ADVERTISEMENT

കൊച്ചി∙ ‘‘അമ്മയെ ഒന്നു കണ്ടു വരൂ, എന്തെങ്കിലും വഴി കാണിച്ചു തരാതിരിക്കില്ല’’ – സാമ്പത്തിക നഷ്ടത്തിൽ ജീവിതപ്രതീക്ഷ നഷ്ടമായ ഗണശ്രാവണിനോട് ചോറ്റാനിക്കര ദേവിയെ ഒന്നു കണ്ടുവരാൻ പറഞ്ഞത് ഒരു ഗുരുവാണ്. എങ്കിൽ അങ്ങനെയെന്നു തീരുമാനിച്ചാണ് ആദ്യമായി ബെംഗളൂരുവിൽ നിന്ന് ഗണശ്രാവൺ (46) കൊച്ചിയിലേയ്ക്ക് പുറപ്പെട്ടത്. ചോറ്റാനിക്കരയിലെത്തി ആദ്യ ദേവീദർശനത്തിൽ തന്നെ ജീവിതത്തിന്റെ പ്രകാശം മുന്നിൽ തെളിഞ്ഞു. പിന്നെ എല്ലാ പൗർണമിയിലും അമ്മയെ തേടിയെത്തി. ആ അനുഗ്രഹത്തിൽ ജീവിതം കരകയറിയതിന്റെ സന്തോഷത്തിലാണ് ക്ഷേത്ര പുനരുദ്ധാരണത്തിനായി 300 കോടി നൽകാൻ തീരുമാനിക്കുന്നത്. പിന്നീട് ക്ഷേത്രത്തിനു നൽകാമെന്നറിയിച്ച തുക അഞ്ഞൂറു കോടിയിലേറെയാക്കി (526 കോടി രൂപ) ഉയർത്താൻ തീരുമാനിച്ചു. ബെംഗളൂരുവിലെ സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറാണ് ഇദ്ദേഹം.

ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണമെന്നാൽ ആ നാടിന്റെ കൂടി ഉയർച്ചയാണ്. അതുകൊണ്ടു തന്നെ അവിടേയ്ക്കുള്ള വഴിയും പരിസര പ്രദേശവും ഉയർത്തപ്പെടേണ്ടതുണ്ട് എന്ന് നിർദേശിച്ചത് എട്ടു വർഷമായി ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനത്തിൽ പങ്കാളിയാകുന്ന ആർക്കിടെക്ട് ബി.ആർ. അജിത്താണ്. കൊടുക്കാൻ ഉദ്ദേശിച്ച 300 കോടിക്കൊപ്പം ഒരു 200 കോടി കൂടെ ചെലവഴിച്ചാൽ ചോറ്റാനിക്കര ക്ഷേത്രനഗരം പദ്ധതി കൂടി നടപ്പാക്കാമെന്നായിരുന്നു നിർദേശം. ജാതിമത വ്യത്യാസമില്ലാതെ അതിന്റെ നേട്ടം നാടിനു ലഭിക്കുകയും ചെയ്യുമെന്ന് അഭിപ്രായപ്പെട്ടത് ഗണശ്രാവൺ കേട്ടയുടനെ അംഗീകരിച്ചതായി അജിത് മനോരമ ഓൺലൈനോടു പറഞ്ഞു. അങ്ങനെയാണ് ക്ഷേത്രനഗരം പദ്ധതിക്കായി 526 കോടി രൂപ ചെലവഴിക്കാൻ ഗണശ്രാവൺ തീരുമാനിച്ചത്. അമ്മയുടെ സന്നിധിയിലേയ്ക്ക് ലോകത്ത് എല്ലായിടത്തു നിന്നും ആളുകളെത്തി അനുഗ്രഹം പ്രാപിക്കണമെന്നാണ് ഈ ഭക്തന്റെ ആഗ്രഹം.

