ADVERTISEMENT

ന്യൂഡല്‍ഹി∙ അതിര്‍ത്തി സംഘര്‍ഷങ്ങളും യാതൊരു പ്രകോപനമൊന്നുമില്ലാത്ത സൈനിക നീക്കങ്ങളും അവസാനിച്ചില്ലെങ്കില്‍ ചൈനയുമായി ‘വലിയ സംഘട്ടനം’ തള്ളിക്കളയാനാവില്ലെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്. ചൈനയും പാക്കിസ്ഥാനും രഹസ്യധാരണയോടെ പ്രവര്‍ത്തിക്കുന്നത് മേഖലയില്‍ അസ്ഥിരതയ്ക്കും സംഘര്‍ഷത്തിനും കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കാനായി ഇരുരാജ്യങ്ങളും തമ്മില്‍ സൈനികതലത്തില്‍ എട്ടാംവട്ട ചര്‍ച്ചയ്ക്ക് മുന്നോടിയായിട്ടായിരുന്നു ബിപിന്‍ റാവത്തിന്റെ പ്രതികരണം. 

ചൈനയുമായി പൂര്‍ണതോതിലുള്ള യുദ്ധമുണ്ടാകില്ലെങ്കിലും വലിയ സംഘര്‍ഷത്തിലേക്ക് എത്തിച്ചേരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. കഴിഞ്ഞ മേയ് തൊട്ട് ലഡാക്കില്‍ തുടരുന്ന സംഘര്‍ഷാവസ്ഥ കൈവിട്ടുപോയേക്കാമെന്ന് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഒരാള്‍ ഇത്ര ഗുരുതരമായി നേരിട്ടു പ്രതികരണം നടത്തുന്നത് ഇതാദ്യമായാണ്. 

ചൈനയുടെ സ്വേച്ഛാധിപത്യപരവും ഏകപക്ഷീയവുമായ നടപടികള്‍ കൊണ്ട് യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ലഡാക്കില്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി നടത്തിയ അതിസാഹസത്തിന് ഇന്ത്യന്‍ ഭാഗത്തുനിന്ന് അപ്രതീക്ഷിത തിരിച്ചടിയാണു ലഭിച്ചത്. നിയന്ത്രണ രേഖയില്‍ യാതൊരു മാറ്റവും ഇന്ത്യ അനുവദിക്കില്ലെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

കോവിഡിനെ തുടര്‍ന്ന് ഉണ്ടായ സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് രാജ്യത്തിനുള്ളില്‍ പ്രതിസന്ധിയിലായ ചൈന വിദേശത്ത് വമ്പ് കാണിക്കാന്‍ ശ്രമിക്കുകയാണ്. ദക്ഷിണ ചൈനാ കടല്‍, കിഴക്കന്‍ ചൈനാ കടല്‍, തായ്‌വാന്‍ കടലിടുക്ക് എന്നിവിടങ്ങളിലെ ചൈനയുടെ പെരുമാറ്റം ഇതിന് ഉദാഹരണമാണ്. ദുര്‍ബലരായ രാജ്യങ്ങളുടെ ചൂഷണം ചെയ്യുകയെന്ന നയമാവും ചൈന ഭാവിയില്‍ സ്വീകരിക്കുക. പാശ്ചാത്യ ശക്തികളുമായി വലിയ സംഘര്‍ഷത്തിലേക്കാണു കാര്യങ്ങള്‍ പോകുന്നതെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

English Summary: "Larger Conflict Can't Be Discounted," General Bipin Rawat Warns On China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com