ലഡാക്കിലെത്താൻ മറൈൻ കമാൻഡോകൾക്ക് നിർദേശം; അതിർത്തിയിൽ ചടുല നീക്കങ്ങൾ
Mail This Article
ന്യൂഡൽഹി∙ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കായി ദീപം തെളിയിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തപ്പോൾ ഏതു മോശം സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കാൻ നിർദേശം നൽകി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്. സമാധാന കാലത്തെ എല്ലാ പ്രവൃത്തികളും നിർത്തിവയ്ക്കാനും മൂന്നു സേനാ വിഭാഗങ്ങൾക്കും റാവത്ത് നിർദേശം നൽകിയിട്ടുണ്ട്.
നാവികസേനയുടെ മറൈൻ കമാൻഡോകളോട് കിഴക്കൻ ലഡാക്കിലെത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഗോഗ്ര – ഹോട്ട് സ്പ്രിങ്സ് മേഖലയിലും പാംഗോങ് സോ നദിയുടെ തീരത്തുമായി ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി (പിഎൽഎ) മുഖാമുഖം നിൽക്കുകയാണ് ഇന്ത്യൻ സൈനികർ. ഇവിടേക്കാണ് മറൈൻ കമാൻഡോ ഫോഴ്സിനെക്കൂടി (എംസിഎഫ് – MARCOS) വിന്യസിക്കുന്നത്. ധ്രുവ, മരുഭൂമി പ്രദേശങ്ങളിലെ സാഹചര്യങ്ങളും കടുത്ത മഞ്ഞുവീഴ്ചയും കാറ്റും തുടങ്ങിയ സാഹചര്യങ്ങളോടും പൊരുത്തപ്പെട്ടു പരിശീലനം സിദ്ധിക്കാനാണ് മറൈൻ കമാൻഡോസിനെ ഇന്ത്യൻ സ്പെഷൽ ഫോഴ്സിനൊപ്പം ഇവിടെ വിന്യസിക്കുന്നത്.
അതേസമയം, ധ്രുവപ്രദേശത്തിന് അനുസൃതമായ വസ്ത്രങ്ങളും മുഖാവരണങ്ങളുടെയും അവസാന ഷിപ്മെന്റ് ലഭിക്കാനായി കാത്തിരിക്കുകയാണ് ട്രൂപ്പുകൾ. യുഎസ് സൈന്യത്തിന്റെ റിസർവ് സ്റ്റോക്കുകളിൽനിന്നുള്ളവ നവംബർ ആദ്യ ആഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ചൈനയുമായുള്ള 1597 കിലോമീറ്റർ നീളമുള്ള യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) സേനാവിഭാഗങ്ങൾ സാധാരണ പ്രവർത്തിക്കുന്നതുപോലെ ഇനി മുന്നോട്ടുപോകാനാകില്ലെന്ന് ജനറൽ റാവത്ത് മൂന്ന് തലവൻമാരോടും വ്യക്തമായി നിർദേശിച്ചിട്ടുണ്ട്. അതിനാൽത്തന്നെ സമാധാന കാലത്തുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു. അതിർത്തിയിൽ പ്രശ്നങ്ങളുണ്ടായാൽ നോർത്തേൺ ആർമി കമാൻഡും വെസ്റ്റേൺ എയർ കമാൻഡും മാത്രം അതു നേരിട്ടാൽ മതി ബാക്കിയുള്ളവർക്ക് ഉൽസവങ്ങളിൽ പങ്കെടുക്കുകയും ഗോൾഫ് കളിക്കുകയും ചെയ്യാമെന്ന ചിന്താഗതി മാറണമെന്ന് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. ലഡാക്കിൽ ഒരു യുദ്ധം തന്നെയാണ് നടക്കുന്നതെന്ന് ആരും മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഒരിഞ്ചു ഭൂമി പോലും ചൈനീസ് സേനയ്ക്കു വിട്ടുകൊടുക്കില്ലെന്ന നിർബന്ധ ബുദ്ധിയിലാണ് സൈനികർ അതിർത്തി സംരക്ഷിക്കുന്നത്. സമാനമായി പിഎൽഎയും തങ്ങളുടെ കരുത്ത് വർധിപ്പിക്കുന്നുണ്ട്. അരുണാചൽ പ്രദേശിന്റെ ഭാഗത്ത് ജാമറുകൾ നേരത്തേതന്നെ പിഎൽഎ സ്ഥാപിച്ചിരുന്നു. മാത്രമല്ല, സിൻജിയാങ്ങിലും ടിബറ്റിലും വലിയതോതിൽ അടിസ്ഥാന സൗകര്യ വികസനവും കരുതൽ ശേഷി വർധിപ്പിക്കാനും അവർ പദ്ധതിയിടുന്നുണ്ട്.
അതേസമയം, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് ശ്രദ്ധ കൂടുതൽ നൽകണമെന്ന് നാവികസേനയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ആഫ്രിക്കൻ തീരത്തെ ചൈനീസ് നാവിക സേനയുടെ വിന്യാസത്തെക്കുറിച്ചു ആശങ്കപ്പെടുന്നതിനു പകരം ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് യുദ്ധക്കപ്പലുകളുടെ നീക്കത്തെ നിരീക്ഷണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
English Summary: Gen Rawat asks tri-services to curb peace-time activities in deference to deployed troops in Ladakh