ADVERTISEMENT

പട്‌ന∙ ബിഹാര്‍ തിരഞ്ഞെടുപ്പ് പോരിന് ചൂടേറ്റി റാംവിലാസ് പാസ്വാന്റെ മരണത്തെക്കുറിച്ചുള്ള വിവാദങ്ങളും. ചിരാഗ് പാസ്വാനെ ലക്ഷ്യമിട്ട് റാംവിലാസ് പാസ്വാന്റെ മരണത്തെക്കുറിച്ചു ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് നിതീഷിന്റെ സഖ്യനേതാവായ ജിതിന്‍ റാം മാഞ്ചിയാണ്. കേന്ദ്രമന്ത്രിയായിരുന്ന പാസ്വാന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജിതിന്‍ റാം മാഞ്ചി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു.

ചിരാഗിന്റെ പെരുമാറ്റത്തിലെ സംശയങ്ങളും ജിതിന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാംവിലാസ് പസ്വാന്റെ ചിത്രത്തിനു സമീപത്തുനിന്ന് ചിരാഗ് ഒരു പ്രസംഗത്തിനായി തയാറെടുക്കുന്നതിന്റെ വിഡിയോയെക്കുറിച്ചും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രതിപക്ഷമാണ് ഈ വിവാദം ആദ്യം ഉയര്‍ത്തിക്കൊണ്ടുവന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവമായി ചിരാഗ് രംഗത്തെത്തിയതോടെയാണ് ജിതിന്‍ റാം മാഞ്ചി വിഷയം ഏറ്റെടുത്തത്. 

‘പാസ്വാന്റെ മരണത്തിന്റെ ഞെട്ടലിലാണ് രാജ്യം മുഴുവന്‍. എന്നാല്‍ അന്ത്യകര്‍മത്തിനു തൊട്ടുപിറ്റേന്നു ചിത്രീകരിച്ച വിഡിയോയില്‍ ചിരിയോടെയാണു ചിരാഗ് എത്തുന്നത്. പാസ്വാന്റെ ബന്ധുക്കളും ചില സുഹൃത്തുക്കളും പല തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.’ - ജിതിന്‍ റാം മാഞ്ചി പറഞ്ഞു. 

പാസ്വാനെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രി ആരുടെ നിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കാതിരുന്നത്. ആശുപത്രിയില്‍ അദ്ദേഹത്തെ കാണാന്‍ മൂന്നു പേരെ മാത്രമാണ് അനുവദിച്ചത്. ആരുടെ നിര്‍ദേശപ്രകാരമാണിതെന്നും മാഞ്ചി ചോദിച്ചു. 

മരിച്ചയാളെ മുന്‍നിര്‍ത്തി എല്ലാവരും രാഷ്ട്രീയം കളിക്കുകയാണെന്നു ചിരാഗ് പ്രതികരിച്ചു. പിതാവിനെ കുറിച്ച് ഇപ്പോള്‍ വേവലാതിപ്പെടുന്നവരാരും അദ്ദേഹം ആശുപത്രയിലായിരുന്നപ്പോള്‍ കാണാന്‍ വരാതിരുന്നത് എന്തുകൊണ്ടാണെന്നും ചിരാഗ് ചോദിച്ചു. ഫോണില്‍ പിതാവിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് മാഞ്ചിയോടു പറഞ്ഞിരുന്നു. എന്നിട്ടും അദ്ദേഹം കാണാന്‍ എത്തിയില്ലെന്നും ചിരാഗ് പറഞ്ഞു. ഒരു മകനെ കുറിച്ച് ഇത്തരത്തില്‍ സംസാരിക്കുന്നവര്‍ ലജ്ജിക്കേണ്ടിവരും. തന്റെ സങ്കടം ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും ചിരാഗ് പറഞ്ഞു.

English Summary: Jitan Ram Manjhi called for a judicial investigation into Ram vilas Paswan death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com