ADVERTISEMENT

പട്ന∙ അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തേക്കാൾ വലിയ ക്ഷേത്രം സീതാദേവിക്കായി നിർമിക്കണമെന്ന് ലോക് ജനശക്തി പാർട്ടി (എൽജെപി) നേതാവ് ചിരാഗ് പാസ്വാൻ. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ചിരാഗ് ഇക്കാര്യം വ്യക്തമാക്കിയത്. ‘അയോധ്യയിലെ രാമക്ഷേത്രത്തേക്കാൾ വലിയ ക്ഷേത്രം സീതാമാരിയിൽ സീതാദേവിക്കായി നിർമിക്കണമെന്നാണ് എന്റെ ആഗ്രഹം. സീതാദേവിയല്ലാതെ ശ്രീരാമൻ അപൂർണ്ണമാണ്, അങ്ങനെതന്നെ തിരിച്ചും. അതിനാൽ രാമക്ഷേത്രത്തെയും സീതാമാരിയെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി നിർമിക്കണം.’ – ചിരാഗ് പാസ്വാൻ പറഞ്ഞു.

ബിഹാറിൽ മൂന്നുഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ചിരാഗിന്റെ ആവശ്യം. എൻഡിഎ മുന്നണി വിട്ട എൽജെപി ഇത്തവണ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. എങ്കിലും ബിജെപിക്കെതിരായ എൽജെപി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. എൽജെപിയുടെ പിന്തുണയോടെ ബിജെപി സർക്കാരുണ്ടാക്കുമെന്ന ചിരാഗ് പാസ്വാന്റെ അവകാശവാദം തള്ളി ബിജെപി രംഗത്തെത്തിയിരുന്നു. ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണ് തന്റെ രാഷ്ട്രീയ നീക്കങ്ങളെന്ന ചിരാഗ് പാസ്വാന്റെ പ്രസ്താവന ബിജെപിയെ വെട്ടിലാക്കിയിരുന്നു.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്ക് എൽജെപിയുടെ നീക്കങ്ങളറിയാമായിരുന്നു എന്നു ചിരാഗ് പറഞ്ഞിരുന്നു. എൽജെപി ബിഹാറിൽ എൻഡിഎ വിട്ടിട്ടും ബിജെപി ദേശീയ നേതാക്കളാരും അതിനെ വിമർശിക്കുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല. നിതീഷ് കുമാറിനെ ഒതുക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് വ്യാഖ്യാനങ്ങളുണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് വിശദീകരണവുമായി ബിജെപി രംഗത്തെത്തിയത്.

English Summary: Chirag Paswan wants temple 'bigger than Ram Mandir' in Sitamarhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com