‘ശബരിമല വിഷയത്തിൽ സംഭവിച്ചതു തന്നെ സംവരണത്തിൽ സിപിഎമ്മിനു സംഭവിക്കും’
Mail This Article
കോഴിക്കോട്∙ സാമ്പത്തിക സംവരണ വിഷയത്തിൽ സിപിഎം വർഗീയ ധ്രുവീകരണത്തിനു ശ്രമിക്കുകയാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു 10% സംവരണം നൽകണമെന്നാണ് നേരത്തേ തന്നെ കോൺഗ്രസിന്റെ നിലപാട്.
പാർലമെന്റിലും കോൺഗ്രസ് ഈ നിലപാടാണു സ്വീകരിച്ചത്. ഇതോടൊപ്പം പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം നിലനിർത്തുകയും വേണം. എന്നാൽ സിപിഎം ദുഷ്ടലാക്കോടെ വർഗീയ ധ്രുവീകരണം നടത്തുകയാണ്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഈ ശ്രമം സിപിഎമ്മിനു തിരിച്ചടിയാകും. ശബരിമല വിഷയത്തിൽ സംഭവിച്ചതു തന്നെ ഇക്കാര്യത്തിലും സംഭവിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
∙ വെൽഫെയർ പാർട്ടിയുമായി ഒരു ധാരണയുമില്ല. ആർഎസ്എസും ജമാ അത്ത് ഇസ്‌ലാമിയും തീവ്രവർഗീയതയുടെ രണ്ടു മുഖങ്ങളാണ് എന്നതാണു കോൺഗ്രസിന്റെ നിലപാട്.
∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പന്തീരാങ്കാവ് സ്വദേശി താഹ ഫസലിന്റെ കുടുംബത്തിനു വീടുണ്ടാക്കാനായി കെപിസിസി പ്രഖ്യാപിച്ച 5 ലക്ഷം രൂപ മുല്ലപ്പള്ളി രാമചന്ദ്രൻ കൈമാറി. താഹയുടെ മാതാപിതാക്കൾ ചെക്ക് ഏറ്റുവാങ്ങി.
English Summary: Mullappally ramachandran warns kerala government on economic reservation