യുഎസ് സൈനിക ഉപഗ്രഹങ്ങളിലെ തത്സമയ ഡേറ്റയും ചിത്രങ്ങളും ഇന്ത്യയ്ക്ക്; കരാർ ഉടൻ
Mail This Article
ന്യൂഡൽഹി ∙ ശത്രുനീക്കങ്ങൾ അറിയാനും തന്ത്രങ്ങൾ മെനയാനും ഇന്ത്യയ്ക്കു നിർണായക പിന്തുണയുമായി യുഎസ്. സൈനിക ഉപഗ്രഹങ്ങളിൽനിന്നുള്ള സൂക്ഷ്മ ഡേറ്റയും തത്സമയ ടോപ്പോഗ്രാഫിക്കൽ ചിത്രങ്ങളും ഇന്ത്യയുമായി യുഎസ് പങ്കുവയ്ക്കും. ഇന്ത്യയിലെത്തിയ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ, പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ എന്നിവരുമായുള്ള കൂടിക്കാഴ്ചയിൽ കരാർ ഒപ്പിടുമെന്നു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
ഉപഗ്രഹ ഡേറ്റ പങ്കുവയ്ക്കുന്നതിനുള്ള ബിഇസിഎ (ബേസിക് എക്സ്ചേഞ്ച് ആൻഡ് കോഓപ്പറേഷൻ അഗ്രിമെന്റ്), രാജ്യാന്തര പങ്കാളികളുമായുള്ള യുഎസിന്റെ സുപ്രധാന ധാരണയിലൊന്നാണ്. സൈനിക ലോജിസ്റ്റിക്സ് കൈമാറുന്നതിനും സുരക്ഷിതമായ ആശയവിനിമയം പ്രാപ്തമാക്കുന്നതിനും ഇരുരാജ്യങ്ങളും ഇതിനകം കരാറായിട്ടുണ്ട്. ഈ സന്ദർശനത്തിൽ ബിഇസിഎ ഒപ്പിടുന്നതിൽ സംതൃപ്തിയുണ്ടെന്നു സർക്കാർ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
1992ൽ ആരംഭിച്ച മലബാർ നാവിക അഭ്യാസത്തിൽ ഇത്തവണ ഓസ്ട്രേലിയ പങ്കെടുക്കുന്നതിനെ യുഎസ് സ്വാഗതം ചെയ്തു. ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ നാവികസേന പങ്കെടുക്കുന്ന അഭ്യാസം അടുത്ത മാസമാണ്. ചൈനയുടെ വിമർശനം മറികടന്നാണു പരിശീലനത്തിന് ഓസ്ട്രേലിയ എത്തുന്നത്. ലഡാക്കിൽ ചൈനയുമായുള്ള സംഘർഷം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ന്യൂഡൽഹിയുമായി വിവരങ്ങൾ പങ്കുവയ്ക്കുമെന്നും കഴിഞ്ഞയാഴ്ച യുഎസ് വ്യക്തമാക്കിയിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രമുള്ളപ്പോഴാണു പ്രതിരോധ ചർച്ചകൾക്കായി യുഎസ് സംഘം ഇന്ത്യയിൽ എത്തിയിട്ടുള്ളതെന്നതു ശ്രദ്ധേയം. ചൊവ്വാഴ്ച ആരംഭിക്കുന്ന ചർച്ചകളിൽ പ്രാദേശിക സുരക്ഷാ സഹകരണം, സൈനിക ഇടപെടൽ, പ്രതിരോധ വ്യാപാരം എന്നീ വിഷയങ്ങൾ ഉൾപ്പെടും. 2 + 2 എന്ന പേരിൽ അറിയപ്പെടുന്ന, പ്രതിരോധ– വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന മൂന്നാമത്തെ ചർച്ചയാണിത്.
English Summary: India To Sign Deal To Access Precision Data From US Military Satellites