‘വനിതാ കമ്മിഷൻ ഏകപക്ഷീയം; ഇതു കേരളത്തിലെ സ്ത്രീകൾക്ക് ആവശ്യമില്ല’
Mail This Article
കൊച്ചി∙ ഭരണഘടനാ സ്ഥാപനമായ വനിതാ കമ്മിഷൻ കഴിഞ്ഞ നാലര വർഷമായി സ്വജനപക്ഷപാതവും ഏകപക്ഷീയമായ പ്രവർത്തനങ്ങളുമാണ് നടത്തുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. നിരന്തരം നടക്കുന്ന സ്ത്രീ പീഡനങ്ങളിൽ ഏകപക്ഷീയമായാണ് വനിതാ കമ്മിഷൻ പ്രവർത്തിക്കുന്നത്. സ്വന്തം പാർട്ടി നേതാക്കളുടെ സ്ത്രീ വിരുദ്ധ പരാമർശങ്ങളിലും സ്ത്രീ പീഡന കേസുകളിലും കമ്മിഷന് മിണ്ടാട്ടമില്ലന്ന് ദീപ്തി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇത്തരമൊരു വനിതാ കമ്മിഷനെ കേരളത്തിലെ സ്ത്രീകൾക്ക് ആവശ്യമില്ല. സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയ ഇടതുമുന്നണി നേതാക്കൾ ഖേദം പ്രകടിപ്പിക്കാൻ പോലും തയാറായിട്ടില്ല. വാളയാർ, പാലത്തായി പീഡന കേസുകളിലും വനിതാ കമ്മിഷൻ മിണ്ടിയിട്ടില്ല. ഇടതു മുന്നണി നേതാക്കളുടെയും ഇടത് എംഎൽഎമാരുടെയും സ്ത്രീ വിരുദ്ധതയ്ക്ക് മന്ത്രി ശൈലജ, പി.കെ.ശ്രീമതി, ജോസഫൈൻ തുടങ്ങിയവർ കുടപിടിയ്ക്കുകയാണ്.
സ്ത്രീ വിരുദ്ധത പറഞ്ഞ വി.എസ്. അച്യുതാനന്ദൻ, ഇടതുമുന്നണി കൺവീനർ വിജയരാഘവൻ, ജി.സുധാകരൻ, പിണറായി വിജയൻ, എം.എം.മണി എന്നിവർക്കെതിരെ കേസെടുക്കാൻ വനിതാ കമ്മിഷൻ ആർജ്ജവം കാണിക്കണം. സ്ത്രികൾക്ക് നീതി നൽകാൻ കഴിയാത്ത കമ്മിഷൻ അധ്യക്ഷ രാജിവച്ചൊഴിയണം. ഇടുക്കിയിൽ പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ ബേൺ ഐസിയുവിൽ പ്രവേശിപ്പിക്കാൻ പോലും തയാറായില്ലെന്ന് ദീപ്തി ആരോപിച്ചു.
ഹത്രസും കേരളവും തമ്മിലുള്ള ദൂരം കുറയുകയാണ്. യുപിയിൽ സ്ത്രീ പീഡന കേസിൽ പ്രതികളായവർക്ക് ബിജെപി നൽകുന്ന സംരക്ഷണം കേരളത്തിൽ സിപിഎമ്മും നൽകുകയാണ്.പൊതുപ്രവർത്തകരെന്നല്ല ഒരാളും സ്ത്രീ വിരുദ്ധത പറയാൻ പാടില്ല. സിപിഎമ്മിന്റെ ഏകാധിപത്യ ഭരണമാണ് വനിതാ കമ്മിഷനിലും നടക്കുന്നതെന്നും ദീപ്തി മേരി വർഗീസ് ആരോപിച്ചു.
English Summary: Deepthi Mary Varghese on Kerala Women Commission