ചൈനയിലെ ‘സത്യം’ മോഹൻ ഭഗവതിന് അറിയാം, നേരിടാൻ ഭയമെന്ന് രാഹുൽ ഗാന്ധി
Mail This Article
ന്യൂഡൽഹി∙ ചൈനയുമായുള്ള പ്രശ്നങ്ങളില്‍ ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭഗവതിന് സത്യം അറിയാമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈനയുമായുള്ള അതിർത്തി പ്രശ്നത്തെക്കുറിച്ച് വിജയദശമി ദിന സന്ദേശത്തിൽ ആർഎസ്എസ് മേധാവി പ്രതികരിച്ചതോടെയാണു വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്. ഇന്ത്യൻ പ്രദേശങ്ങളിൽ ചൈന അതിക്രമിച്ചു കയറിയ കാര്യം ലോകത്തിനാകെ അറിയാമെന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
മോഹന്‍ ഭഗവതിനു സത്യം അറിയാമെങ്കിലും ഭയം കാരണം അദ്ദേഹം നേരിടാതിരിക്കുകയാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ പ്രതികരിച്ചു. ചൈന നമ്മുടെ സ്ഥലങ്ങൾ സ്വന്തമാക്കിയെന്നതു സത്യമാണ്. കേന്ദ്രസർക്കാരും ആർഎസ്എസും അതിന് അനുവദിക്കുകയും ചെയ്തു– രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. മോഹൻ ഭഗവതിന്റെ പ്രതികരണങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് രാഹുൽ ട്വിറ്ററിൽ വിമർശനമുയർത്തിയത്. കോവിഡ് സാഹചര്യം പരിഗണിച്ച് 50 പേരെ മാത്രം പങ്കെടുപ്പിച്ചാണ് മോഹൻ ഭാഗവത് വിജയദശമി ദിനത്തിൽ പ്രസംഗിച്ചത്. ചൈനയുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മോഹൻ ഭഗവത് പറഞ്ഞു.
കോവിഡ് മഹാമാരിക്കിടയില്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ചു. പക്ഷെ ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും ഇതിനെ ശക്തമായി പ്രതിരോധിച്ചു. എങ്കിലും ജാഗ്രത കൈവിടരുത്. അതിര്‍ത്തികള്‍ വികസിപ്പിക്കാനുള്ള ചൈനീസ് വ്യഗ്രത ലോകത്തിനു മുഴുവന്‍ ബോധ്യമുള്ളതാണെന്നും ആര്‍എസ്എസ് സര്‍സംഘ് ചാലക് പറഞ്ഞു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ കോവിഡിനെ ഫലപ്രദമായി നേരിട്ടുവെന്നും മോഹന്‍ ഭഗവത് അവകാശപ്പെട്ടു.
English Summary: Mr Bhagwat knows the truth: Rahul Gandhi