ADVERTISEMENT

തിരുവനന്തപുരം∙ ജൂണ്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ഒരു പൊതുസൈറ്റില്‍ ലഭ്യമാക്കുന്ന സംവിധാനം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഏർപ്പെടുത്തി. ഇനി മുതല്‍ ജനറൽ, തമിഴ്, കന്നഡ മീഡിയം വിഭാഗങ്ങളിലെ മുഴുവന്‍ ക്ലാസുകളും വിഡിയോ ഓണ്‍ ഡിമാന്‍ഡ് രൂപത്തില്‍ firstbell.kite.kerala.gov.in എന്ന പോർട്ടലില്‍ ലഭ്യമാകുമെന്ന് കൈറ്റ് സിഇഒ കെ. അന്‍വർ സാദത്ത് അറിയിച്ചു. മീഡിയം, ക്ലാസ്, വിഷയം എന്നിങ്ങനെ തിരിച്ച് എപ്പിസോഡ് ക്രമത്തില്‍ 3000 ലധികം ക്ലാസുകള്‍ ഈ പോ‍ർട്ടലില്‍ ഒരുക്കിയിട്ടുണ്ട്.

നവംബർ 2 മുതല്‍ പ്ലസ് വണ്‍ ക്ലാസുകളും ഫസ്റ്റ്ബെല്ലില്‍ സംപ്രേഷണം ചെയ്യും. തുടക്കത്തില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ടു ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഇതോടെ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന ക്ലാസുകള്‍ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും. പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചല്‍ ആദ്യ ആഴ്ച ശനി, ഞായർ ദിവസങ്ങളിലായിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും. 

സമയ ലഭ്യതയുടെ പ്രശ്നം ഉള്ളതിനാല്‍ ഹയർസെക്കൻഡറി വിഭാഗത്തിലെ ചില വിഷയങ്ങളും പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലെ ഭാഷാ വിഷയങ്ങളും കഴിയുന്നതും അവധി ദിവസങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും സംപ്രേഷണം. മുഴുവന്‍ വിഷയങ്ങളും സംപ്രേഷണം ചെയ്യാന്‍ കൈറ്റ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്ലസ് വണ്‍ ക്ലാസുകള്‍ കാണാന്‍ കുട്ടികള്‍ക്ക് സൗകര്യം ഏർപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർദ്ദേശം നല്‍കി. പുതുതായി ക്ലാസുകൾ കാണുന്ന എല്ലാ കുട്ടികള്‍ക്കും മന്ത്രി ആശംസകള്‍ നേർന്നു.

English Summary: Plus one classes in kite victers channel from november 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com