ആരാണ് ഈ വിദ്വേഷ പ്രചാരണം നടത്തുന്നത്? യോഗിക്കെതിരെ ആഞ്ഞടിച്ച് നിതീഷ്
Mail This Article
പട്ന ∙ യുപി മുഖ്യമന്ത്രിയും ബിഹാറിലെ ബിജെപിയുടെ താരപ്രചാരകനുമായ യോഗി ആദിത്യനാഥിന്റെ വിദ്വേഷ പരാമർശത്തെ പൊതുവേദിയിൽ ചോദ്യം ചെയ്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഭരണപക്ഷമായ എൻഡിഎ മുന്നണിയിലെ വിള്ളൽ തുറന്നുകാട്ടുന്നതായി നിതീഷ് കുമാറിന്റെ പരാമർശം. നുഴഞ്ഞു കയറ്റക്കാരെ പുറത്തെറിയുമെന്ന യോഗിയുടെ പ്രസ്താവനയ്ക്കെതിരെ യോഗി ആദിത്യനാഥിന്റെ പേര് എടുത്തു പറയാതെയായിരുന്നു നിതീഷ് വാക്കുകൾ കടുപ്പിച്ചത്.
‘ആരാണ് ഈ വിദ്വേഷ പ്രചാരണം നടത്തുന്നത്? ആരാണ് ഇത്രയും അസംബന്ധങ്ങൾ പടച്ചു വിടുന്നത്. ആരാണ് ജനങ്ങളെ അവരുടെ മണ്ണിൽനിന്ന് പുറത്താക്കാൻ പോകുന്നത്. ആരും ആരെയും പുറത്താക്കാൻ പോകുന്നില്ല. അപ്രകാരം ചെയ്യാൻ ആരും ധൈര്യപ്പെടില്ല. നമ്മൾ എല്ലാവരും ഇന്ത്യക്കാരാണ്’–. തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ നിതീഷ് തുറന്നടിച്ചു.
‘രാജ്യത്തിന്റെ ഐക്യത്തിനായി നിലകൊള്ളുകയെന്നതു നാം ഓരോരുത്തരുടെയും കടമയാണ്. എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകാനാണ് ഞങ്ങൾ ശ്രമിക്കുന്നതും. ഐക്യത്തിലൂടെയും സാഹോദര്യത്തിലൂടെയും മാത്രമേ പുരോഗതിയിലേക്ക് ഉയരാൻ സാധിക്കൂ. ഭിന്നിപ്പിക്കുക മാത്രമാണ് ഇത്തരം വിദ്വേഷ പ്രചാരകരുടെ ലക്ഷ്യം, അവർക്കു വേറേ ജോലിയൊന്നുമില്ല’– നിതീഷ് കുമാർ കുറ്റപ്പെടുത്തി.
എല്ലാവരെയും ഒപ്പം ചേർക്കുന്നതാണ് രാജ്യത്തിന്റെ സംസ്കാരവും കടമയുമെന്നും അപ്പോൾ മാത്രമേ യഥാർഥത്തിൽ ബിഹാർ പുരോഗതിയിലേക്ക് ഉയരുകയുള്ളുവെന്നും നിതീഷ് ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.
കതിഹാറിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് യോഗി ആദിത്യനാഥ് വിവാദ പരാമർശം നടത്തിയത്. ‘നുഴഞ്ഞു കയറ്റക്കാരുടെ പ്രശ്നത്തിനു മോദിജി ഒരു പരിഹാരം കണ്ടെത്തി. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ മതപരമായ അക്രമവും വിവേചനവും നേരിടുന്ന ന്യൂനപക്ഷങ്ങളുടെ സുരക്ഷ മോദിജി ഉറപ്പു വരുത്തി. അതുപോലെ തന്നെ രാജ്യ സുരക്ഷയെ ചോദ്യം ചെയ്യുന്ന ഏതു നുഴഞ്ഞുകയറ്റക്കാരനും പുറത്തെറിയപ്പെടുക തന്നെ ചെയ്യും. രാജ്യസുരക്ഷയെയും രാജ്യത്തിന്റെ പരമാധികാരത്തെയും ചോദ്യം ചെയ്യാൻ ഞങ്ങൾ ആരെയും അനുവദിക്കില്ല’– ഇതായിരുന്നു ആദിത്യനാഥിന്റെ വിവാദ പരാമർശം. ഇതിനെതിരെ വൻ രോഷമാണ് സമൂഹ മാധ്യമങ്ങളിടലടക്കം ഉയർന്നത്.
English Summary: Nitish Kumar Disses Yogi Adityanath's CAA Comment