‘നിതീഷിന് പറ്റിയ സ്ഥലം ജയിൽ’: ആക്രമണം കടുപ്പിച്ച് ചിരാഗ്; ആദ്യഘട്ട പോളിങ് 28ന്
Mail This Article
പട്ന∙ ആദ്യഘട്ട പോളിങ്ങിന് രണ്ടു ദിവസം മാത്രം ശേഷിക്കേ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആരോപണങ്ങൾ കടുപ്പിച്ച് എൽജെപി നേതാവ് ചിരാഗ് പാസ്വാൻ. അഴിമതികളിൽ നിതീഷിന് പങ്കില്ലാതിരിക്കാൻ സാധ്യതയില്ലെന്നും ജയിലാണ് മുഖ്യമന്ത്രിക്ക് പറ്റിയ സ്ഥലമെന്നും വാർത്താ ഏജൻസിയായ എഎൻഐക്കു നൽകിയ അഭിമുഖത്തിൽ ചിരാഗ് കൂട്ടിച്ചേർത്തു.
അഞ്ചു വർഷത്തെ നിതീഷിന്റെ ഭരണത്തിൽ അഴിമതി കാട്ടിയവരെ ജയിലിൽ അയയ്ക്കുമെന്ന ചിരാഗിന്റെ പ്രസ്താവന വിശദീകരിക്കവെയാണ് മുഖ്യമന്ത്രിക്കെതിരെയും ആക്രമണം കടുപ്പിച്ചത്. ‘അന്വേഷണത്തിനുശേഷം കുറ്റക്കാരാണെന്നു കണ്ടെത്തുന്നവരെ ജയിലിൽ അയയ്ക്കും. വലിയ അഴിമതികൾ നടത്തിയിട്ടും മുഖ്യമന്ത്രിക്ക് ഇതൊന്നും അറിയില്ലെന്നത് എങ്ങനെ സാധ്യമാകും? അദ്ദേഹത്തിനും പങ്കുണ്ട്. അങ്ങനെയല്ലെങ്കിൽ അത് അന്വേഷണത്തിൽ വ്യക്തമാകും.
എന്നാൽ ജനങ്ങൾക്കും എനിക്കുമറിയാം മുഖ്യമന്ത്രിയും ഇതിന്റെ ഭാഗമാണെന്ന്, അഴിമതിക്കാരനാണെന്ന്. ഏത് അഴിമതിക്കാരനാണെങ്കിലും അയാൾ ജയിലിൽ ആക്കപ്പെടും. അഴിമതിക്കാരെ സ്വതന്ത്രരായി വിലസാൻ അനുവദിക്കില്ല. അഴിമതിക്കു വളംവച്ചുകൊടുക്കാനാണ് മദ്യനിരോധനം ഏർപ്പെടുത്തിയത്. ഇപ്പോൾ മദ്യം ‘ഹോം ഡെലിവറിയായി’ ലഭിക്കുന്നു’ – ചിരാഗ് കൂട്ടിച്ചേർത്തു.
English Summary: "Jail Right Place For Him": Chirag Paswan Sharpens Attack On Nitish Kumar