സ്ത്രീകളുടെ നേതൃത്വത്തിൽ വാൾപ്പുട്ടി നിർമാണ യൂണിറ്റ് തുടങ്ങും: ഇ.പി.ജയരാജൻ
Mail This Article
കോട്ടയം ∙ നാട്ടകം ട്രാവൻകൂർ സിമന്റ്സിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി 10 ജില്ലകളിൽ വനിതാ സംരംഭകരെ മുൻ നിർത്തി വാൾപ്പുട്ടി നിർമാണ യൂണിറ്റ് ആരംഭിക്കുമെന്നു മന്ത്രി ഇ.പി.ജയരാജൻ. കമ്പനിയിലെ പുതിയ ഗ്രേ സിമന്റ് ഉത്പാദന യൂണിറ്റിന്റെ ശിലാസ്ഥാപനവും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യത്തിന്റെ കുടിശിക വിതരണവും നടത്തുകയായിരുന്നു അദ്ദേഹം.
വനിതാ സംരംഭകർക്ക് ജില്ലാ തലത്തിൽ പ്ലാന്റുകൾ ഒരുക്കാൻ ട്രാവൻകൂർ സിമന്റസ് തന്നെ മുൻകൈ എടുക്കും. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന വാൾപ്പുട്ടി ട്രാവൻകൂർ സിമന്റ്സിന്റെ ബ്രാൻഡിൽ വിപണിയിൽ എത്തിക്കും. കേരളമാണ് സിമന്റിന്റെ പ്രധാന മാർക്കറ്റ്. വിപണിയിൽ പത്ത് ശതമാനം പോലും ഇവിടെ ഉത്പാദിപ്പിക്കുന്ന സിമന്റ് എത്തുന്നില്ല. മലബാർ സിമന്റ്സ് പഴയ പ്രതാപത്തിലേയ്ക്ക് തിരികെ എത്തി.
ട്രാവൻകൂർ സിമന്റ്സ് ഇനി പഴയ പ്രതാപത്തിലേയ്ക്ക് എത്തണം. ജനുവരിയ്ക്കുള്ളിൽ പുതിയ പ്ലാന്റുകൾ പ്രവർത്തനക്ഷമമാകും. ട്രാവൻകൂർ സിമന്റ്സിന്റെയും നാടിന്റെയും വികസനമാണു ലക്ഷ്യമിടുന്നത്. ഒരു വർഷത്തിനുള്ളിൽ കമ്പനി ലാഭത്തിലാക്കാൻ ശ്രമിക്കും. പുറത്തുനിന്ന് എത്തുന്ന വൻകിട സിമന്റ് കമ്പനികൾ സ്വയം വില നിയന്ത്രിച്ചില്ലെങ്കിൽ സർക്കാർ സിമന്റ് കമ്പനികൾ വഴി വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുമെന്നും ജയരാജൻ പറഞ്ഞു.
വൈദ്യുതി കോൺക്രീറ്റ് പോസ്റ്റ് നിർമാണ യൂണിറ്റ് ശിലാസ്ഥാപനം മന്ത്രി എം.എം.മണി നിർവഹിച്ചു. കൃത്യമായി ഗുണനിലവാരം ഉറപ്പുവരുത്തി പോസ്റ്റ് നിർമിച്ച് നൽകിയാൽ കെഎസ്ഇബിയും ട്രാവൻകൂർ സിമന്റ്സും ഒന്നിച്ച് പോകാൻ സാധിക്കുമെന്നു മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ജോസ് കെ.മാണി എംപി, തോമസ് ചാഴികാടൻ എംപി, ട്രാവൻകൂർ സിമന്റ്‌സിന്റെയും മലബാർ സിമന്റ്‌സിന്റെയും ഡയറക്ടർ എസ്.ഗണേഷ്‌കുമാർ, കോട്ടയം നഗരസഭാംഗം അരുൺ ഷാജി, കമ്പനി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എസ്.സന്തോഷ്, കമ്പനി ഡയറക്ടർ എം.ടി.ജോസഫ് എന്നിവർ സംസാരിച്ചു.
English Summary: Wall putty units by women entrepreneurs in 10 districts: Minister EP Jayarajan