ഒക്ടോബർ 23 മുതൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തി പിഎസ്സി
Mail This Article
തിരുവനന്തപുരം∙ മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഒക്ടോബർ 23 മുതൽ സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്താൻ പിഎസ്‌സി തീരുമാനിച്ചു. ഒക്ടോബർ 23നോ അതിനുശേഷമോ കാലാവധി അവസാനിക്കുന്ന തസ്തികകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 14വരെ നീട്ടി. ഉദ്യോഗാർഥികളിൽ അര്‍ഹരായവർക്ക് മുന്നാക്ക സംവരണത്തിനു അപേക്ഷിക്കാനാണ് അപേക്ഷാ കാലാവധി നീട്ടിയത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും മറ്റു സംവരണങ്ങളൊന്നും ഇല്ലാത്തവരുമായ മുന്നാക്ക വിഭാഗക്കാർക്കു സർക്കാർ ജോലിയിൽ 10% സംവരണം നൽകുന്ന ചട്ടഭേദഗതിക്കു മന്ത്രിസഭ തീരുമാനിച്ചിരുന്നു. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് ചട്ടമാണു ഭേദഗതി ചെയ്തത്. സർക്കാർ നിയമനങ്ങൾക്ക് 50% സംവരണമാണ് ഇപ്പോഴുള്ളത്. പട്ടിക വിഭാഗത്തിനും പിന്നാക്ക സമുദായങ്ങൾക്കുമാണ് ഇതു നൽകുന്നത്. ബാക്കി 50 ശതമാനത്തിൽ (ഓപ്പൺ ക്വോട്ട) നിന്നു 10% എടുത്താണ് സാമ്പത്തിക സംവരണത്തിന് അർഹരായവർക്കു നൽകുക.
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിനായി തയാറാക്കിയ അതേ മാനദണ്ഡങ്ങൾ തന്നെയാകും പിഎസ്‍സി നിയമനത്തിനും കണക്കിലെടുക്കുകയെന്നാണു സൂചന. അതിങ്ങനെ: നിലവിൽ സംവരണമില്ലാത്തവരും 4 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളവരും സംവരണത്തിന് അർഹരാണ്. കുടുംബ ഭൂസ്വത്ത് പഞ്ചായത്തുകളിൽ 2.5 ഏക്കറിലും നഗരസഭകളിൽ 75 സെന്റിലും കോർപറേഷനിൽ 50 സെന്റിലും കൂടരുത്. ആകെ ഭൂവിസ്തൃതി 2.5 ഏക്കറിൽ കൂടരുത്. ഹൗസ് പ്ലോട്ടുകളുടെ ആകെ വിസ്തൃതി നഗരസഭകളിൽ 20 സെന്റിലും കോർപറേഷനിൽ 15 സെന്റിലും താഴെയായിരിക്കണം. അന്ത്യോദയ അന്നയോജന, മുൻഗണനാ റേഷൻ കാർഡുകളിൽ പേരുള്ളവർക്കു മറ്റു മാനദണ്ഡങ്ങൾ നോക്കാതെ സംവരണം ലഭിക്കും.
Content highlights: PSC on EWS reservation