സാമ്പത്തികമായി അത്ര ഉയർന്ന നിലയിലുള്ള കുടുംബമായിരുന്നില്ല ഗണശ്രാവണിന്റേത്. പൂജയും പ്രാർഥനകളും തന്നെയായിരുന്നു ജീവിതം. ഇതിനിടെ സംഗീതത്തെ പ്രണയിച്ച് പഠനം പാതിവഴിക്കു മുടങ്ങി. മകനെ മെക്കാനിക്കൽ എൻജിനീയറാക്കാനായിരുന്നു പിതാവിന്റെ ആഗ്രഹം. അത് സാധിച്ചില്ലെന്നു മാത്രമല്ല, പാതിവഴിയിൽ പഠനവും നിർത്തി സംഗീതവഴി തേടി. ജീവിതം കരകയറുന്നില്ലെന്നു വന്നതോടെ സ്വർണ, വജ്ര ബിസിനസിലേയ്ക്ക് കടക്കാൻ ലഭിച്ച അവസരത്തിനായി ഒരുങ്ങി. വിദേശ കയറ്റുമതിയാണ് പ്രധാന ബിസിനസ്. ഇത് 2016 ലായിരുന്നു. പക്ഷെ കാര്യങ്ങൾ വിചാരിച്ച രീതിയിൽ മുന്നോട്ടു പോയില്ല. ഭീമമായ സാമ്പത്തിക തകർച്ചയിലുമായി.

മരണം മാത്രമാണ് ഇനി മുന്നിലെന്ന് തീരുമാനിച്ച് വിഷമിച്ചു നടക്കുമ്പോഴാണ് തന്റെ ഗുരുവിനോട് കാര്യങ്ങൾ തുറന്നു പറയുന്നത്. അദ്ദേഹമാണ് ചോറ്റാനിക്കരയിൽ പോയി അമ്മയെ തൊഴുത് ഒന്നു പ്രാർഥിച്ചു വരൂ എന്ന് ഉപദേശിച്ചത്. അത് ജീവിതത്തിൽ വഴിത്തിരിവായെന്നു മാത്രമല്ല, ഉയർച്ചയുടെ പടവുകൾ മുന്നിൽ തെളിഞ്ഞു വന്നു. ബിസിനസ് കോടികളിൽ നിന്നു ശതകോടികളിലേയ്ക്കും അതിനു മുകളിലേയ്ക്കും ഉയർന്നു. ഇപ്പോൾ ഇന്ത്യയിലെ ഒരു മുൻനിര വജ്രാഭരണ കയറ്റുമതി കമ്പനി ഉടമയാണ് ഗണശ്രാവൺ.

ഒരു വർഷത്തോളമായി ക്ഷേത്ര വികസന പദ്ധതി ദേവസ്വം അധികൃതർക്കു മുന്നിൽ ഗണശ്രാവൺ അവതരിപ്പിച്ചിട്ട്. എല്ലാ മാസവും പൗർണമി നാളിൽ  ദർശനത്തിനെത്തുന്ന ഗണ ശ്രാവൺ കഴിഞ്ഞ വർഷത്തെ നവരാത്രി ഉത്സവവേളയിലാണു ക്ഷേത്ര പുനരുദ്ധാരണത്തിനു തുക നൽകാൻ സന്നദ്ധതയുമായി ക്ഷേത്ര ഭാരവാഹികളെ സമീപിച്ചത്. ക്ഷേത്ര ഭാരവാഹികൾ കൊച്ചിൻ ദേവസ്വം ബോർഡിനെ വിവരം അറിയിച്ചു. ‌ചോറ്റാനിക്കരയുടെ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്ന തരത്തിലു​ള്ള പദ്ധതിക്കു സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചു. ഹൈക്കോടതിയുടെ അനുമതി കൂടി വാങ്ങിയ ശേഷം നിർമാണം തുടങ്ങാനാണു ബോർഡ് തീരുമാനം. 5 വർഷം കൊണ്ട് 2 ഘട്ടമായി പുനരുദ്ധാരണം പൂർത്തിയാക്കും. 18 പ്രോജക്ടായി തിരിച്ചാണു നിർമാണം നടത്തുക. ഒന്നാം ഘട്ടത്തിൽ ശിൽപചാരുതയോടെ 2 ഗോപുരങ്ങളുടെ നിർമാണം ഉൾപ്പെടെ 8 പദ്ധതികൾക്കായി 250 കോടിയുടെയും രണ്ടാം ഘട്ടത്തിൽ 10 പദ്ധതികൾക്കായി 276 കോടിയുടെയും എസ്റ്റിമേറ്റാണു തയാറാക്കിയത്.

