‘ഉള്ളി മാല’യുമായി തേജസ്വി; വില വർധനവ് പ്രചാരണ ആയുധമാക്കി ആർജെഡി
Mail This Article
പട്ന∙ ബിഹാർ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, ഉള്ളി വില വർധനവ് പ്രചാരണ ആയുധമാക്കി ആർജെഡി നേതാവ് തേജസ്വി യാദവ്. ഉള്ളി വില കിലോയ്ക്ക് 50 മുതൽ 60 രൂപ വരെ ആയിരുന്നപ്പോൾ ശബ്ദമുയർത്തിയവർ, ഇപ്പോൾ വില കിലോയ്ക്ക് 80 രൂപ കടക്കുമ്പോൾ നിശബ്ദരാണെന്ന് അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം, അഴിമതി, തൊഴിലില്ലായ്മ എന്നിവ കാരണം സാധാരണക്കാർ ദുരിതമനുഭവിക്കുന്നുവെന്നും, ‘ഉള്ളി മാല’യുമായി നിൽക്കുന്ന ചിത്രത്തിനൊപ്പം തേജസ്വി ട്വീറ്റ് ചെയ്തു.
‘ജോലിയും ബിസിനസും നിലച്ചു. കർഷകരും തൊഴിലാളികളും യുവാക്കളും വ്യാപാരികളും ഭക്ഷണ ആവശ്യങ്ങൾ നിറവേറ്റാൻ പാടുപെടുകയാണ്. ബിജെപി ചെറുകിട ബിസിനസുകാരെ നശിപ്പിച്ചു. ഉള്ളി വില വർധിക്കുമ്പോൾ, അവർ ഉള്ളി മാല ധരിച്ച് ചുറ്റിത്തിരിഞ്ഞ് നടക്കുന്നു. ഇപ്പോൾ ഞങ്ങൾ ഇത് അവർക്ക് നൽകുന്നു’– തേജസ്വി ട്വീറ്റ് ചെയ്തു. അധികാരത്തിൽ വന്നാൽ 10 ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്നു പറഞ്ഞ തേജസ്വി, സംസ്ഥാനത്ത് തൊഴിലില്ലായ്മ പ്രധാന പ്രശ്നമാണെന്ന് പറഞ്ഞിരുന്നു.
‘സവാള വില കിലോയ്ക്ക് 50 മുതൽ 60 രൂപ വരെ ആയിരുന്നപ്പോൾ ശബ്ദമുയർത്തിയവർ, ഇപ്പോൾ വില കിലോയ്ക്ക് 80 രൂപ കടക്കുമ്പോൾ നിശബ്ദരാണ്. കർഷകരെ നിലം പരിശാക്കി. യുവാക്കൾ തൊഴിലില്ലാത്തവരാണ്. ബിഹാർ ദരിദ്ര സംസ്ഥാനമാണ്. വിദ്യാഭ്യാസം, ജോലി, വൈദ്യ സഹായം എന്നിവയ്ക്കായി ആളുകൾ കുടിയേറുകയാണ്. പട്ടിണി വർധിച്ചുകൊണ്ടിരിക്കുകയാണ്’– അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉള്ളി വില കുത്തനെ ഉയർന്നിരുന്നു. കിലോയ്ക്ക് 90–100 വരെ ആയി. വെള്ളിയാഴ്ച, ആഭ്യന്തര വിതരണം വർധിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനുമായി ഡിസംബർ 31 വരെ അടിയന്തര പ്രാബല്യത്തിൽ ചില്ലറ വ്യാപാരികൾക്കും മൊത്തക്കച്ചവടക്കാർക്കും കേന്ദ്രം സ്റ്റോക്ക് പരിധി ഏർപ്പെടുത്തിയിരുന്നു.
മൂന്ന് ഘട്ടങ്ങളായി ഒക്ടോബർ 28, നവംബർ 3, നവംബർ 7 തീയതികളിലാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്. നവംബർ 10ന് ഫലം പ്രഖ്യാപനം.
English Summary: Tejashwi Yadav's "Onion Garland" For BJP In Last Mile Of Bihar Campaign