ADVERTISEMENT

അടുത്തയാഴ്ച നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയി ആരു തന്നെയായാലും ഇന്ത്യയുടെ നയതന്ത്ര സാഹചര്യങ്ങളിൽ മാറ്റമുണ്ടാകില്ല. നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ എന്നിവരിൽ ആരു വൈറ്റ് ഹൗസിലെത്തിയാലും യുഎസുമായി കൂടുതൽ അടുക്കേണ്ട സാഹചര്യമാണ് ഇന്ത്യയ്ക്കുള്ളത്. ചൈന എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ ഏറ്റവും ഏളുപ്പമാർഗമാണ് യുഎസ്. തിരിച്ച് യുഎസിനും അങ്ങനെ തന്നെ. കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ബെക്ക കരാർ ഇതുസംബന്ധിച്ച വ്യക്തമായ സൂചന നൽകുന്നു.

തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായലും, വൈറ്റ് ഹൗസ് ആരുതന്നെ നിയന്ത്രിച്ചാലും ചൈനയെ നിയന്ത്രിക്കേണ്ടത് യുഎസിന്റെയും ആവശ്യമാണ്. കോവിഡ് വ്യാപനത്തിൽ തിരിച്ചടിയേറ്റ യുഎസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാൻ കുതിക്കുന്ന ചൈനയ്ക്ക് കടിഞ്ഞാണിടുക യുഎസിന്റെ നിലനിൽപ്പിന്റെ കൂടി പ്രശ്നമാകുമ്പോൾ പ്രതേകിച്ചും. ട്രംപിന്റെ ചൈനയോടുള്ള സമീപനം ഏറെക്കുറെ വ്യക്തമാണ്. ഡെമോക്രാറ്റുകളുടെ നയം സംബന്ധിച്ച് ഇപ്പോഴും ചർച്ച നടക്കുന്നു.

ചുരുക്കത്തിൽ, ചൈനയെ പ്രതിരോധിക്കേണ്ടത് ഇന്ത്യയ്ക്കു യുഎസിനും ഒരുപോലെ ആവശ്യമാണ്. ഇന്ത്യക്കും യുഎസിനും ഒപ്പം നിൽക്കുന്ന മറ്റു രാജ്യങ്ങൾക്കും എങ്ങനെ ഒരുമിച്ച മറ്റൊരു രാജ്യത്തെ നിയന്ത്രിക്കാൻ സാധിക്കുമെന്നത് മാത്രമാണ് ചോദ്യം. തീർച്ചയായും ട്രംപിന്റെയും ബൈഡന്റെയും വിദേശനയം വ്യത്യസ്തമായിരിക്കും. എങ്കിലും യുഎസിനെ സംബന്ധിച്ച് രണ്ടു കാര്യങ്ങൾ മാത്രമാണ് ഇന്ത്യ ഉറപ്പാക്കേണ്ടത്. ഒന്ന് ചൈനയെ നേരിടാൻ യുഎസിന് കരുത്തുണ്ടോ? രണ്ട് അതിനുള്ള സന്നദ്ധത അവർക്കുണ്ടോ?

യുഎസ് സഹായം എന്തിന്?

ചൈനയെ നേരിടുന്നതിന് രണ്ടു കാര്യങ്ങൾക്കാണ് ഇന്ത്യയ്ക്ക് യുഎസിന്റെ സഹായം ആവശ്യമായി വരുക. ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതും ചൈനയുടെ സൈനിക, സാമ്പത്തിക, നയതന്ത്ര ശക്തിയിൽനിന്ന് ഇന്ത്യയെ നേരിട്ട് സംരക്ഷിക്കുക എന്നതാണ്. 1962നെ അപേക്ഷിച്ച് ഇന്ത്യയുടെ സൈനികശക്തി ഇന്നു വളരെ കരുത്തുറ്റതാണ്. അതിർത്തിയിലെ സൗകര്യങ്ങളിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മികച്ച മാറ്റമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ചൈനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സൗകര്യങ്ങൾ മതിയാകുമോ എന്നതാണ് ചോദ്യം.

പ്രതീക്ഷിക്കുന്നതിലും വേഗത്തിലാണ് കാര്യങ്ങൾ മാറിമറിയുന്നത്. യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽ‌എസി) ഇന്ത്യൻ സൈന്യത്തിന് നിയന്ത്രിക്കാൻ സാധിക്കുന്ന രീതിയിലാണ് നിലവിലെ സാഹചര്യമെങ്കിലും കാലക്രമേണ ഇതിൽ മാറ്റമുണ്ടായേക്കാം. പ്രതിരോധ മേഖലയിൽ ഇന്ത്യ ചെലവഴിക്കുന്നതിനേക്കാൾ നാലിരട്ടിയാണ് ചൈന മുടക്കുന്നത്. ഏഷ്യയിലെ മറ്റെല്ലാ ശക്തി രാജ്യങ്ങളും ആകെ ചെലവഴിക്കുന്നതിനേക്കാൾ മുകളിലാണ് ചൈന പ്രതിരോധ മേഖലയിൽ മുടക്കുന്നത് എന്നതാണ് യാഥാർഥ്യം.

Democratic Presidential candidate and former US Vice President Joe Biden
ജോ ബൈഡൻ

സാങ്കേതികവിദ്യയിൽ ഉൾപ്പെടെ പീപ്പിൾ ലിബറേഷൻ ആർമി (പിഎൽഎ) നടത്തുന്ന വൻ നിക്ഷേപം അതിർത്തിയിലെ സൈനിക സന്തുലിതാവസ്ഥയെ ബാധിക്കും. ഇന്ത്യൻ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി യുഎസോ മറ്റാരെങ്കിലുമോ സൈനികരെ അയയ്‌ക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യൻ സൈന്യം തടഞ്ഞാലും അതിവേഗം നവീകരിക്കപ്പെടുന്ന പി‌എൽ‌എ, നിയന്ത്രണരേഖയിൽ നേട്ടമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന് അമേരിക്കൻ സഹായം ആവശ്യമാണ്.

