ADVERTISEMENT

ന്യൂഡൽഹി ∙ ലോകത്തു കോവിഡ് ബാധിതരുടെ എണ്ണത്തിൽ യുഎസ് കഴിഞ്ഞാൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ലോകത്തെ മൊത്തം കോവിഡ് കേസുകളിൽ ആറിലൊന്നും ഇന്ത്യയിലാണ്. എന്നിട്ടും മരണനിരക്ക് ഇവിടെ ഏറ്റവും താഴ്ന്ന നിരക്കിലാണ്; 2 ശതമാനത്തിൽ താഴെ. രോഗികളുടെ എണ്ണത്തിൽ കുതിപ്പുണ്ടായിട്ടും ഇന്ത്യയിൽ മരണനിരക്ക് കുറയാൻ കാരണമെന്തായിരിക്കും? ഇന്ത്യൻ ഗവേഷകരുടെ പഠനത്തിൽ കൗതുകകരമായ കണ്ടെത്തലാണുള്ളത്.

ശുചിത്വക്കുറവാണ് ഇന്ത്യക്കാരെ കോവിഡ് മരണത്തിൽനിന്നു പ്രതിരോധിച്ചതെന്നാണ് ഒരു സംഘം ഗവേഷകരുടെ കണ്ടെത്തലെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വൃത്തിയില്ലായ്മ, ശുദ്ധമല്ലാത്ത കുടിവെള്ളം, മറ്റ് അനാരോഗ്യ സാഹചര്യം എന്നിവയാണത്രെ ഇന്ത്യക്കാരിൽ കൊറോണ വൈറസ് മാരകമാകാതിരിക്കുന്നതിനു കാരണം. വരുമാനം കുറവുള്ള, വികസ്വര രാജ്യങ്ങളിൽ താമസിക്കുന്ന ആളുകൾക്ക്, ജന്മനാതന്നെ അണുക്കൾക്കെതിരെ പ്രതിരോധശേഷി രൂപപ്പെടുമെന്നും കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.

പുണെ നാഷനൽ സെന്റർ ഫോർ സെൽ സയൻസസ്, ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണു പഠനം നടത്തിയത്. 106 രാജ്യങ്ങളിലെ ലഭ്യമായ പൊതുഡേറ്റ ഗവേഷകർ പരിശോധിച്ചു. ജനസാന്ദ്രത, ജനസംഖ്യാശാസ്‌ത്രം, ശുചിത്വ നിലവാരം എന്നിവ ഉൾപ്പെടെ 24 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണു ഡേറ്റ താരതമ്യം ചെയ്തത്. ഉയർന്ന വരുമാനമുള്ള വികസിത രാജ്യങ്ങളിൽ മരണനിരക്ക് കൂടുതലാണെന്നും കണ്ടെത്തി. 

ഉയർന്ന വരുമാനവും ജിഡിപിയും ഉള്ള രാജ്യങ്ങളിൽ ഇവ രണ്ടും കുറഞ്ഞ രാഷ്ട്രങ്ങളിലേക്കാൾ കോവിഡ് മരണം കൂടുതലാണെന്നതു വൈരുധ്യമാണെന്നു ഗവേഷകർ പറയുന്നു. ഏതെങ്കിലും രോഗങ്ങൾ തടയുന്നതിനായി വൃത്തിഹീന സാഹചര്യം വേണമെന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഗവേഷകർ വ്യക്തമാക്കി. ലോകത്ത് ഏറ്റവും കൂടുതൽ ചെറുപ്പക്കാരുള്ള രാജ്യമായതിനാലാണ് ഇന്ത്യയിൽ മരണനിരക്ക് കുറഞ്ഞതെന്നാണു ചില വിദഗ്ധരുടെ അഭിപ്രായം.

English Summary: Study finds poor hygiene standards have made Indians more immune to COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com