ADVERTISEMENT

മുംബൈ∙ മാനസിക സമ്മർദം കുറയ്ക്കാൻ നടന്‍ സുശാന്ത് സിങ്ങിന് സഹോദരിമാര്‍ നൽകിയ മരുന്നുകൾ മരണത്തിലേക്ക് നയിച്ചിരിക്കാമെന്ന് പൊലീസ്. സഹോദരിമാർ ചെയ്ത കുറ്റകൃത്യങ്ങളെക്കുറിച്ച് റിയ ചക്രവര്‍ത്തി നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും മുംബൈ പൊലീസ് ബോംബെ ഹൈക്കോടതിയില്‍ അറിയിച്ചു. സുശാന്തിന്റെ സഹോദരിമാര്‍ക്കെതിരെ കേസെടുത്തത് ശരിയായ നടപടിയല്ലെന്ന് സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു.

സുശാന്തിന്റെയും സഹോദരിമാരുടെയും സല്‍പേര് കളങ്കപ്പെടുത്താനാണു കേസ് റജിസ്റ്റര്‍ ചെയ്തതെന്ന ആരോപണം മുംബൈ പൊലീസ് തള്ളി. തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ സഹോദരിമാരായ പ്രിയങ്കയും മീട്ടു സിങ്ങും സമര്‍പ്പിച്ച ഹര്‍ജിയുടെ വാദത്തിനിടെയാണ് മുംബൈ പൊലീസ് സത്യവാങ്മൂലം നല്‍കിയത്. സഹോദരിമാര്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോക്ടറുടെ സഹായത്തോടെ സുശാന്തിന് മാനസികപിരിമുറുക്കത്തിനുള്ള മരുന്നുകള്‍ നല്‍കിയിരുന്നുവെന്നും റിയാ ചക്രവര്‍ത്തി വെളിപ്പെടുത്തിയതായി സത്യവാങ്മൂലത്തില്‍ പറയുന്നു.

സുശാന്തിനെ കൃത്യമായി പരിശോധിക്കാതെ നല്‍കിയ മരുന്നുകള്‍ പിന്നീട് അദ്ദേഹത്തിന്റെ ആത്മഹത്യക്കു കാരണമാക്കിയിരിക്കാമെന്നും പൊലീസ് പറയുന്നു. പരാതിക്കാരിയായ റിയ വെളിപ്പെടുത്തിയ ഈ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം അനിവാര്യമായിരുന്നെന്നും അതുകൊണ്ടു തന്നെ കേസെടുക്കേണ്ടത് കൃത്യനിര്‍വഹണത്തിന്റെ ഭാഗമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സുശാന്തിന്റെ പിതാവിന്റെ പരാതിയില്‍ ബിഹാറില്‍ റജിസ്റ്റര്‍ ചെയ്ത കേസാണ് ഇപ്പോള്‍ സിബിഐ അന്വേഷിക്കുന്നത്. സുശാന്തിന്റെ സഹോദരിമാര്‍ക്കെതിരായ കേസ് പിന്‍വലിക്കരുതെന്നു റിയ ചക്രവര്‍ത്തി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 

സുശാന്തും സഹോദരിമാരും തമ്മിലുള്ള ചാറ്റ് അടിസ്ഥാനപ്പെടുത്തിയാണ് റിയയുടെ പരാതി. മൂന്നു മരുന്നുകള്‍ കഴിക്കാന്‍ പ്രിയങ്ക സുശാന്തിനോടു പറഞ്ഞിരുന്നുവെന്നു റിയയുടെ പരാതിയില്‍ പറയുന്നു. വിഷാദരോഗത്തിനും മാനസിക പിരിമുറുക്കത്തിനും കഴിക്കുന്ന മരുന്നുകളായിരുന്നു അവ. സുശാന്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന കുടുംബത്തിന്റെ വാദത്തിനു വിരുദ്ധമാണ് ഈ ചാറ്റുകളെന്നും റിയ പറഞ്ഞിരുന്നു. അതേസമയം റിയയുടെ വാദങ്ങള്‍ അനുമാനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന് സിബിഐ പറഞ്ഞു. എങ്കിലും ഇതും അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.  ജൂണ്‍ 14-നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

English Summary: Plaint against Sushant's sisters revealed offence:Police to HC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com