ADVERTISEMENT

ന്യൂഡല്‍ഹി∙ ബാലാക്കോട്ട് ആക്രമണത്തിനു ശേഷം അഭിനന്ദന്‍ വര്‍ധമാന്‍ പിടിയിലായതിനു പിന്നാലെ പാക്കിസ്ഥാന്‍ ഏതെങ്കിലും തരത്തില്‍ തിരിച്ചടിക്കു ശ്രമിച്ചിരുന്നെങ്കില്‍ അവരുടെ മുന്‍നിര സൈനികവ്യൂഹത്തെ തുടച്ചുനീക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജരായിരുന്നുവെന്ന് വ്യോമസേനാ മുന്‍ മേധാവി റിട്ട. എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ.

വര്‍ധമാനെ വിട്ടയയ്ക്കുകയല്ലാതെ പാക്കിസ്ഥാനു മുന്നില്‍ മറ്റു വഴിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ 2019 ഫെബ്രുവരി 26നാണ് ഇന്ത്യ ബാലാക്കോട്ട് ഭീകര ക്യാംപ് ആക്രമിച്ചത്. 27നു പോര്‍വിമാനം പാക്ക് മേഖലയില്‍ തകര്‍ന്നുവീണ് അഭിനന്ദന്‍ വര്‍ധമാന്‍ പാക്ക് സൈന്യത്തിന്റെ തടവിലായി. മാര്‍ച്ച് ഒന്നിനു വിട്ടയച്ചു.

ഇന്ത്യ ആക്രമിക്കുമെന്ന ഭീതിയില്‍ പാക്ക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ ഉള്‍പ്പെടെ ഉന്നത നേതാക്കളുടെ മുട്ടിടിച്ചെന്ന് പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് (നവാസ്) നേതാവ് സര്‍ദാര്‍ അയാസ് സാദിഖ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയയ്ക്കാന്‍ പാക്ക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ ഇന്ത്യ ആക്രമിക്കുമെന്നു മുന്നറിയിപ്പു നല്‍കുകയും ചെയ്തപ്പോഴാണ് ബജ്‌വയുടെയും കൂട്ടരുടെയും 'നെറ്റി വിയര്‍ക്കുകയും മുട്ടിടിക്കുകയും 'ചെയ്തതെന്ന് സാദിഖ് പറഞ്ഞിരുന്നു. 

ഇതിനു പിന്നാലെയാണ് ഇന്ത്യ ആക്രമണസജ്ജരായിരുന്നുവെന്ന് വ്യോമസേനാ മുന്‍ മേധാവ് റിട്ട. എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ പറഞ്ഞത്. 'അഭിനന്ദന്‍ പിടിയിലായതിനു ശേഷം ഞാനും അഭിനന്ദന്റെ പിതാവും പഴയ കാര്യങ്ങളാണ് സംസാരിച്ചത്. ഞങ്ങള്‍ ഫ്‌ളൈയിങ് ഇന്‍സ്ട്രക്ടര്‍ കോഴ്‌സ് ഒരുമിച്ചാണ് ചെയ്തിരുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ എന്റെ ഫ്‌ളൈറ്റ് കമാന്‍ഡര്‍ അഹൂജ പാക്ക് പിടിയിലായിരുന്നു. അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയതായിരുന്നു എന്റെ മനസില്‍. നമുക്ക് അഹൂജയെ തിരിച്ചു കിട്ടിയില്ല. പക്ഷെ അഭിനന്ദനെ ഉറപ്പായും തിരികെ കൊണ്ടുവരുമെന്ന് ഞാന്‍ അഭിനന്ദന്റെ പിതാവിനോടു പറഞ്ഞു'.- ധനോവ വ്യക്തമാക്കി. 1999-ല്‍ മിഗ് 21 പറത്തിയിരുന്ന സ്‌ക്വര്‍ഡന്‍ ലീഡര്‍ അജയ് അഹൂജയെ പാക്ക് സൈന്യം വെടിവച്ചു കൊന്നിരുന്നു. 

ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തിനെക്കുറിച്ച് പാക്കിസ്ഥാനു കൃത്യമായ ബോധ്യമുണ്ടെന്ന് ബി.എസ് ധനോവ പറഞ്ഞു. അതുകൊണ്ടാണ് വര്‍ധമാന് യാതൊരു പ്രശ്‌നവും ഉണ്ടാകാതെ അവര്‍ നോക്കിയത്. നയതന്ത്ര, രാഷ്ട്രീയ സമ്മര്‍ദമാണ് പ്രധാനമായും ഉണ്ടായിരുന്നത്. അതിനൊപ്പം സര്‍ദാര്‍ അയാസ് സാദിഖ് പറഞ്ഞതു പോലെ ഇന്ത്യന്‍ സൈന്യം ആക്രമിക്കുമെന്ന ഭീതിയും അവരെ ഉലച്ചു. മൂന്നു സേനാവിഭാഗങ്ങളും ആക്രമിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഫെബ്രുവരി 27-ന് അവര്‍ ഏതെങ്കിലും തരത്തിലുള്ള തിരിച്ചടിക്കു ശ്രമിച്ചിരുന്നെങ്കില്‍ മുന്‍നിര സൈനികവ്യൂഹത്തെ തുടച്ചുനീക്കാനുളള നിലയിലായിരുന്നു ഇന്ത്യന്‍ സൈന്യം. 'മൃദുവായി സംസാരിക്കുക, വലിയൊരു വടി കൈയില്‍ കരുതുക' എന്നാണ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന തിയോഡര്‍ റൂസ്‌വെല്‍റ്റ് പറഞ്ഞിരുന്നത്. നമ്മുടെ വലിയ വടി സൈന്യമായിരുന്നു. - ബി.എസ് ധനോവ പറഞ്ഞു. മിഗ്21 സ്‌ക്വാര്‍ഡനില്‍ ബി.എസ് ധനോവയും അഭിനന്ദന്റെ പിതാവും ഒരുമിച്ചാണ് സേവനം അനുഷ്ഠിച്ചിരുന്നത്. അഭിനന്ദന്റെ പിതാവ് എയര്‍ മാര്‍ഷല്‍ ആയാണ് വിരമിച്ചത്. 

English Summary: Was Ready To Wipe Out Pak Brigades": Ex-IAF Chief On Bringing Abhinandan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com