ADVERTISEMENT

പട്ന∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു പോരിന് ആവേശമേറുകയാണ്. ഭരണം നിലനിർത്താൻ എൻഡിഎ സകല അടവുകളും പ്രയോഗിക്കുമ്പോൾ ഭരണവിരുദ്ധ വികാരത്തിൽ ജനങ്ങളെ ഇളക്കി മറിക്കുയാണ് മഹാസഖ്യം. മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിൽ വിജയം ആർക്കാകും? എൻഡിഎയുടെ പ്രചരണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുന്നിൽ നിന്നു നയിക്കുമ്പോൾ മഹാസഖ്യത്തിൽ തേജസ്വി യാദവിനു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ശക്തമായ പിന്തുണയുണ്ട്.

ബിഹാറിലെ പോരാട്ടത്തിന്റെ ആവേശം ഉൾക്കൊണ്ടു ആർജെഡിയിലെയും ജനതാദൾ (യു)വിലെയും ദേശീയ നേതൃനിരയിലുള്ള രണ്ടു മലയാളികൾ മത്സരത്തെ വിലയിരുത്തുന്നു. തേജസ്വി ക്യാംപിൽനിന്ന് ആർജെഡി ദേശീയ സെക്രട്ടറി അനു ചാക്കോയും നിതീഷ് ക്യാംപിൽനിന്നു ജെഡിയു ദേശീയ കോ–ഓർഡിനേറ്റർ മുഹമ്മദ് നിസാറും:

അനു ചാക്കോ (ആർജെഡി ദേശീയ സെക്രട്ടറി)

രാഷ്ട്രീയ പിൻഗാമിയായി ഏറ്റവും ഇളയ മകൻ തേജസ്വി യാദവിനെ നിയോഗിച്ച ആർജെഡി അധ്യക്ഷൻ ലാലു യാദവിന്റെ തീരുമാനം ശരിയാണെന്നു തെളിയിക്കുന്നതാണ് ബിഹാർ തിരഞ്ഞെടുപ്പു പ്രചരണത്തിൽ പ്രകടമാകുന്ന തേജസ്വി തരംഗം. മൂത്ത മക്കളായ മിസ ഭാരതിയെയും തേജ് പ്രതാപിനെയും മറികടന്നു തേജസ്വിയെ രംഗത്തിറക്കിയത് രാഷ്ട്രീയ വൈഭവം തിരിച്ചറിഞ്ഞാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വിയെ അംഗീകരിക്കാൻ മടിച്ചു നിന്ന കോൺഗ്രസ് നേതൃത്വം ഇന്നു തേജസ്വിയെ പ്രകീർത്തിക്കുന്നു.

ജംഗിൾ രാജിന്റെ യുവരാജാവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചിട്ടും സംയമനത്തോടെ മറുപടി നൽകിയ തേജസ്വി ഇരുത്തം വന്ന നേതാവെന്നു ജനങ്ങൾ വിലയിരുത്തും. ബിഹാറിൽ അടിച്ചമർത്തപ്പെട്ടു കിടന്ന പിന്നാക്ക ജനവിഭാഗങ്ങൾക്കു ശബ്ദിക്കാൻ കരുത്തു പകർന്ന നേതാവാണു ലാലുജി. ആ ജീവന്മരണ പോരാട്ടങ്ങളുടെ പ്രതിധ്വനി ലാലുജിയുടെ ഓരോ വാക്കിലുമുണ്ടാകും. ലാലുജിയിൽ നിന്നു രാഷ്ട്രീയം കണ്ടു പഠിച്ച തേജസ്വി ബിഹാറിനെ പുതുയുഗത്തിലേക്കു നയിക്കേണ്ട നേതാവാണ്. ലാലുജിയെ പോലെ ജനങ്ങളുമായി ഇഴുകിച്ചേർന്നാണു തേജസ്വിയുടെയും പ്രവർത്തനം.

സാമൂഹിക നീതി പൊരുതി നേടിയെടുത്ത ബിഹാറിൽ ഇനിയാവശ്യം വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ മേഖലകളിലെ വികസന കുതിപ്പാണ്. ബിഹാറിൽ ഉപമുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ച പരിചയം തേജസ്വിക്കുണ്ട്. പിതാവ് ലാലുവിനെ രാഷ്ട്രീയ ഗുരുവായി കാണുന്ന തേജസ്വി പാർട്ടിയിലെ മുതിർന്ന നേതാക്കളുടെയെല്ലാം ഉപദേശങ്ങൾ കൂടി പരിഗണിച്ചാണ് എല്ലാക്കാര്യങ്ങളിലും തീരുമാനമെടുക്കുന്നത്. ഭരണത്തിൽ തലമുറമാറ്റം ആഗ്രഹിക്കുന്ന ബിഹാറിന്റെ പ്രതീക്ഷകൾ നിറവേറ്റാനുള്ള ശേഷി തേജസ്വിക്കുണ്ട്.

