ADVERTISEMENT

പട്ന∙ നിതീഷ് കുമാർ ഇനി ബിഹാർ മുഖ്യമന്ത്രി ആകില്ലെന്ന് എൽജെപി നേതാവ് ചിരാഗ് പാസ്വാൻ. ബിഹാറിലെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയശേഷം പ്രതികരിക്കുകയായിരുന്നു ചിരാഗ്. 

‘നവംബർ 10നു ശേഷം നിതീഷ് കുമാർ ഇനി മുഖ്യമന്ത്രി ആവില്ലെന്ന് ഞാൻ രേഖാമൂലം എഴുതി നൽകാം. എനിക്ക് അതിൽ റോളൊന്നുമില്ല. എനിക്ക് ബിഹാറും ബിഹാരികളും ഒന്നാമത് എത്തണമെന്നേയുള്ളൂ. നാലു ലക്ഷത്തോളം വരുന്ന ബിഹാരികളുടെ നിർദേശാനുസരണം തയാറാക്കിയ പ്രകടന പത്രിക പ്രകാരം പ്രവർത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ’– ചിരാഗ് ദേശീയ വാർത്താ ഏജൻസിയോടു പറഞ്ഞു. 

വർഷങ്ങളായി ബിഹാറിൽ നിന്നുള്ളവർ ബിഹാരികളാണെന്ന് സ്വയം വിശേഷിപ്പിക്കാൻ മടി കാണിക്കുകയാണെന്നും ട്വീറ്റുകളിലൂടെ ചിരാഗ് സൂചിപ്പിച്ചു. ‘ആദ്യ ഘട്ട വോട്ടെടുപ്പിനു പിന്നാലെ നിതീഷ് കുമാർജിയുടെ പരാജയഭീതി ആരിൽ നിന്നും മറച്ചുവയ്ക്കപ്പെടുന്നില്ല. ജനം അദ്ദേഹത്തെ നിരസിച്ചിരിക്കുന്നു. നിങ്ങളുടെ വോട്ടുകൾ വെറുതെയാകരുതെന്ന് ഞാൻ അഭ്യർഥിക്കുന്നു. ബിഹാറിന്റെ മാറ്റത്തിനു വേണ്ടി ജനങ്ങൾ ആശീർവദിച്ചു കഴിഞ്ഞു. നിതീഷ് രഹിത ബിഹാർ...ബിഹാർ ആദ്യം ബിഹാരികൾ ആദ്യം’– പാസ്വാൻ ടീറ്റ് ചെയ്തു. 

കഴിഞ്ഞ 15 വർഷത്തിൽ ബിഹാർ കുപ്രസിദ്ധിയിൽനിന്ന് ദയനീയതയിലേക്കു കുപ്പുകുത്തിയെന്നും ചിരാഗ് പറഞ്ഞു. കുടിയേറ്റത്തിനും തൊഴിലില്ലായ്മയ്ക്കും പ്രളയത്തിനും ഒരു മാറ്റവുമില്ല. അധ്യാപകരും വിദ്യാർഥികളും വിഷാദത്തിലാണ്. ജനാധിപത്യം അതിന്റെ വിധി മാറ്റിയെഴുതാൻ ഒരു അവസരം നൽകിയിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

എൻഡിഎ മുന്നണി വിട്ട് ഒറ്റയ്ക്കാണ് ഇത്തവണ എൽജെപി മത്സരിക്കുന്നത്. എങ്കിലും ബിജെപിക്കെതിരായ എൽജെപി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. എൽജെപിയുടെ പിന്തുണയോടെ ബിജെപി സർക്കാരുണ്ടാക്കുമെന്നാണ് ചിരാഗിന്റെ അവകാശവാദം. എന്നാൽ ഇത് ബിജെപി തള്ളിയിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തേക്കാൾ വലിയ ക്ഷേത്രം സീതാമാരിയിൽ സീതാദേവിക്കായി നിർമിക്കുമെന്നതടക്കമുള്ള വാഗ്ദാനങ്ങൾ ചിരാഗിന്റെ പ്രകടന പത്രികയിലുണ്ട്. 

English Summary : "Nitish Kumar Will Never Be Chief Minister Again," Chirag Paswan Bets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com