ADVERTISEMENT

തിരുവനന്തപുരം∙ പാര്‍ട്ടിക്കു വേണ്ടി ജീവന്‍ ത്യജിച്ച് രക്തസാക്ഷികളായവരെയും അവരുടെ കുടുംബങ്ങളെയും മറന്നുള്ള പ്രവര്‍ത്തനശൈലി നേതാക്കള്‍ക്കു നല്ലതല്ലെന്നു ബിജെപിയുടെ മുതിര്‍ന്ന നേതാവ് പി.പി.മുകുന്ദന്‍. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ കയ്യില്‍ മാന്ത്രിക വടിയില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിനു സമയം നല്‍കണമെന്നും പി.പി. മുകുന്ദന്‍ പറഞ്ഞു.

ബിജെപിക്ക് അനുകൂല സാഹചര്യം, പാഴാക്കരുത്

ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണ് കേരളത്തില്‍. ഇപ്പോഴത്തെ അന്തരീക്ഷത്തെ പാര്‍ട്ടിക്ക് അനുകൂലമായി ഉപയോഗിക്കാനുള്ള ചുമതല ബിജെപി പ്രവര്‍ത്തകര്‍ മനസിലാക്കണം. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ അതിനനുസരിച്ചു മാറ്റിയെടുക്കണം. ഇത് അവസരമാണെന്നും നഷ്ടപ്പെടുത്തരുതെന്നും മനസിലാക്കി പ്രവര്‍ത്തിക്കണം. തിരഞ്ഞെടുപ്പിനു മുന്‍പ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയണം.

വോട്ടര്‍മാര്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന പ്രവര്‍ത്തന ശൈലി ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. അങ്ങനെ വന്നാല്‍ രക്തസാക്ഷി കുടുംബങ്ങള്‍ വിഷമത്തോടെയേ നമ്മളെ മനസിലാക്കൂ. ആ അവസരം സൃഷ്ടിക്കരുത്. മുഖ്യമന്ത്രിയുടെ ഓഫിസിനു സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് ആദ്യം പറഞ്ഞത് കെ.സുരേന്ദ്രനാണ്. അത് ശരിയായി. സുരേന്ദ്രന്റെ ടീമില്‍ പുതിയ ആളുകള്‍ വരണം. അതിലേക്കു ആരെ നിശ്ചയിക്കണം എന്ന് നേതൃത്വത്തിനു വിലയിരുത്തലുണ്ട്. 

വീട്ടിലെ പ്രശ്‌നങ്ങള്‍ നാട്ടില്‍ പറയരുത്

ബിജെപിയിലെ പ്രശ്‌നങ്ങള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്തു അടിയന്തരമായി പരിഹരിക്കണം. പരാതിയുള്ളവരുടെ വിഷമതകള്‍ കേള്‍ക്കണം. അതാണ് കേഡര്‍ പാര്‍ട്ടി ചെയ്യേണ്ടത്. അത് നഷ്ടപ്പെടുത്തുന്ന സ്ഥിതിയാണിപ്പോള്‍. വീട്ടിലെ പ്രശ്‌നം പുറത്തു പറയരുത്. അതുപോലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ പറഞ്ഞു തീര്‍ക്കണം. പരാതികള്‍ പാര്‍ട്ടിയില്‍ ചുമതല ഉള്ളവരോട് നേരിട്ടു പറയണം. നേതൃത്വം ഇങ്ങോട്ട് വന്ന് കാണണം, നേതാക്കള്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ല തുടങ്ങിയ പരാതികളാണ് ചിലര്‍ ഉയര്‍ത്തുന്നത്.

കൊറോണക്കാലത്താണ് പുതിയ നേതൃത്വം സ്ഥാനമേറ്റെടുത്തത്. അതിനിടെ സ്വര്‍ണക്കടത്തു കേസ് വന്നു. കൊറോണയായതിനാല്‍ പുതിയ നേതൃത്വത്തിനു യാത്രയ്ക്കു പരിമിതിയുണ്ട്. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുന്നതിന് അവസരം കുറഞ്ഞു. പരാതി ഉയര്‍ത്തുന്നവര്‍ ഇതെല്ലാം മനസിലാക്കണം. പരാതികള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വത്തിനു സാധിക്കും. അതിനു കേന്ദ്ര ഇടപെടല്‍ ആവശ്യമില്ല.

കുമ്മനത്തിനെതിരെയുള്ള ആരോപണം എതിരാളികളും വിശ്വസിക്കില്ല

കുമ്മനം രാജശേഖരന്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന ആരോപണം രാഷ്ട്രീയ പ്രതിയോഗികള്‍പോലും വിശ്വസിക്കില്ല. ആ പ്രശ്‌നം പരിഹരിച്ചു കഴിഞ്ഞു. കേന്ദ്രമന്ത്രി വി.മുരളീധരനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രത്തിന്റെ വിഷയമാണ്. കേന്ദ്രത്തിനു പ്രശ്‌നം പരിഹരിക്കാന്‍ അറിയാം. അത് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ല. കേന്ദ്രത്തിനു വിട്ടുകൊടുക്കുക. അവിടെ കഴിവുള്ളവരാണുള്ളതെന്നും പി.പി.മുകുന്ദന്‍ പറഞ്ഞു.

Content Highlight: Interview with BJP leader PP Mukundan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com