ADVERTISEMENT

പട്‌ന ∙ കോവിഡ് പോരാട്ടത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തള്ളി ബിജെപി. രാജ്യത്തെ രക്ഷിക്കാന്‍ ട്രംപിനു ചെയ്യാന്‍ കഴിയാതിരുന്ന കാര്യമാണ് ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് അടിപതറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ട്രംപിനെ വിമര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ രംഗത്തെത്തിയത്. ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

'യുഎസ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നതാണ് ട്രംപ് നേരിടുന്ന പ്രധാന ആരോപണം. എന്നാല്‍ 130 കോടി ജനസംഖ്യയുള്ള ഇന്ത്യയെ പ്രധാനമന്ത്രി മോദി കൃത്യസമയത്തുള്ള തീരുമാനങ്ങള്‍ വഴി രക്ഷിച്ചു'- നഡ്ഡ പറഞ്ഞു. കോവിഡിനെ തുടര്‍ന്നു മടങ്ങിയെത്തിയ അതിഥി തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യം ഒരുക്കുന്നതില്‍ ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന ശക്തമായ ആരോപണം ഉയരുന്നതിനിടെയാണ് നഡ്ഡയുടെ വിശദീകരണം. 

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ അമേരിക്കയിലേതിനേക്കാള്‍ 11 ലക്ഷം രോഗികളുടെ കുറവാണുള്ളത്. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാരിനു വീഴ്ച സംഭവിച്ചുവെന്ന ശക്തമായ ആരോപണമാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ ഉന്നയിക്കുന്നത്. എന്നാല്‍ മാര്‍ച്ചില്‍ തന്നെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു വഴി 78,000 മരണങ്ങള്‍ തടയാന്‍ കഴിഞ്ഞെന്ന മറുവാദമാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നിക്കുന്നത്. വികസിത രാജ്യങ്ങളെ അപേക്ഷിച്ചു മരണനിരക്ക് ഇന്ത്യയില്‍ കുറവാണെന്നതും നേട്ടമായാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

English Summary: Trump Couldn't Handle Covid Properly, PM Modi Saved India: BJP Chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com