നാട്ടുകാർ മധുരം ഒഴിവാക്കി, വല്ലാതെ കയ്ച്ചു; ഇന്ത്യക്കാരെ പഞ്ചസാര തീറ്റിക്കാൻ മില്ലുകൾ
Mail This Article
ന്യൂഡൽഹി ∙ വാക്കിലും നോക്കിലും മതി, ആഹാരത്തിൽ അധികം വേണ്ടെന്നു പറഞ്ഞുപറഞ്ഞ് ആളുകളെല്ലാം പഞ്ചസാരയോട് അകലം പാലിക്കുന്ന കാലമാണ്. അമിതവണ്ണം, പ്രമേഹം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മധുരം ഒഴിവാക്കണമെന്നു ഡോക്ടർമാരും ഉപദേശിക്കുന്നു. ഇങ്ങനെ പോയാൽ ‘കച്ചവടം പൂട്ടിപ്പോകുമെന്ന്’ തിരിച്ചറിഞ്ഞ് ഇന്ത്യക്കാരെ കൂടുതൽ മധുരം തീറ്റിക്കാനുള്ള പുറപ്പാടിലാണു രാജ്യത്തെ പഞ്ചസാര മില്ലുകൾ.
ലോകത്ത് ഏറ്റവുമധികം പഞ്ചസാര കഴിക്കുന്ന രാജ്യമാണ് ഇന്ത്യ; ഉൽപാദനത്തിൽ രണ്ടാം സ്ഥാനവും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നു പറഞ്ഞ് ജനം പഞ്ചസാര ഒഴിവാക്കുന്നതു ബിസിനസിനെ ബാധിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ ചില സ്ഥലങ്ങളിൽ കരിമ്പ് കർഷകർക്കു വൻതോതിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതും മറ്റും പൊതുവെ രാജ്യത്ത് പഞ്ചസാര ഉൽപാദനം കൂടി. എല്ലായിടത്തും ഈ ആനുകൂല്യങ്ങളില്ലെന്നും ഉൽപാദന ചെലവ് വർധിച്ചെന്നുമാണു മില്ലുടമകൾ പറയുന്നത്. ഈ സാഹചര്യത്തിൽ സബ്സിഡികളില്ലാതെ ആഗോള വിപണിയിൽ പഞ്ചസാര വിറ്റഴിക്കുന്നതു പ്രയാസമാണ്.
അങ്ങനെയാണു രാജ്യത്തെ ആഭ്യന്തര വിപണിയിൽ കൂടുതലായി ശ്രദ്ധിച്ചത്. ഇതിനായി വെബിനാറുകൾ, വർക്‌ഷോപ്പുകൾ തുടങ്ങിയ ഓൺലൈൻ സാധ്യതകൾ മില്ലുകാർ ഉപയോഗിച്ചു തുടങ്ങി. ന്യൂട്രീഷ്യനിസ്റ്റുകൾ, എൻഡോക്രൈനോളജിസ്റ്റുകൾ, പൊതു ആരോഗ്യവിദഗ്ധർ, മെഡിക്കൽ പ്രാക്ടീഷണേഴ്സ് തുടങ്ങിയവരെയെല്ലാം ഓൺലൈൻ ക്യാപെയ്നിൽ പഞ്ചസാരയുടെ ഗുണങ്ങൾ വർണിക്കും. ‘തലച്ചോറിന്റെയും പേശികളുടെയും ശക്തിക്കും ഉണർവിനും, ശരീരത്തിലെ എല്ലാ കോശങ്ങളുടെയും സ്വാഭാവികവും കൃത്യവുമായ പ്രവർത്തനത്തിനും ഏറ്റവും കൂടുതൽ നിർദേശിക്കപ്പെടുന്ന സ്രോതസ്സാണു പഞ്ചസാര’– ഇന്ത്യൻ ഷുഗർ മിൽസ് അസോസിയേഷൻ പറഞ്ഞു.
മറ്റു ഭക്ഷണങ്ങളിലെ അതേ കാലറിയാണു പഞ്ചസാരയിലുമുള്ളത്. കൂടുതലായി അകത്തെത്തുന്നതോ വേണ്ടവിധം ‘കത്തിത്തീരാത്തതോ’ ആണ് ശരീരഭാരം കൂടാൻ കാരണം. ഇന്ത്യയുടെ പ്രതിവർഷ ആളോഹരി പഞ്ചസാര ഉപഭോഗം 19 കിലോഗ്രാമാണ്; ആഗോള തലത്തിൽ 23 കിലോഗ്രാമും. ആളോഹരി ഉപഭോഗം ആഗോള ശരാശരിയിലേക്ക് ഉയർത്തുകയാണു ലക്ഷ്യം. നിലവിൽ 25–26 ദശലക്ഷം ടൺ ആണ് ഇന്ത്യക്കാർ ഉപയോഗിക്കുന്നത്; ഉൽപാദനം 27.5 ദശലക്ഷം ടണ്ണും. ഉപയോഗം കൂടുന്നതോടെ പഞ്ചസാരയുടെ ആധിക്യം കുറയ്ക്കാനും വിദേശ വിൽപന നിർത്താനും ഒപ്പം കയറ്റുമതി സബ്സിഡിക്കായി വലിയ തുക ചെലവഴിക്കുന്നത് ഒഴിവാക്കാനും സാധിക്കുമെന്നു ഭക്ഷ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ സുധാൻഷു പാണ്ഡെ പറഞ്ഞു.
English Summary: India, World's Largest Consumer of Sugar, Wants People To Eat More