നിതീഷിന്റെ വീഴ്ചകള്‍ മറക്കാം; കശ്മീരും രാമക്ഷേത്രവും പുറത്തെടുത്ത് എന്‍ഡിഎ
Mail This Article
പട്‌ന∙ ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ പ്രചാരണവിഷയങ്ങളില്‍ കാതലായ മാറ്റം വരുത്തി എന്‍ഡിഎ. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും രാമക്ഷേത്രത്തിനു തറക്കല്ലിട്ടതും പ്രധാനപ്രചാരണ വിഷയങ്ങളാക്കി കളം പിടിക്കാനുള്ള നീക്കത്തിലാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ നീക്കം. നവംബര്‍ മൂന്നിനും ഏഴിനുമാണ് രണ്ടും മൂന്നും ഘട്ട തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്.
കോവിഡ് നേരിട്ടതിലെ പാളിച്ചകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കടുത്ത വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തിലാണു രാമക്ഷേത്രവും ആര്‍ട്ടിക്കിള്‍ 370ഉം പ്രചാരണ വിഷയമാക്കാനുള്ള ബിജെപിയുടെ തീരുമാനം. ബിഹാറില്‍നിന്നു നിരവധി സൈനികരാണ് കശ്മീരില്‍ സേവനം അനുഷ്ഠിക്കുന്നത്. ഇതു കണക്കിലെടുത്താണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി മുഖ്യവിഷയമാക്കി ഉന്നയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ തിരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കശ്മീര്‍ വിഷയം ഊന്നിയാണു സംസാരിച്ചിരുന്നത്. 2019 ഫെബ്രുവരിയില്‍ ഇന്ത്യന്‍ മണ്ണില്‍ എത്തി പുല്‍വാമയില്‍ ആക്രമണം നടത്തിയെന്ന പാക്ക് മന്ത്രി ഫവാദ് ചൗധരിയുടെ പ്രസ്താവനയോടെ 'ബിഹാറിന്റെ പുത്രന്മാരെ' കുറിച്ച് പരിഗണിക്കാത്ത ഇന്ത്യയിലുള്ളവരുടെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. പുല്‍വാമ ആക്രമണത്തിലെ സങ്കീര്‍ണത അയല്‍രാജ്യം തന്നെ സമ്മതിച്ചിരിക്കുകയാണ്. ഇതോടെ ബിഹാറിന്റെ പുത്രന്മാരുടെ ശൗര്യത്തെക്കുറിച്ചു സംശയിച്ചവര്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന ആവശ്യമുന്നയിക്കുന്നത് കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ പോരാടിയ ബിഹാറില്‍നിന്നു സൈനികരെ അപമാനിക്കുന്നതിനു തുല്യമാണെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.
ബിഹാറിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ നിതീഷ് സര്‍ക്കാര്‍ പരാജയമാണെന്നു പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിക്കുന്ന ഘട്ടത്തിലാണ് ആര്‍ട്ടിക്കിള്‍ 370ഉം രാമക്ഷേത്രവും ഉയര്‍ത്തി വോട്ട് ആര്‍ജിക്കാനും പ്രാദേശിക വിഷയങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനുമുള്ള ബിജെപി ശ്രമമെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം ദേശീയത, വികസനം, പ്രത്യയശാസ്ത്രം എന്നിവയില്‍ ഊന്നി പാലിച്ച വാഗ്ദാനങ്ങള്‍ ഉയര്‍ത്തിക്കാട്ടുക മാത്രമാണു ചെയ്യുന്നതെന്നു ബിജെപിയുടെ ചാര്‍ജുള്ള ഭൂപേന്ദ്ര യാദവ് പറഞ്ഞു.