ഘട്ടങ്ങളായി പണം അക്കൗണ്ടിലേയ്ക്ക് കൈമാറിക്കൊണ്ടായിരിക്കും നിർമാണ പ്രവർത്തനങ്ങൾ നടത്തുക. കമ്പനി നേരിട്ട് നിർമാണം നടത്തി ക്ഷേത്ര സമിതിക്ക് കൈമാറുന്നതിനാണ് തീരുമാനമെന്ന് ആർകിടെക്ട് ബി.ആർ. അജിത് പറഞ്ഞു. ഒരു വർഷമായി പദ്ധതിയുടെ ചർച്ച പുരോഗമിക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വരുന്നത്. പിതാവ് രോഗക്കിടക്കയിൽ ആയതിനാൽ അതിന്റെ തിരക്കിലാണ്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനു സാധിക്കില്ലെന്ന നിലപാടിലാണ് ഗണശ്രാവൺ.

കൊച്ചിൻ ദേവസ്വത്തിന്റെ കീഴിലുള്ള ഏറ്റവും വരുമാനമുള്ള ക്ഷേത്രമാണ് ചോറ്റാനിക്കര ഭഗവതീക്ഷേത്രം. ഇപ്പോൾ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ഭക്തർ ഇവിടെ എത്തുന്നുണ്ട്. ആദ്യഘട്ടത്തിൽ ഗോപുര നിർമാണം, പൂരപ്പറമ്പ് ടൈൽ വിരിക്കൽ, സോളർ പാനൽ സ്ഥാപിക്കൽ, കല്യാണ മണ്ഡപം, സദ്യാലയം, അന്നദാന മണ്ഡപം, വിഐപി ഗെസ്റ്റ് ഹൗസ് എന്നിവയുടെ നിർമാണം, നവരാത്രി മണ്ഡപം ശീതീകരണം, ഗെസ്റ്റ് ഹൗസ് നവീകരണം എന്നിങ്ങനെ എട്ടു പ്രോജക്ടുകളാണു നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ്, വയോജനസദനം, റിങ് റോഡ് നിർമാണം, ടെംപിൾ സിറ്റി നവീകരണം, കന്റിൻ തുടങ്ങി 10 പദ്ധതികളും പൂർത്തിയാക്കും.ചെലവ് അധികമായാൽ അതിനു കൂടി മുതൽ മുടക്കാനും തയാറായാണ് ഭക്തൻ മുന്നോട്ടു വന്നിരിക്കുന്നത്. ബി.ആർ. അജിത്ത് അസോസിയേറ്റ്സാണ് നിർമാണത്തിനുള്ള പ്രൊജക്ട് റിപ്പോർട്ട് സമർപ്പിച്ചത്. സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും ദേവസ്വം ബോർഡിന്റെ പ്രതിനിധികളും ആർക്കിടെക്ടും ഉൾപ്പെടുന്ന സമിതിയുടെ കീഴിൽ ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പദ്ധതി നടപ്പാക്കുന്നതിനാണ് നിലവിലുള്ള തീരുമാനം.

English Summary: Devotee donates rs 526 crore for the renovation of Chottanikkara Devi Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com