‘അന്തിമജയം ട്രംപിന്’; ആദ്യ ആശംസയുമായി മെലാനിയയുടെ രാജ്യത്തെ പ്രധാനമന്ത്രി
Mail This Article
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിൽ ആണെങ്കിലും വിജയിച്ചെന്ന് അവകാശപ്പെട്ട റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് സ്‍ലൊവേനിയ പ്രധാനമന്ത്രി യാനെസ് യാൻഷ. ട്രംപിനെ അഭിനന്ദിക്കുന്ന ആദ്യ യൂറോപ്യൻ യൂണിയൻ നേതാവാണു യാനെസ്. ട്രംപിന്റെ ഭാര്യയും യുഎസ് പ്രഥമ വനിതയുമായ മെലാനിയ ട്രംപിന്റെ ജന്മനാടാണു സ്‍ലൊവേനിയ.
‘അമേരിക്കൻ ജനത ഡോണൾഡ് ട്രംപിനെയും മൈക്ക് പെൻസിനേയും അടുത്ത നാലു വർഷത്തേക്കു തിരഞ്ഞെടുത്തു എന്നതു വളരെ വ്യക്തമാണ്. മുഖ്യധാരാ മാധ്യമങ്ങളിൽ വിവരങ്ങൾ വരാൻ കാലതാമസമുണ്ട്, വസ്തുതകൾ നിഷേധിക്കുകയും ചെയ്യുന്നു. എങ്കിലും നിലവിലെ പ്രസിഡന്റിന്റെ അന്തിമവിജയം വലുതാണ്. യുഎസിൽ ഉടനീളം ശക്തമായ ഫലങ്ങൾ നേടിയ റിപ്പബ്ലിക്കൻ പാർട്ടിക്ക് അഭിനന്ദനങ്ങൾ’– യാനെസ് ട്വീറ്റ് ചെയ്തു.
ഔദ്യോഗിക ഫലം പുറത്തുവരുംമുൻപേ വിജയം അവകാശപ്പെട്ട പ്രസിഡന്റ് ട്രംപ്, തിരഞ്ഞെടുപ്പില്‍ തട്ടിപ്പു നടന്നിട്ടുണ്ടെന്നും ആരോപിച്ചിരുന്നു. ഫ്ലോറിഡയിലും പെൻസിൽവാനിയയിലും നമ്മൾ ജയിച്ചു. എല്ലായിടത്തും നമ്മളാണ് ജയിച്ചത്. പക്ഷേ ഫലത്തിൽ ക്രമക്കേട് നടക്കുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കും. വോട്ടെണ്ണൽ നിർത്തിവയ്ക്കണം. റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ടു ചെയ്തവരെ അയോഗ്യരാക്കാൻ ശ്രമം നടക്കുന്നു– ട്രംപ് അണികളോട് പറഞ്ഞു.
English Summary: PM Of Slovenia, Melania's Homeland, Congratulates Trump On "Triumph"