ADVERTISEMENT

ന്യൂഡൽഹി ∙ ഭീകര പ്രവർത്തനത്തിനു സാമ്പത്തിക സഹായം നൽകുന്നതു തടയുന്നതിനുള്ള രാജ്യാന്തര സംഘടനയായ എഫ്എടിഎഫിന്റെ ഗ്രേ പട്ടികയിൽ പാക്കിസ്ഥാൻ തുടരും. എഫ്എടിഎഫ് നൽകിയ 27 നിർദേശങ്ങളിൽ പ്രധാനപ്പെട്ട ആറെണ്ണം പാലിക്കാൻ പാക്കിസ്ഥാൻ ഉപേക്ഷ വരുത്തിയതിനാലാണു 2021 ഫെബ്രുവരി വരെ പട്ടികയിൽ തുടരുന്നതെന്ന് എഫ്എടിഎഫ് അറിയിച്ചു.

‘27 നിർദേശങ്ങളിൽ 21 എണ്ണം പാക്കിസ്ഥാൻ പൂർത്തീകരിച്ചു. ലോകം അത്രത്തോളം സുരക്ഷിതമായെന്നാണ് അർഥം. എന്നാൽ ആറു കാര്യങ്ങൾ കൂടി അഴിച്ചുപണിയേണ്ടതുണ്ട്. അവരുടെ പോരായ്മകൾ പരിഹരിച്ച് പുരോഗതിയിലേക്ക് എത്താൻ അവസരം നൽകുന്നു. അത് പരിഹരിച്ചില്ലെങ്കിൽ രാജ്യം കരിമ്പട്ടികയിലേക്കു തള്ളപ്പെടും’– എഫ്എടിഎഫ് പറഞ്ഞു. 

ഭീകരരായ മസൂദ് അസർ, ഹാഫിസ് സയീദ്, സാഖിയൂർ റഹ്മാൻ ലഖ്‌വി എന്നിവർക്കെതിരെ നടപടിയെടുക്കുന്നതിൽ വീഴ്ച, നാലായിരത്തോളം പേരെ ഭീകരരുടെ പട്ടികയിൽ നിന്നൊഴിവാക്കിയത് തുടങ്ങിയവ ആറു നിർദേശങ്ങളിൽ പെടും. ഗ്രേ പട്ടികയില്‍ തുടർന്നാൽ ലോകബാങ്ക്, ഐഎംഎഫ്, എഡിബി തുടങ്ങിയ സാമ്പത്തിക ഏജൻസികളിൽനിന്നു ഫണ്ടുകൾ ലഭിക്കുന്നതു പാക്കിസ്ഥാനു പ്രയാസമാകും.

മൂന്നു ദിവസമായി നടന്ന എഫ്എടിഎഫ് വെർച്വൽ യോഗത്തിലായിരുന്നു തീരുമാനം. ജൂണിൽ നടത്തേണ്ട യോഗം കോവിഡ് മഹാമാരി മൂലമാണു മാറ്റിവച്ചത്. ഭീകരരെ സഹായിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 2015ല്‍ ഉള്‍പ്പെടുത്തിയതുപോലെ ഇത്തവണയും ഉണ്ടാകുമോയെന്നാണ് പാക്കിസ്ഥാന്റെ ആശങ്ക. നിലവിൽ ഉത്തര കൊറിയയും ഇറാനുമാണ് എഫ്എടിഎഫിന്റെ കരിമ്പട്ടികയിൽ ഉള്ളത്. 39 അംഗങ്ങളുള്ള സംഘടനയിലെ 12 പേരുടെ വോട്ട് ലഭിച്ചെങ്കിൽ മാത്രമേ പാക്കിസ്ഥാനു ഗ്രേ പട്ടികയിൽനിന്ന് വൈറ്റ് പട്ടികയിലേക്ക് എത്താനാവൂ.

2018ലാണു പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയത്. സംഘടന മുന്നോട്ടുവച്ച 27 ഉപാധികള്‍ 2019 ഒക്‌ടോബറിനുള്ളില്‍ പൂർത്തിയാക്കാൻ സമയം അനുവദിച്ചിരുന്നു. ഭീകര സംഘടനകളുടെ മുന്നണികളായി പ്രവർത്തിക്കുന്ന സംഘടനകൾക്കും, മൗലാന മസൂദ് അസർ, ഹാഫിസ് സയീദ് എന്നിവർക്കും എതിരെ നടപടികൾ കൈക്കൊള്ളാൻ  പരാജയപ്പെടുന്ന സാഹചര്യത്തിൽ പാക്കിസ്ഥാൻ ഗ്രേ പട്ടികയിൽ തന്നെ തുടരുന്നതാണു നല്ലതെന്ന് ഇന്ത്യ പ്രതികരിച്ചു. 

English Summary :Pakistan To Stay On Terror Financing "Grey List" Till Feb 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com