യാർഥികള്‍ക്കും സൗജന്യമായി മേശ ലഭ്യമാക്കും, 30 ലക്ഷം പേർക്ക് വീട് നിർമിച്ചു നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
അടുത്തിടെ നടന്ന രണ്ടു റാലികളിലും തേജസ്വി യാദവിന്റെ തൊഴിൽ വാഗ്ദാനത്തിനെതിരെ ശക്തമായി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി നിതീഷ് കുമാർ. തേജസ്വി നിഷ്കളങ്കനും അനുഭവസമ്പത്തില്ലാത്ത ആളുമാണെന്ന് അദ്ദേഹം ആരോപിച്ചു. തേജസ്വി യാദവ് പത്തു ലക്ഷം തൊഴിൽ വാഗ്ദാനം ചെയ്തപ്പോൾ ഇത്രയും പേർക്ക് ശമ്പളം നൽകുന്നതിനുള്ള പണം എവിടെനിന്നു കണ്ടെത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ ചോദിച്ചിരുന്നു.
ഒക്ടോബർ 28, നവംബര്‍ 3, 7 ദിവസങ്ങളിലായി മൂന്നു ഘട്ടമായിട്ടാണ് ബിഹാർ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ 10ന് ഫലം പുറത്തുവരും.
English Summary: BJP Promises 19 Lakh Jobs, Free Covid Vaccination In Bihar Manifesto