മുഹമ്മദ് നിസാർ (ജെഡിയു ദേശീയ കോ–ഓർഡിനേറ്റർ)

ബിഹാറിൽ എൻഡിഎ കടുത്ത വെല്ലുവിളി നേരിടുന്നുണ്ടെന്ന യാഥാർഥ്യം സമ്മതിക്കുന്നു. പക്ഷേ നിതീഷ് കുമാറിനു ഭരണം നിലനിർത്താൻ കഴിയുമെന്നു തന്നെയാണു പാർട്ടിയുടെ വിലയിരുത്തൽ. ബിജെപി വിമതർ എൽജെപി ടിക്കറ്റിൽ ജനതാദൾ (യു) സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്നതാണ് മുന്നണി നേരിടുന്ന വെല്ലുവിളികളിൽ മുഖ്യം. അയോധ്യ, ബാബ്റി മസ്ജിദ് സംബന്ധിച്ച കോടതി വിധികൾ ജെഡിയുവിന്റെ ന്യൂനപക്ഷ പിന്തുണയെ പ്രതികൂലമായി ബാധിക്കുന്ന ഘടകവുമാണ്.

കോവിഡ് സാഹചര്യത്തിൽ കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിവരവിനെ ആദ്യഘട്ടത്തിൽ എതിർത്തുവെന്നതാണ് പ്രതിപക്ഷം ഉന്നയിക്കുന്ന കടുത്ത വിമർശനം. മടങ്ങിയെത്തുന്നവർക്ക് ക്വാറന്റീൻ, ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനുള്ള സാവകാശത്തിനായാണ് അത്തരത്തിലുള്ള നിലപാടെടുത്തത്. അടിസ്ഥാന സൗകര്യങ്ങളെല്ലാമുള്ള ഡൽഹിയിലും മുംബൈയിലും കോവി‍ഡ് സൃഷ്ടിച്ച ഭീതിതമായ അന്തരീക്ഷം കണക്കിലെടുക്കുമ്പോൾ ബിഹാർ സർക്കാർ മുൻകരുതലെടുത്തത് ജനങ്ങളുടെ രക്ഷയ്ക്കു വേണ്ടിയാണ്.

ആർജെഡി നേതാവ് തേജസ്വി യാദവിന്റെ റാലികളിലെ ജനക്കൂട്ടത്തെ ജെഡിയു ഭീഷണിയായി കാണുന്നില്ല. ആർജെഡിയുടെ വോട്ടു ബാങ്കായ യാദവ – മുസ്‌ലിം അണികൾ സ്വതവേ ആവേശപ്രകടനത്തിൽ എക്കാലവും മുന്നിൽ തന്നെയാണ്. ജെഡിയുവിനെ പിന്തുണയ്ക്കുന്ന അതിപിന്നാക്ക വിഭാഗക്കാരും ചില മുന്നാക്ക സമുദായക്കാരും നിശബ്ദ വോട്ടർമാരാണ്. ജെഡിയുവിന്റെ പ്രചരണം എല്ലാക്കാലത്തും ശബ്ദകോലാഹലങ്ങളില്ലാതെയാണ്.

ബിഹാറിൽ പതിനഞ്ചു വർഷം മുൻപത്തെ ജംഗിൾ രാജ് കണ്ടവർക്ക് നിതീഷ് ഭരണത്തിലുണ്ടായ മാറ്റം നന്നായറിയാം. ഒന്നുമില്ലായ്മയിൽ നിന്നാണ് നിതീഷ് സർക്കാർ വൈദ്യുതി, റോഡ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ബിഹാറിനെ ഇന്നു കാണുന്ന സ്ഥിതിയിലെത്തിച്ചത്. പൊലീസിന്റെ കൃത്യനിർവഹണത്തിൽ രാഷ്ട്രീയ ഇടപെടലുകൾ അനുവദിക്കാതെയാണ് ബിഹാറിൽ അന്യമായിരുന്ന ക്രമസമാധാനം സാധ്യമാക്കിയത്. വസ്തുതകൾ മനസിലാക്കാൻ പ്രാപ്തിയുള്ള ബിഹാർ ജനത നിതീഷ് കുമാറിന്റെ തുടർഭരണത്തിനായി വോട്ടു ചെയ്യും.

English Summary: Bihar Election: Two Malayalees in RJD and JDU Respectively

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com