ഇതിനുപുറമെ, യുഎസ് രഹസ്യാന്വേഷണ ‌വിഭാഗങ്ങൾക്കും ഇന്ത്യയെ സഹായിക്കാൻ സാധിക്കും. യുഎൻ ഉൾപ്പെടെയുള്ള രാജ്യാന്തര സംഘടനകളിൽ ചൈനയെ എതിർക്കുന്നതിനും യുഎസ് പിന്തുണ ആവശ്യമായി വരും. ഇതിന് വൈറ്റ് ഹൗസിൽ ആരാണെന്ന കാര്യം പരിഗണിക്കാതെ ദീർഘകാല പങ്കാളിത്തം നേടാൻ ഇന്ത്യയ്ക്കാകണം. ഏഷ്യയിലെ ചൈനയുടെ സർവാധിപത്യം തടയുക എന്നതാണ് ഇന്ത്യയ്ക്ക് മുൻപിലുള്ള മറ്റൊരു വെല്ലുവിളി.

വൻകരയിൽ മറ്റൊരു തിരഞ്ഞെടുപ്പിന് സാധ്യതയില്ലാത്തതിനാൽ ബഹുഭൂരിപക്ഷം രാജ്യങ്ങൾക്കും ചൈനയോടൊപ്പം നിൽക്കാനുള്ള സമ്മർദമുണ്ടാകും. മേഖലയിലെ മറ്റു രാജ്യങ്ങളുടെ പിന്തുണ നേടുന്നതിനേക്കാൾ രാജ്യസുരക്ഷയ്ക്കാണ് ഇന്ത്യയുടെ പ്രഥമ പരിഗണന നൽകുന്നതെങ്കിലും ഇൻഡോ-പസഫിക്ക് മേഖലയിൽ ചൈനയുടെ മേധാവിത്വം ഇന്ത്യയെ പ്രതികൂലമായി തന്നെ ബാധിക്കും. ഇതു തടയുന്നതിനും യുഎസിന്റെ സഹായം ഇന്ത്യയ്ക്ക് ആവശ്യമാണ്. ഇക്കാര്യത്തിലും വൈറ്റ് ഹൗസിൽ ആരെന്ന് ഉള്ളത് നിർണാകമാകും.

ഭിന്നതകൾ ഉള്ള സഖ്യകക്ഷി

ലോകരാജ്യങ്ങൾക്കിടയിൽ യുഎസിന്റെ അപ്രമാദിത്വത്തിന് മങ്ങലേറ്റെങ്കിലും ചൈനയുടെ സൈനിക, സാമ്പത്തിക, നയതന്ത്ര ശക്തിയെ നേരിടാൻ പ്രാപ്തിയുള്ള ഏക രാഷ്ട്രം ഇപ്പോഴും യുഎസ് ആണെന്നതിൽ സംശയമില്ല. അതുകൊണ്ടാണ് അമേരിക്കൻ പിന്തുണയില്ലാതെ ചൈനയെ നേരിടാൻ ഇന്ത്യക്ക് ബുദ്ധിമുട്ടുള്ളത്. എങ്കിലും ചൈനയെ നേരിടാൻ യുഎസ് സന്നദ്ധമാണോ എന്നതാണ് യഥാർഥ ചോദ്യം. യുഎസിൽ നടക്കുന്ന പ്രധാന ചർച്ചയും അതുതന്നെ.

India-China-border
ഇന്ത്യ–ചൈന അതിർത്തി

അതേസമയം, എല്ലാ പങ്കാളിത്തങ്ങളും ഒരു പരിധിക്കപ്പുറം കടക്കരുതെന്ന യാഥാർഥ്യവും ഇന്ത്യ ഉൾക്കൊള്ളണമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ഇന്ത്യ തുറന്നു സമ്മതിച്ചില്ലെങ്കിലും യുഎസുമായുള്ള സഖ്യത്തിന്റെ പ്രധാന കാരണം ചൈനയെ എതിർക്കുക എന്നതാണ്. കശ്മീർ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഒരുപക്ഷേ ഇന്ത്യൻ ആഭ്യന്തര കാര്യങ്ങൾ എന്നിവയിൽ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഇന്ത്യയ്ക്കും യുഎസിനും വിരുദ്ധ അഭിപ്രായം ഉണ്ടായേക്കാമെന്നും വിലയിരുത്തലുണ്ട്.

എന്നാൽ ചൈന എന്ന മുഖ്യശത്രുവിനു മുൻപിൽ ഈ അഭിപ്രായഭിന്നകൾ മാറ്റിവയ്ക്കാൻ ഇന്ത്യ ശ്രമിച്ചേക്കും. ഈ സാഹചര്യത്തിൽ, യുഎസിന് ആശ്രയിക്കാവുന്ന മറ്റു സഖ്യകക്ഷികൾ ഉണ്ടെങ്കിലും ഇന്ത്യയുടെ അവസ്ഥ അതല്ല. അതുകൊണ്ടുതന്നെ പ്രസി‍ഡന്റ് ആരുതന്നെയായലും യുഎസുമായി അടുപ്പം സൂക്ഷിക്കുക എന്ന വലിയ ‘നയതന്ത്രം’ ആയിരിക്കും സമീപഭാവിയിലും ഇന്ത്യ സ്വീകരിക്കുക.

English Summary: Countering China is now a priority for both India and US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com